12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

പ്രധാനാധ്യാപികയുടെ അടിയേറ്റുവീണ പതിമൂന്നുകാരന്‍ അബോധാവസ്ഥയില്‍

തിരുവനന്തപുരം: പ്രധാനാധ്യാപികയുടെ അടിയേറ്റുവീണ എട്ടാംക്ളാസുകാരന്‍ അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍. വെള്ളറട ചെമ്പൂരിന് സമീപം മഞ്ചങ്കോട് റോഡരികത്ത് പുത്തന്‍വീട്ടില്‍ അഭിലാഷ് (13) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ജൂലൈ 19നാണ് അഭിലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെമ്പൂര് എല്‍.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിയായ അഭിലാഷ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെ പെണ്‍കുട്ടികളെ കളിയാക്കിയെന്നാരോപിച്ച് പ്രധാനാധ്യാപിക അടിച്ചു. അടിയേറ്റ് വീണ അഭിലാഷിന്‍െറ തലക്ക് വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റു. അബോധാവസ്ഥയിലായ കുട്ടിയെ പ്രധാനാധ്യാപികയും സംഘവും ആദ്യം ചെമ്പൂര് സര്‍ക്കാര്‍ ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അപസ്മാര രോഗബാധയുണ്ടായി ക്ളാസില്‍ ബോധംകെട്ടുവീണതാണെന്നാണ് സ്കൂള്‍ അധികൃതര്‍ ആശുപത്രികളില്‍ പറഞ്ഞത്. ഈ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ട് ആശുപത്രികളില്‍നിന്നും അഭിലാഷിന് അപസ്മാരരോഗ ശമനത്തിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയതായി പറയുന്നു. വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നില ഗുരുതരമായതോടെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്നാണ് തലക്ക് ക്ഷതമേറ്റതായും രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്.
തുടര്‍ന്ന് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തിലെ ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഒരുതവണ ബോധം വീണപ്പോഴാണ് അധ്യാപിക മര്‍ദിച്ച വിവരം ഡോക്ടറോട് പറഞ്ഞത്. കുട്ടിക്കാലത്തേ പിതാവ് ഉപേക്ഷിച്ചുപോയ അഭിലാഷിനെ വികലാംഗയായ മാതാവ് ലീല കൂലിവേലയെടുത്താണ് വളര്‍ത്തുന്നത്. ലോഡിങ് തൊഴിലാളിയായ അമ്മാവന്‍ രാജുവാണ് ആശ്രയം. അഭിലാഷിന്‍െറ അമ്മാവന്‍ ആര്യങ്കോട് പൊലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. ഇതിനിടെ സംഭവം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
അഭിലാഷ് അപസ്മാര രോഗിയല്ലെന്നും ജനനം മുതല്‍ ഇതുവരെ ഇയാള്‍ക്ക് ഈ രോഗം വന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാജുവിന്‍െറ വീട്ടില്‍ അതിക്രമിച്ച് കടന്ന ഗുണ്ട ഇയാളുടെ ഭാര്യയെ മര്‍ദിക്കുകയും മാതാവിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതില്‍ ദുരൂഹത തുടരുകയാണ്.
അഭിലാഷിനെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ മാതാവും അമ്മാവനും നിസ്സഹായരാവുകയാണ്. ചെമ്പൂര് പ്രദേശങ്ങളില്‍ ഇയാള്‍ക്ക് സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അതേസമയം ആശുപത്രിയില്‍ അഭിലാഷിനെ തിരിഞ്ഞുനോക്കാതെ സ്കൂള്‍ അധികൃതര്‍ കേസ് അട്ടിമറിക്കാനും സംഭവം വളച്ചൊടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com