12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വെയിലൂരില്‍ മാലിന്യം തള്ളാന്‍ തീരുമാനം; പ്രതിഷേധം ശക്തം

ആറ്റിങ്ങല്‍: വെയിലൂര്‍ ഗവ.എച്ച്.എസിന് സമീപത്ത് നഗര മാലിന്യം തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം; പ്രതിഷേധം വ്യാപകമാകുന്നു. വെയിലൂര്‍ ഗവ.എച്ച്.എസിന് സമീപത്ത് പതിനഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ ഭൂമി വര്‍ഷങ്ങളായി കളിമണ്‍ ഖനനം നടത്തി ഗര്‍ത്ത ങ്ങളായി മാറിയിട്ടുണ്ട്. ഇവിടെ തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള മാലിന്യം നിക്ഷേപിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാന ശുചിത്വമിഷനാണ് ഇതിനായി പദ്ധതി തയാറാക്കിയത്. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നാട്ടുകാരെ അനുനയിപ്പിക്കാനുമായി 31ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് ബന്ധപ്പെട്ട മേഖലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്കൂള്‍ അധികൃതരുടെയും യോഗം വിളിച്ചിട്ടുണ്ട്.
വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതറിഞ്ഞപ്പോള്‍ മുതല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. കളിമണ്‍ ഖനനത്തെ തുടര്‍ന്ന് പതിനഞ്ച് ഏക്കര്‍ വസ്തു പൂര്‍ണമായും ഗര്‍ത്തമാണ്. തറ നിരപ്പില്‍നിന്ന് അമ്പത് മുതല്‍ എണ്‍പത് അടിവരെ താഴ്ച്ചയില്‍ ഇവിടെ ഖനനം നടന്നിട്ടുണ്ട്. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് വരെ അപകടഭീഷണിയാകുന്ന തരത്തിലായിരുന്നു കളിമണ്‍ ഖനനം. ശക്തമായ സമര പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാല് വര്‍ഷം മുമ്പാണ് സ്കൂളിനോട് ചേര്‍ന്നുള്ള ഖനനം അവസാനിപ്പിച്ചത്. നിശ്ചിത അകലത്തില്‍ ഇപ്പോഴും കളിമണ്‍ ഖനനം നടക്കുന്നുണ്ട്. തലസ്ഥാന നഗരത്തില്‍ കെട്ടിക്കിടക്കുന്നതും ഇനി നിശ്ചിത കാല ത്തേക്ക് ഉണ്ടാകാവുന്നതുമായ മാലിന്യം മുഴുവന്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഗര്‍ത്തമാണ് ഇവിടെയുള്ളത്. മാലിന്യം നിക്ഷേപിച്ചശേഷം മണ്ണിട്ട് മൂടി ഗര്‍ത്തം പൂര്‍ണമായും നികത്താമെന്നതാണ് സര്‍ക്കാര്‍ വാഗ്ദാനം. വര്‍ഷങ്ങളായി ഈ ഗര്‍ ത്തം നികത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ സ്കൂള്‍ അധികൃതര്‍ ഇതിനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ ഭൂമി സ്കൂളിന് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. മാലിന്യം നിക്ഷേപിച്ച് നികത്തുന്ന ഭൂമിയില്‍ നിന്ന് അഞ്ചേക്കര്‍ സ്കൂളിന് നല്‍കാമെന്നും അവിടെ കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലം ഒരുക്കാമെന്നും സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാമെന്നും വാഗ്ദാനമുണ്ട്. പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റിനല്‍കി മാലിന്യനിക്ഷേപത്തിന് വഴി തേടുകയാണ് അധികൃതര്‍.
ഇപ്പോള്‍ തന്നെ കളിമണ്‍ ഖനനത്തെ തുടര്‍ന്ന് മംഗലപുരം അഴൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ഈ ഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിലൂടെ ഈ രണ്ട് പഞ്ചായത്തുകളിലെയും കിണറുകളിലും ഇതര ജലാശയങ്ങളിലെയും ജലം പൂര്‍ണമായും മലിനമാകാനും മാരകരോഗങ്ങള്‍ പടരാനും കാരണമാകും. നിലവില്‍ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന മംഗലപുരം, അഴൂര്‍ പഞ്ചായത്തുകളിലെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കും.
വെയിലൂര്‍ സ്കൂളിന് കിലോമീറ്ററുകള്‍ക്കുള്ളില്‍ മുരുക്കുംപുഴക്ക് സമീപത്ത് ഒരു മാസം മുമ്പ് നഗരമാലിന്യം നിക്ഷേപിക്കാന്‍ കൊണ്ടുവന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനിടെയാണ് പതിഞ്ച് ഏക്കര്‍ ഭൂമിയില്‍ മാലിന്യനിക്ഷേപത്തിന് സര്‍ക്കാര്‍ നിര്‍ദേശം വന്നിരിക്കുന്നത്. ശനിയാഴ്ച്ച വെയിലൂരില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം നാട്ടുകാരുടെയും രാഷ്ട്രീയകക്ഷികളുടെയും ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം മാലിന്യ നിക്ഷേപം തടയാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com