12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ട്രഷറി തട്ടിപ്പ്: പ്രതികള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്ക്

മാവേലിക്കര: മരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആശ്രിതരെന്ന പേരില്‍ സബ്ട്രഷറിയില്‍ വ്യാജരേഖകള്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചവര്‍ കൂടുതല്‍ തട്ടിപ്പില്‍ പങ്കാളിയെന്ന് സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനിടയുണ്ടെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായെന്ന് മാവേലിക്കര സി.ഐ കെ.ആര്‍. ശിവസുതന്‍പിള്ള അറിയിച്ചു. പ്രധാനപ്രതി തൊടുപുഴ കാഞ്ഞാര്‍ കൂവപ്പള്ളി തെക്കേപറമ്പില്‍ ജയിംസ് (42), രണ്ടാംപ്രതി തിരുവനന്തപുരം അട്ടക്കുളങ്ങര ഷമീനാമന്‍സിലില്‍ സഹീര്‍ (27) എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
മാവേലിക്കര സബ്ട്രഷറിയില്‍ വ്യാജരേഖകള്‍ നല്‍കി 93,600 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യ അപഹരിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. മാവേലിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ച പൊലീസ് അപേക്ഷപ്രകാരം ആഗസ്റ്റ് മൂന്നുവരെ കസ്റ്റഡിയില്‍ വിട്ടു.
തിരുവനന്തപുരം സെയില്‍സ്ടാക്സ് ഓഫിസില്‍ യു.ഡി ക്ളര്‍ക്കായിരുന്ന ജയിംസ് രേഖകളില്‍ തിരിമറി നടത്തിയത് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ്. ഇതുസംബന്ധിച്ച് 2009 മുതല്‍ വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് നടക്കുകയാണ്.
രണ്ടാംപ്രതി സഹീര്‍ തിരുവനന്തപുരത്ത് അമ്മാവന്‍െറ മൊബൈല്‍ കടയില്‍ സഹായിയായിരുന്നു. പ്രധാനപ്രതിയുമായി ഇയാള്‍ക്ക് കടയില്‍ വന്ന പരിചയമാണ്. മൊബൈല്‍ റീചാര്‍ജ് ചെയ്ത വകയിലുള്ള പണം മാവേലിക്കരയില്‍ വന്നാല്‍ നല്‍കാമെന്ന വാഗ്ദാനമാണ് ഇയാള്‍ക്കൊപ്പം എത്താന്‍ ഇടയായതെന്ന് പൊലീസ് പറഞ്ഞു.
ഒന്നാംപ്രതി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്ന് പല സ്ഥലങ്ങളിലെ തട്ടിപ്പിന് ഉപയോഗിച്ച പത്ത് സീലുകള്‍ കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര ട്രഷറി തട്ടിപ്പിന് ഉപയോഗിച്ച ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതി സീല്‍ അവിടുന്ന് മോഷണം പോയതാണ്.
വ്യാജ അപേക്ഷകളില്‍ ഒന്ന് നേരിട്ട് ട്രഷറിയിലും രണ്ടാമത്തേത് ജില്ലാ ഇന്‍ഷുറന്‍സ് ഓഫിസില്‍ നിന്നാണെന്ന പേരില്‍ ട്രഷറിയിലേക്കും അയക്കുന്നതാണ് തട്ടിപ്പുരീതി. എടത്വാ ട്രഷറിയില്‍ നിന്ന് ഈ മാസം 14നാണപണം അപഹരിച്ചത്. ഇതുള്‍പ്പെടെ കായംകുളം, ഹരിപ്പാട് ട്രഷറികളില്‍ നിന്നായി രണ്ടരലക്ഷത്തിലധികം രൂപയും അപരിഹരിച്ചിട്ടുണ്ട്.
റിട്ട. ഫെയര്‍കോപ്പി സൂപ്രണ്ട് മാവേലിക്കര പുന്നമൂട് ദൗലത്തുഭവനില്‍ പരേതയായ അമീനാബീവിയുടെ മകന്‍ എം. സബീര്‍ എന്ന പേരിലാണ് മാവേലിക്കരയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com