മട്ടാഞ്ചേരി: ട്രോളിങ് നിരോധം നീങ്ങാന്‍ ഇനി ഒരുനാള്‍ കൂടി ബാക്കി. ബോട്ടുകളുടെയും വലകളുടെയും അവസാന അറ്റകുറ്റപ്പണികളിലാണ് തൊഴിലാളികള്‍.
31ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ ബോട്ടുകള്‍ കടലിലേക്ക് നീങ്ങും. സാധാരണ ഗതിയില്‍ ട്രോളിങ് കഴിഞ്ഞുള്ള നാളുകള്‍ കിളിമീന്‍, അയല, ചാള എന്നിവ സുലഭമായി കിട്ടാറാണ് പതിവ്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് തൊഴിലാളികള്‍ ബോട്ട് ഇറക്കുന്നത്. എന്നാല്‍, ഇക്കുറി കേന്ദ്ര സര്‍ക്കാര്‍ 77 പുതിയ വിദേശ ട്രോളറുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയത് മത്സ്യബന്ധന മേഖലയെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തില്‍ ട്രോളിങ് നിരോധനത്തിന്‍െറ പേരില്‍ മത്സ്യബന്ധനയാനങ്ങളെ ഒന്നടങ്കം മാറ്റിനിര്‍ത്തിയപ്പോള്‍ 20 ഓളം വിദേശ ട്രോളറുകള്‍ നിരോധനം ലംഘിച്ച് കേരള തീരത്ത് മത്സ്യബന്ധനം നടത്തിയതായി സംസ്ഥാന ബോട്ടുടമാ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാവശ്യത്തിന് മീന്‍ ലഭിക്കാത്ത അവസ്ഥയില്‍ അത്യാധുനിക സംവിധാനത്തോടെ കടല്‍ അരിച്ചുപെറുക്കുന്ന വലകളും അനുബന്ധന സാമഗ്രികളുമായി സംസ്ഥാന തീരത്ത് നിന്നും ഈ ട്രോളറുകള്‍ മത്സ്യക്കൊള്ള നടത്തിയിരിക്കുകയാണെന്ന് ബോട്ടുടമകള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രിയെയും അറിയിച്ചെങ്കിലും നടപടികള്‍ ആകാത്തതിനെ തുടര്‍ന്നാണ് പ്രധാന മന്ത്രിക്ക് പരാതി നല്‍കിയതെന്ന് സംസ്ഥാന ബോട്ടുടമ അസോസിയേഷന്‍ പ്രസിഡന്‍റ് ജോസഫ് സേവ്യര്‍ കളപുരക്കല്‍ പറഞ്ഞു.
ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രോളിങ് കഴിഞ്ഞ് ബോട്ടുകള്‍ പുറം കടലിലേക്ക് നീങ്ങുന്നത്. ഒരാഴ്ച മുമ്പ് അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ എത്തിത്തുടങ്ങി.
ട്രോളിങ് നിരോധ കാലം ബോട്ടുകളുടെ അറ്റകുറ്റപ്പണികളുടെ കാലം കൂടിയായതിനാല്‍ മിക്ക ബോട്ടുകളും യാര്‍ഡുകളില്‍ കയറ്റി റിപ്പയറിങുകള്‍ തീര്‍ത്തും പെയിന്‍റിങ് ജോലികള്‍ നടത്തിയും മനോഹരമാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ വലകളുടെ കീറലുകള്‍ തുന്നി തയാറാക്കികഴിഞ്ഞു. ഐസ് ഫാക്ടറികള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പ്രതീക്ഷയോടെ കടലമ്മയുടെ കനിവും തേടി ബോട്ടുകള്‍ കടലിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍