മട്ടാഞ്ചേരി: മത്സ്യബന്ധനം കഴിഞ്ഞ് കെട്ടിയിട്ട ഇന്‍ബോര്‍ഡ് വള്ളം കത്തിനശിച്ചു. പള്ളുരുത്തി സ്നേഹഭവന് സമീപത്തെ കടവില്‍ കെട്ടിയിരുന്ന ‘ലോഗോസ്’ എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് ഭാഗികമായി കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വള്ളം കടവില്‍ കെട്ടിയിട്ടാണ് തൊഴിലാളികള്‍ മടങ്ങിയത്.
വള്ളത്തിലുണ്ടായിരുന്ന സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടുന്ന ശബ്ദം കേട്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സംഭവം കണ്ടത്. ഇവര്‍ ഉടന്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മട്ടാഞ്ചേരി ഫയര്‍ യൂനിറ്റില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീകെടുത്തിയത്.
വള്ളത്തിലുണ്ടായിരുന്ന വലകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന ജി.പി.എസ്, എക്കോസൗണ്ടര്‍, വയര്‍ലെസ് സെറ്റ് എന്നിവയും കത്തിനശിച്ചു. 11 പേര്‍ ചേര്‍ന്ന് മത്സ്യഫെഡില്‍നിന്ന് വായ്പയെടുത്താണ് വള്ളം ഇറക്കിയതെന്ന് തൊഴിലാളികള്‍ പറയുന്നു.
50 തൊഴിലാളികളാണ് വള്ളത്തില്‍ പണിയെടുക്കുന്നത്. 42 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ഫിഷറീസ് സൂപ്രണ്ടിങ് ഓഫിസര്‍ നിഷ സംഭവസ്ഥലം സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍