കാക്കനാട്: വാഹനങ്ങളുടെ സണ്‍ ഫിലിം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലയിലെ 80 ശതമാനം വാഹനങ്ങളും ഇത് ലംഘിക്കുന്നു.
പരിശോധന ആരംഭിച്ചതോടെ വിവിധ ഉടമകള്‍ ഫിലിം നീക്കം ചെയ്തെങ്കിലും ഇപ്പോള്‍ പരിശോധന നിലച്ചതോടെ അതും മുടങ്ങിയിരിക്കുകയാണ്. ന്യായമായ നിരക്കില്‍ സണ്‍ഫിലിം നീക്കം ചെയ്യാന്‍ എറണാകുളം ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കാറുകളിലെ ഫിലിമുകള്‍ നീക്കാന്‍ കാക്കനാട് കലക്ടറേറ്റിന് സമീപം അവസരം ഒരുക്കിയിരുന്നു.
അതിനിടെ ചെറിയ കറുപ്പ് നിറമുള്ളതും ചാരകളറുള്ളതുമായ ഫിലിം നീക്കം ചെയ്യേണ്ടതില്ല എന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കമ്പനികള്‍ കാറുകളില്‍ ഇത്തരം ഫിലിമുകള്‍ ഒട്ടിച്ചുകൊടുക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എ. സൈനുദ്ദീന്‍ പറഞ്ഞു. കോടതികളില്‍ പ്രവര്‍ത്തിക്കുന്ന വലിയ ഉദ്യോഗസ്ഥരെ വരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും ആര്‍.ടി.ഒ ടി.ജെ. തോമസ് പറഞ്ഞു.
അടുത്തദിവസങ്ങളില്‍ പ്രത്യേക സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ സണ്‍ ഫിലിം നീക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍െറ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍