കണ്ണൂര്‍: മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിക്കാത്തതിന് കാരണം ദല്‍ഹിയില്‍ ഇംഗ്ളീഷില്‍ കാര്യങ്ങളവതരിപ്പിക്കാന്‍ കഴിയാത്തതിനാലാണെന്ന് കവി ഡി. വിനയചന്ദ്രന്‍. പ്രകമ്പനം കലാസാഹിത്യവേദി പൊലീസ് ക്ളബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കവിയും കവിതയും’ സാഹിത്യസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില കോക്കസുകളുടെ കൈകളിലാണ് മലയാള ഭാഷയും സാഹിത്യവും. മാധ്യമങ്ങളും ആനുകാലികങ്ങളും അവരെയാണ് ആഘോഷിക്കുന്നത്. ഭാഷയുടെ ക്ളാസിക്കല്‍ പദവിയടക്കമുള്ളവ ഉയര്‍ത്താനുള്ള ശ്രമങ്ങളിലും ഇവരെത്തന്നെയാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇത്തരക്കാരുടെ കഴിവുകേടു കാരണം ഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കാത്ത അവസ്ഥയാണുള്ളത്.
തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളേക്കാള്‍ പാരമ്പര്യം മലയാളത്തിനുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ രാമായണ പരിഭാഷകളുള്ളത് മലയാളത്തിലാണ്. രാഷ്ട്രീയക്കാരുടെ ഉദാസീനത കാരണം ഇതൊന്നും ആരെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. മലയാള കവിതകള്‍ ലോകനിലവാരത്തിലുള്ളവയാണ്. പത്ത് നൊബേല്‍ സമ്മാനങ്ങള്‍ നേടാന്‍ മാത്രം ശേഷിയുള്ള കവികള്‍ മലയാളത്തിനുണ്ടെന്നും വിനയചന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് കാളിയത്ത്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എടക്കാട് പ്രേമരാജന്‍, ഡോ. ടി.വി. ബാലകൃഷ്ണന്‍, പുരുഷന്‍ ചെറുകുന്ന്, അമ്മിണി പി. കടമ്പേരി തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍