12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ടി.വി. രാജേഷ് എം.എല്‍.എയെ ചോദ്യംചെയ്തു

ടി.വി. രാജേഷ് എം.എല്‍.എയെ ചോദ്യംചെയ്തു

കണ്ണൂര്‍: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ അരിയിലെ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.എയെ പൊലീസ് ചോദ്യംചെയ്തു. കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫിസില്‍ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍, കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുമാരന്‍, വളപട്ടണം സി.ഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളമാണ് ചോദ്യംചെയ്തത്.
പലരുടെയും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ തന്നെയും ചോദ്യംചെയ്തുവെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും രാജേഷ് എം.എല്‍.എ ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിന്‍െറ ഭാഗമായാണ് തന്നെ വിളിച്ചുവരുത്തിയത്. പ്രോട്ടോക്കോള്‍ ലംഘനമാണോ എന്നതിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
രാവിലെ 11നാണ് എം.എല്‍.എ, സി.ഐ ഓഫിസില്‍ എത്തിയത്. 11.10 മുതല്‍ തുടങ്ങിയ ചോദ്യംചെയ്യല്‍ 1.55 വരെ നീണ്ടു. നേരത്തേ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. മൊഴികള്‍ റെക്കോഡ് ചെയ്തു. മൂന്നുമണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനു വിധേയനായിട്ടും ഊര്‍ജസ്വലനായാണ് എം.എല്‍.എ സി.ഐ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയത്. കെ.കെ. നാരായണന്‍ എം.എല്‍.എ, അഡ്വ. ബി.പി. ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ടി.വി. രാജേഷ് സി.ഐ ഓഫിസില്‍ എത്തിയത്.
നേരത്തേ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനാവില്ലെന്ന് ടി.വി. രാജേഷ് പൊലീസിനെ അറിയിച്ചിരുന്നു. ജൂലൈ 25ന് സമ്മേളനം അവസാനിച്ചതിനെതുടര്‍ന്ന് 27ന് ചോദ്യംചെയ്യാന്‍ തീരുമാനിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് 27ന് രാജേഷിന്‍െറ വീട്ടിലെത്തി നോട്ടീസ് നല്‍കി. നേരത്തെ, സി.ഐ ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതില്‍ എം.എല്‍.എ നീരസം പ്രകടിപ്പിച്ചിരുന്നു. നടപടിയില്‍ ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അന്വേഷണസംഘം നേരത്തേ രണ്ടുതവണ കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ ചോദ്യംചെയ്തിരുന്നു.
ഫെബ്രുവരി 20ന് പട്ടുവത്ത് പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനത്തിനുനേരെ അക്രമം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കണ്ണപുരം കീഴറയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com