Mon, 07/30/2012 - 10:23 ( 46 weeks 3 daysago)
സ്പെയിന്‍ ആദ്യറൗണ്ടില്‍ പുറത്ത്
(+)(-) Font Size
സ്പെയിന്‍ ആദ്യറൗണ്ടില്‍ പുറത്ത്

ലണ്ടന്‍: ലോകകപ്പും തുടര്‍ച്ചയായി രണ്ടു തവണ യൂറോകപ്പും സ്വന്തമാക്കിയതിനു പിന്നാലെ ഒളിമ്പിക്സ് ഫുട്ബാള്‍ സ്വര്‍ണവുമെന്ന സ്പെയിനിന്‍െറ സ്വപ്നങ്ങള്‍ ആദ്യ റൗണ്ടില്‍ കരിഞ്ഞുവീണു. ലണ്ടന്‍ ഒളിമ്പിക്സ് പുരുഷവിഭാഗം ഫുട്ബാളിന്‍െറ ഗ്രൂപ് വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാംതോല്‍വിയും വഴങ്ങിയ സ്പെയിനിന്‍െറ യുവനിര പുറത്തായി. ഹോണ്ടുറസിനു മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിനു തോല്‍വി വഴങ്ങിയാണ് സ്പാനിഷ് അര്‍മഡ ചരിത്രനേട്ടം സ്വപ്നം മാത്രമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. യൂറോ 2012 ചാമ്പ്യന്‍ ടീമില്‍ അംഗങ്ങളായ ജോര്‍ഡി ആല്‍ബ, ചെല്‍സിയുടെ യുവാന്‍ മാട്ട എന്നിവര്‍ അണിനിരന്ന സ്പാനിഷ് ടീമിനാണ് ദയനീയ തോല്‍വി.
കളിയുടെ ഏഴാം മിനിറ്റില്‍ ജെറി ബെങ്സ്റ്റനാണ് ഹോണ്ടുറസിന്‍െറ വിജയഗോള്‍ നേടിയത്. മാടയും ആല്‍ബയും ആദ്യഭാഗം മുതല്‍ ഗോളിലേക്ക് നിരവധി സുവര്‍ണാവസരങ്ങള്‍ തീര്‍ത്തെങ്കിലും കളിയുടെ ഗതി എതിരാളികള്‍ രചിച്ച തിരക്കഥക്കനുസരിച്ച് നീങ്ങുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ഏഷ്യന്‍ പവര്‍ഹൗസായ ജപ്പാനു മുന്നില്‍ തോറ്റ സ്പെയിന്‍, സമ്മര്‍ദത്തിലാണ് ഹോണ്ടുറസിനു മുന്നില്‍ ഇറങ്ങിയത്. ജപ്പാന്‍ 1-0നായിരുന്നു ലോക-യൂറോ ചാമ്പ്യന്മാരെ കീഴടക്കിയത്. മെക്സികോയെ 1-0ന് തോല്‍പിച്ച് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ജപ്പാന്‍ ഗ്രൂപ് ചാമ്പ്യന്‍ സ്ഥാനം ഉറപ്പിച്ച് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഹോണ്ടുറസിനെതിരെ പൊരുതിക്കളിച്ച സ്പെയിനിന്‍െറ അണ്ടര്‍ 23 ടീമിന് അച്ചടക്കവും നഷ്ടമാവുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടില്‍. ഡീഗോ മാരിനോ, മാട, ടെല്ലോ എന്നിവരടക്കം ഏഴ് താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
ഗ്രൂപ് എയില്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ്യെ ആഫ്രിക്കന്‍ അട്ടിമറി വീരന്മാരായ സെനഗല്‍ കീഴടക്കി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെനഗല്‍ ഉറുഗ്വായ്യെ തോല്‍പിച്ചത്. പെപ് മൂസ കൊനാട്ടെയുടെ ഇരട്ടഗോള്‍ മികവിലാണ് സെനഗല്‍ ലാറ്റിനമേരിക്കന്‍ കരുത്തരെ കീഴ്പ്പെടുത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഗ്രേറ്റ് ബ്രിട്ടന്‍െറ യു.എ.ഇക്കെതിരെ ഉജ്ജ്വലജയം നേടി ക്വാര്‍ട്ടറിലേക്കുള്ള സാധ്യത ശക്തമാക്കി. 3-1നായിരുന്നു ബ്രിട്ടന്‍െറ ജയം. വെറ്ററന്‍ താരം റ്യാന്‍ ഗിഗ്സ്, സ്കോട് സിന്‍ക്ളെയര്‍, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളുകളിലാണ് ബ്രിട്ടന്‍ ജയംനേടിയത്.
ഇതോടെ രണ്ട് കളിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്‍േറാടെ ബ്രിട്ടന്‍ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഗ്രൂപ് ബിയില്‍ ദക്ഷിണ കൊറിയ 2-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും മെക്സികോ 2-0ന് ഗാബോണിനെയും കീഴടക്കി. ഗ്രൂപ് സിയില്‍നിന്ന് തുടര്‍ച്ചയായ രണ്ടാം ജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ ഇടംനേടി. നെയ്മര്‍, പാറ്റോ, ഒസ്കാര്‍ എന്നിവരുടെ ഗോളില്‍ 3-1ന് ബെലറൂസിനെയാണ് കീഴടക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus