അബൂദബി: യു.എ.ഇയിലെ ഏഴു എമിറേറ്റുകളെയും കോര്‍ത്തിണക്കുന്ന ഇത്തിഹാദ് റെയില്‍വേ ലൈന്‍ നിര്‍മാണം അല്‍ഐനിലേക്കും. പശ്ചിമ മേഖലയിലെ ലിവയില്‍ നിന്നാണ് അല്‍ഐനിലേക്ക് റെയില്‍പാത നിര്‍മിക്കുന്നത്. 190 കിലോമീറ്ററാണ് നീളം. ഇതിനുപുറമെ പശ്ചിമ മേഖലയിലെ റുവൈസില്‍നിന്ന് യു.എ.ഇ-സൗദി അതിര്‍ത്തി കവാടമായ അല്‍ഗുവൈഫയിലേക്ക് 137 കിലോമീറ്റര്‍ പാതയും നിര്‍മിക്കും.
ഇത്തിഹാദ് റെയില്‍വേയുടെ രണ്ടാം ഘട്ടമായാണ് ലിവ ജങ്ഷന്‍-അല്‍ഐന്‍, റുവൈസ്-അല്‍ഗുവൈഫ പാതകള്‍ നിര്‍മിക്കുന്നത്. ഇതുള്‍പ്പെടെ മൂന്നു ടെന്‍ഡറുകളാണ് ക്ഷണിച്ചത്. രണ്ടാം ഘട്ടത്തിലെ വിവിധ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനാണ് മൂന്നാമത്തെ ടെന്‍ഡര്‍. സിഗ്നലുകളുടെ നിര്‍മാണം, വിവര വിനിമയ സംവിധാനം തുടങ്ങിയവ ഇതില്‍പ്പെടുന്നു. നേരത്തെ പ്രാഥമിക യോഗ്യത നേടിയ കമ്പനികള്‍ക്കാണ് ഈ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.
ഇത്തിഹാദ് റെയില്‍വേയുടെ രണ്ടാം ഘട്ടം വളരെ പ്രധാനമാണ്. പ്രമുഖ വ്യവസായ മേഖലകളെയും നഗര പ്രദേശങ്ങളെയും കോര്‍ത്തിണക്കിയാണ് ഈ പാത കടന്നുപോകുക. ഇതിന്‍െറ ഒരു ഭാഗം അല്‍ഐനിലൂടെ ഒമാനിലേക്കും മറ്റേ ഭാഗം അല്‍ഗുവൈഫയിലൂടെ സൗദി അറേബ്യയിലേക്കും ബന്ധിപ്പിക്കും. ഇത് ജി.സി.സി റെയില്‍വേ നിര്‍മാണത്തിലെ സുപ്രധാന നടപടിയാണ്. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2013 ആദ്യത്തോടെ ആരംഭിക്കും.
ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാദ്യത്തോടെ ആരംഭിച്ചിരുന്നു. പശ്ചിമ മേഖലയിലെ മിര്‍ഫയിലാണ് നിര്‍മാണം തുടങ്ങിയത്. 266 കിലോമീറ്ററുള്ള ഒന്നാംഘട്ട റെയില്‍വേ ലൈന്‍ ഷാ, ഹബ്ഷാന്‍ വാതക ഫീല്‍ഡുകളെ റുവൈസ് തുറമുഖവുമായി ബന്ധിപ്പിക്കും. രണ്ടിടത്തുനിന്നും റെയില്‍ മാര്‍ഗം ഗ്രാന്യുലേറ്റഡ് സള്‍ഫര്‍ റുവൈസ് തുറമുഖത്ത് എത്തിക്കാനും അവിടെ നിന്ന് കയറ്റുമതി ചെയ്യാനും അഡ്നോകിന് സാധിക്കും.
ഹബ്ഷാന്‍ വാതക ഫീല്‍ഡിനെ റുവൈസുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം 2013ല്‍ പൂര്‍ത്തിയാകും. ഷാ വാതക ഫീല്‍ഡിനെയും റുവൈസിനെയും ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം 2014ലും. 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍വേയുടെ ദേശീയ തലത്തിലെ നിര്‍മാണ ചെലവ് 400 ബില്യന്‍ ദിര്‍ഹമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍