യാചന നിയന്ത്രിക്കാന്‍ പൊലീസ് നടപടികള്‍ കര്‍ശനമാക്കുന്നു

ദുബൈ: രാജ്യത്തെത്തുന്ന യാചകരെ പിടികൂടാനും ഈ പ്രവണത അവസാനിപ്പിക്കാനും പൊലീസ് നടപടികള്‍ കര്‍ശനമാക്കുന്നു. റമദാനില്‍ യാചന കൂടുതല്‍ സജീവമാകുന്ന സാഹചര്യത്തിലാണിത്. ഈ സമയം വിവിധ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്നവരെയും മറ്റും കര്‍ശനമായി നിരീക്ഷിക്കാനും നിമയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടി ശിക്ഷിക്കാനും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യാചകര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ ശിക്ഷാ നടപടികളാണ് ഈ വര്‍ഷം സ്വീകരിക്കുന്നത്.
ഷാര്‍ജയില്‍ യാചന അടക്കമുള്ള സാമൂഹിക വിപത്തുകള്‍ നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേക കാമ്പയിന് തുടക്കമിട്ടു. പൊലീസ് കുറ്റാന്വേഷണ വിഭാഗം, കമ്യൂണിറ്റി പൊലീസിങ്, താമസ കുടിയേറ്റ വകുപ്പ്, മാധ്യമ വകുപ്പ്, പബ്ളിക് റിലേഷന്‍സ്, ട്രാഫിക് പട്രോളിങ് തുടങ്ങി മന്ത്രാലയത്തിന് കീഴിലെ ഒട്ടേറെ വകുപ്പുകളുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
എമിറേറ്റിലെ ഏത് ഭാഗങ്ങളിലുമെത്തുന്ന യാചകരെ കൈയോടെ പിടികൂടുകയും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ മനസ്സിലാക്കി അതാത് രാജ്യങ്ങളിലേക്ക് കയറ്റിവിടുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
പ്രാര്‍ഥനാ സമയങ്ങളില്‍ പള്ളികളിലെത്തി വിശ്വാസികളുടെ അനുകമ്പ പിടിച്ചുപറ്റിയാണ് പലരും യാചന നടത്തുന്നത്. മറ്റ് സമയങ്ങളില്‍ ഗ്രോസറികളിലും കടകളിലുമെത്തിയും പണം പിരിക്കും. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തെത്തുന്ന യാചകരിലേറെയും മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ളവരാണെന്ന് അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. വന്‍ സംഖ്യയാണ് പലരും ഇത്തരത്തില്‍ പ്രതിദിനം കൈക്കലാക്കുന്നത്.
യാചകരെ നിയമം മൂലം നിയന്ത്രിക്കുന്നതിന് പുറമെ, ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കലും കാമ്പയിന്‍െറ ലക്ഷ്യമാണ്. ഇത്തരക്കാര്‍ക്ക് പണം നല്‍കി പ്രോല്‍സാഹിപ്പിക്കുന്നതിലൂടെയുള്ള അപകടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന അറബി, ഇംഗ്ളീഷ് ഭാഷകളിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്യും. യാചന നടത്തുന്നവരില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്നവരും നിരവധിയാണ്. ഇവര്‍ രാജ്യ സുരക്ഷക്ക് പോലും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. യാചന ശ്രദ്ധയില്‍ പെടുന്നവര്‍ 800151, 80080, 999, 06562222 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus