ദോഹ: സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പോടെ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്ക് പിന്നാലെ കെ.എം.സി.സിയില്‍ ഭാരവാഹികളുടെ ഏറ്റുമുട്ടലും. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഭാരവാഹികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭീഷണിയിലും കൈയ്യേറ്റത്തിലും കലാശിച്ചത്.
കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇസ്മയില്‍ കണ്ണൂക്കര, നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി നസീര്‍ എന്നിവര്‍ തമ്മിലാണ് സംഘട്ടനമുണ്ടായത്. പരിക്കേറ്റ നസീര്‍ ഹമദ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. നസീറിന്‍െറ പരാതിയില്‍ ഇസ്മയില്‍ കണ്ണൂക്കര, സംസ്ഥാന കൗണ്‍സിലംഗം സൂപ്പി കല്ലറക്കല്‍ എന്നിവരെ ക്യാപിറ്റല്‍ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് നടന്ന സംസ്ഥാനമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതകളുടെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങള്‍. ഇസ്മയില്‍ സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ളയാളും നസീര്‍ തെരഞ്ഞെടുപ്പില്‍ ഔദ്യാഗികവിഭാഗത്തിനെതിരായ പാനലിന് വേണ്ടി പ്രവര്‍ത്തിച്ചയാളുമാണ്.
കഴിഞ്ഞയാഴ്ച നടന്ന ജില്ലാ, മണ്ഡലം കമ്മിറ്റികളിലെ മുഖ്യഭാരവാഹികളുടെ യോഗത്തില്‍ ഇസ്മയില്‍ കണ്ണൂക്കര പങ്കെടുത്തതില്‍ സംസ്ഥാന നേതൃത്വത്തെ നസീര്‍ പ്രതിഷേധം അറിയിച്ചിരുന്നത്രെ. വെള്ളിയാഴ്ച കെ.എം.സി.സി ആസ്ഥാനത്ത് നടന്ന നാദാപുരം മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം ഇസ്മായില്‍ കണ്ണൂക്കര, നസീറിനെ തടഞ്ഞുനിര്‍ത്തി ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികളായ ചില ഭാരവാഹികള്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ശനിയാഴ്ച നടത്തിയ ആദ്യഘട്ട ശ്രമം വിജയിച്ചില്ല. ഇതിനിടെ, നസീറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന കൗണ്‍സിലര്‍ കെ.എം നാസറിന്‍െറ നേതൃത്വത്തില്‍ 75ഓളം പ്രവര്‍ത്തകര്‍ കെ.എം.സി.സി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ വാക്കുതര്‍ക്കത്തിന്‍െറ പേരില്‍ മുന്‍ ട്രഷറര്‍ ഇ.എ സമദിനെതിരെ നടപടിയെടുത്ത സംസ്ഥാന നേതൃത്വം ഒരു ഭാരവാഹിക്ക് നേരെ ഹീനമായ കൈയ്യേറ്റവും ഭീഷണിയുമുണ്ടായിട്ടും കുറ്റകരമായ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ പരിപാടികളോട് നിസ്സഹകരിക്കേണ്ടിവരുമെന്നും ഇവര്‍ പറഞ്ഞു. പ്രശ്നം വ്യക്തിപരമാണെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും സംഘടനയില്‍ കുറച്ചുനാളായി പുകയുന്ന ഗ്രൂപ്പിസത്തിന്‍െറ പ്രതിഫലനം തന്നെയാണ് ഇതെന്ന് ചില മുതിര്‍ന്ന നേതാക്കളെങ്കിലും രഹസ്യമായി സമ്മതിക്കുന്നുണ്ട്.
സംസ്ഥാന ഭാരവാഹികളുടെ മൗനാനുവാദത്തോടെയാണ് നസീറിനെതിരെ ആക്രമണമുണ്ടായതെന്നും ആരോപണമുണ്ട്. സംഘട്ടനങ്ങള്‍ക്ക് പോലും കാരണമാകുന്ന വിധം സംഘടനാ പ്രശ്നങ്ങള്‍ വളരുന്നതില്‍ ഭൂരിഭാഗം പ്രവര്‍ത്തകരും അതൃപ്തരാണ്. സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ കൈയ്യൂക്കുള്ളവരെ ഉപയോഗിച്ച് എതിരാളികളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ സംഘടനാ ആസ്ഥാനത്ത് കയറാന്‍ പോലും പ്രവര്‍ത്തകര്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ജില്ലാ കമ്മിറ്റിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഇതിനിടെ, സംഭവത്തെക്കുറിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ നസീര്‍ വിവരം ധരിപ്പിച്ചിട്ടുണ്ട്. കെ.എം.സി.സി നേതൃത്വത്തില്‍ നിന്ന് നീതി കിട്ടയില്ലെങ്കില്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കാനാണ് തീരുമാനം.
സംഘടനയുമായി ബന്ധമില്ലെന്ന് പി.എസ്.എച്ച് തങ്ങള്‍
ദോഹ: കെ.എം.സി.സിയുടെ രണ്ട് ഭാരവാഹികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് സംഘടനയുമായി ബന്ധമില്ലെന്നും ഇത് തികച്ചും വ്യക്തിപരമായ പ്രശ്നമാണെന്നും കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.എച്ച് തങ്ങള്‍ പറഞ്ഞു. കെ.എം.സി.സി ഓഫീസിന് പുറത്താണ് സംഭവമുണ്ടായത്. ഇസ്മായില്‍ കണ്ണൂക്കര യോഗത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല. വൈസ് പ്രസിഡന്‍റുമാരടക്കമുള്ള ജില്ലാ, മണ്ഡലം ഭാരവാഹികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. പ്രതിഷേധമറിയിച്ച നസീറിനോട് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തിപരമാണെങ്കിലും കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഭവമെന്ന നിലയില്‍ പ്രശ്നപരിഹാരത്തിന് സംഘടന മുന്‍കൈയ്യെടുക്കും. ഇതിന്‍െറ പേരില്‍ സംഘടനയില്‍ ഭിന്നതകളില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍