വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‍െറ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃവീട്ടുകാരുടെ ശ്രമമെന്ന്

മസ്കത്ത്: ഒമാനില്‍ ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‍െറ സ്വത്തുക്കള്‍ ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്കും മക്കള്‍ക്കും താമസിക്കാന്‍ വീടുപോലും നല്‍കാതെ പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിധവയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരി 11ന് ഒമാനിലെ സിനാവില്‍ പിക്കപ്പ് മറിഞ്ഞ് മരിച്ച തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം അറക്കവീട്ടില്‍ ഉസ്മാന്‍െറ മകന്‍ നാസറിന്‍െറ (39) ഭാര്യ അസ്മയാണ് (31) മസ്കത്ത് ഇന്ത്യന്‍ എംബസി വഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയത്.
ഭര്‍ത്താവിന് ലഭിക്കേണ്ട ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പുറമെ, ഭര്‍ത്താവിന് കൂടി അവകാശമുള്ള ഗണേശമംഗലത്തെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. നാസര്‍ അപകടത്തില്‍ മരിച്ച ഒമാനിലെ അതോ റോഡില്‍ ആറുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഇവരുടെ മൂത്ത മകന്‍ ജസിന്‍ മരിച്ചിരുന്നു. അന്ന് ദിയാ പണമായി ലഭിച്ച പണം കൊണ്ട് നാട്ടില്‍ നാസറിന്‍െറയും അസ്മയുടെയും പേരില്‍ തൃശൂരിലെ എടമുട്ടത്ത് വാങ്ങിയ ഭൂമിയില്‍ അവകാശം ഉന്നയിക്കുന്ന ഭര്‍തൃവീട്ടുകാര്‍ അവിടെ വീടുവെക്കാനും സമ്മതിക്കുന്നില്ലെന്നും അസ്മ പറയുന്നു.
ഒമാനിലെ മസീറ ദ്വീപില്‍ വ്യാപാരസ്ഥാപനം നടത്തുന്നതിനിടെയാണ് നസീര്‍ വാഹനാപകടത്തില്‍ മരിച്ചത്. വ്യാപാരവുമായി ബന്ധപ്പെട്ട കടങ്ങള്‍ വീട്ടാമെന്ന് ഏറ്റിരുന്ന ഒമാനിലെ ഇദ്ദേഹത്തിന്‍െറ സഹോദരന്‍ റഫീഖ് സ്ഥാപനങ്ങള്‍ വിറ്റ് പണം കൈപറ്റിയെങ്കിലും കടംവീട്ടിയിരുന്നില്ലത്രെ. പണം ലഭിക്കാനുള്ളവര്‍ നാട്ടിലേക്ക് വിളിക്കാന്‍ ആരംഭിച്ചതോടെയാണ് പഴയ ഫാമിലി വിസയില്‍ ചുരുങ്ങിയ ദിവസം ബാക്കി നില്‍ക്കെ അസ്മയും രണ്ടുവയസുകാരി മകളും വീണ്ടും ഒമാനിലെത്തിയത്. തുടര്‍ന്ന് മസീറയിലെ മലയാളി സമാജം പ്രവര്‍ത്തകരുടെയും ജമാഅത്ത് കമ്മിറ്റി അംഗങ്ങളുടെയും സഹായത്താലാണ് നസീറിന്‍െറ ഡയറി കണ്ടെത്തി മസീറയിലെ ഗവര്‍ണറുടെ കൂടി സാന്നിധ്യത്തിലാണ് കിട്ടാനും കൊടുക്കാനുമുള്ള തുകകള്‍ തീര്‍പ്പാക്കിയതെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് മരിച്ച് ഇദ്ദാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അവകാശിയുടെ പേര് മാറ്റുന്നതിന് വെള്ളകടലാസില്‍ ഒപ്പുവപ്പിക്കാന്‍ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ ശ്രമിച്ചുവത്രെ.
തന്‍െറ വിവാഹസമയത്ത് ലഭിച്ച നൂറുപവന്‍ സ്വര്‍ണം വിറ്റ പണം കൂടി ഉപയോഗിച്ചാണ് ഗണേശമംഗലത്ത് 20 സെന്‍റ് ഭൂമിയില്‍ വീടുവെച്ചത്. ഇദ്ദ തീരും മുമ്പേ ഈ വീട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ടുവെന്നും അസ്മ പറഞ്ഞു. തനിക്കും മക്കള്‍ക്കും താമസിക്കാന്‍ വീടുവെക്കുന്നതിനാണ് മകന്‍ മരിച്ചപ്പോള്‍ വാങ്ങിയ സ്ഥലം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത്.
നാസര്‍ മരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ട്. ഇതുവിട്ടുകൊടുത്ത് മക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലത്രെ. ഇതിനിടെ നാസറിന്‍െറ പേരില്‍ നാട്ടിലുണ്ടായിരുന്ന സ്കോര്‍പിയോ വാഹനവും സഹോദരങ്ങള്‍ വ്യാജഒപ്പിട്ട് ഇവരറിയാതെ വിറ്റ് പണമാക്കിയെന്നും അസ്മ പറഞ്ഞു.
എന്നാല്‍, അസ്മയുടെ ആരോപണങ്ങള്‍ പലതും അടിസ്ഥാനമില്ലാത്തതാണെന്ന് നാസറിന്‍െറ സഹോദരന്‍ റഫീഖ് ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. നാസറിന്‍െറ വസ്തുക്കളും സാധനങ്ങളും മരണം നടന്ന ദിവസങ്ങള്‍ക്കകം നാട്ടിലേക്ക് അയച്ചിരുന്നു.
കണക്കുകള്‍ എഴുതിയ ഡയറി നാട്ടില്‍ നിന്ന് വരുത്തിയതാണ്. അതിന് മുമ്പേ കടങ്ങള്‍ താന്‍ കൊടുത്തുവീട്ടിയിരുന്നെന്നും ഇദ്ദേഹം അവകാശപ്പെട്ടു. അസ്മ തന്‍െറ മാതാപിതാക്കളുമായി നേരത്തേ പിണക്കത്തിലാണ്.
മരിച്ച സഹോദരന്‍ നാസറും താനും തമ്മില്‍ നേരത്തേ നല്ല ബന്ധത്തിലല്ല. ഈ സാഹചര്യത്തില്‍ തങ്ങളെ കുടുക്കാനാണ് ഇത്തരമൊരു പരാതിയെന്നും റഫീഖ് വിശദീകരിച്ചു.
ഭര്‍ത്താവ് മരിച്ച തനിക്ക് നാട്ടില്‍ ഭര്‍തൃവീട്ടുകാരെ ഭയന്ന് ജീവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തന്‍െറ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി വേണമെന്നും അസ്മ പരാതിയില്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus