ന്യൂദല്‍ഹി: തലസ്ഥാനമായ ദല്‍ഹിയില്‍ അടക്കം എട്ട് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണ ഗ്രിഡില്‍ ഉണ്ടായ തകര്‍ച്ചയാണ് പ്രശ്നകാരണം. വൈദ്യുതി മുടങ്ങിയതിനൊപ്പം റെയില്‍വേ, മെട്രോ ഗതാഗതവും വെള്ളവും മുടങ്ങി. റോഡ് ഗതാഗതം തകരാറിലായി. പ്രധാനമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനത്തെവരെ വൈദ്യുതി തകരാര്‍ ബാധിച്ചു.
തകരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വൈദ്യുതി അതോറിറ്റി ചെയര്‍മാന്‍ എ.സി. ബക്ഷി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
11 കൊല്ലത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയും ഗുരുതരവും വ്യാപകവുമായ വൈദ്യുതി തകരാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നേരിട്ടത്.
ദല്‍ഹി, ഹരിയാന, പഞ്ചാബ്, യു.പി, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി നിലച്ചത്. വേനല്‍ച്ചൂടില്‍ പൊരിയുന്നതിനിടെ വൈദ്യുതി വിതരണം നിലച്ചത് ജനദുരിതത്തിന്‍െറ തീവ്രത വര്‍ധിപ്പിച്ചു. വൈകുന്നേരത്തോടെ വൈദ്യുതി എല്ലായിടത്തും പുന$സ്ഥാപിച്ചതായി ഊര്‍ജമന്ത്രാലയം അറിയിച്ചു.
വൈദ്യുതി തടസ്സം: ഗൂഢാലോചന -ഹസാരെ സംഘം
ന്യൂദല്‍ഹി: ദല്‍ഹിയുള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വൈദ്യൂതിബന്ധം വിച്ഛേദിക്കപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സമരത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഹസാരെ സംഘം ആരോപിച്ചു. പഴുതുകളില്ലാത്ത ലോക്പാല്‍ എന്ന ആവശ്യവുമായി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് നഗരത്തിലെ മെട്രോ റെയില്‍ സംവിധാനമുള്‍പ്പെടെയുള്ളവ നിശ്ചലമാക്കിയതെന്ന് സംഘം പറഞ്ഞു. സര്‍ക്കാര്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന് ഹസാരെ സംഘത്തിലെ കുമാര്‍ വിശ്വാസ് പറഞ്ഞു. സര്‍ക്കാറിന് വേണമെങ്കില്‍ വൈദ്യുതിയും ഗതാഗത സംവിധാനങ്ങളുമൊക്കെ തടസ്സപ്പെടുത്താനാകും. എന്നാല്‍, സമരപ്പന്തലിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍