പുതിയ തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് ഗുണകരമാകും: മന്ത്രി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പുറപ്പെടുവിച്ച പുതിയ തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവന്ന രാജാവിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് നിയമത്തിന് അടിത്തറ പാകിയത്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരികയും മനുഷ്യ വിഭവ ശേഷി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയൂം ചെയ്യുന്നതില്‍ ബഹ്റൈന്‍ ഏറെ മുന്നിലാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ തൊഴില്‍ നിയമം പരിഷ്കരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട മുഴുവന്‍ വശങ്ങളും പാര്‍ലമെന്‍റിലും ശൂറാകൗണ്‍സിലിലൂം ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്തതാണ്. ഗള്‍ഫ് മേഖലകളില്‍ തന്നെ മെച്ചപ്പെട്ട തൊഴില്‍ നിയമമായിരിക്കും ബഹ്റൈന്‍േറതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്‍ മെച്ചപ്പെട്ട ബന്ധം കൊണ്ടുവരുന്നതിന് നിയമം സഹായകമാവും. ഇപ്പോള്‍ നിലവിലുള്ള നിയമം 36 വര്‍ഷം മുമ്പുള്ളതാണ്. ഇക്കാലയളവിനിടയില്‍ തൊഴില്‍ ദാതാവും തൊഴിലാളിയൂം തമ്മിലുള്ള ബന്ധത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്്. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഖണ്ഡികകള്‍ പുതിയ നിയമത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
രാജ്യത്തെ തൊഴില്‍ വിപണി പരിഷ്കരണങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങളും ഇതിലുണ്ട്. സ്വകാര്യ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപകരുടെ കടന്നുവരവിനും നിയമം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിയമം ലംഘിക്കുന്ന തൊഴിലുടമക്കെതിരെ ശക്തമായ നടപടിക്ക് പുതിയ നിയമം അനുശാസിക്കുന്നുണ്ട്. കൂടാതെ സ്ത്രീ തൊഴിലാളികളൂടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നിനുള്ള നിര്‍ദേശങ്ങളും ഇതിലുണ്ട്. പ്രസവ അവധി 45 ദിവസമുണ്ടായിരുന്നത് 60 ദിവസമായി വര്‍ധിക്കും. കൂടാതെ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള സ്ത്രീകള്‍ക്ക് ശമ്പളമില്ലാത്ത ലീവ് എടുക്കുന്നതിനും അനുവാദമുണ്ട്. ഒറ്റത്തവണ ആറ് മാസം വരെയും സേവന കാലയളവില്‍ മൂന്ന് പ്രാവശ്യവും ഇതിന് അര്‍ഹതയുണ്ടാകും. നേരത്തെയുള്ള നിയമത്തിലുണ്ടായിരുന്ന മുഴുവന്‍ പോരായ്മകളും പരിഹരിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus