വിദ്യാഭ്യാസ നയം: അഭിപ്രായ വ്യത്യാസം പൂര്‍ണമായും മാറിയില്ല- സൂസൈപാക്യം

കുവൈത്ത് സിറ്റി: യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ നയങ്ങളോടുള്ള അഭിപ്രായ വ്യത്യാസം പൂര്‍ണമായും മാറിയിട്ടില്ലെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ. സൂസൈപാക്യം വ്യക്തമാക്കി. മുന്‍ സര്‍ക്കാറിന്‍െറ കാലത്തും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത് ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നപ്പോഴും തുടരുന്നുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ നിന്ന് അനുഭാവപൂര്‍വമായ സമീപനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ ഭരണകൂടം തയാറായില്ലെങ്കില്‍ അതിനെ വെല്ലുവിളിച്ച് സ്വന്തം നിലക്ക് കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതരാകും. സര്‍ക്കാറിനെ നോക്കുകുത്തിയാക്കി കാര്യങ്ങള്‍ നടപ്പാക്കുമെന്നല്ല ഇത് അര്‍ഥമാക്കുന്നത്. സര്‍ക്കാറിനെ കൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ സ്വന്തം കാലില്‍ നിന്ന് അത് നടപ്പിലാക്കേണ്ടി വരും. സഭയുടെ കീഴിലുള്ള മരിയനാട് ഗ്രാമത്തിലെ സ്കൂള്‍ അതിന് ഉദാഹരണമാണ്. ആ സ്കൂളിന് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതെ ഇരുന്നതിനാല്‍ സഭാംഗങ്ങള്‍ സ്വന്തം നിലക്ക് അതിന്‍െറ നിലവാരം ഉയര്‍ത്തിയിരിക്കുകയാണ്.
കേരളത്തില്‍ സാമുദായിക ധ്രുവീകരണം നേരത്തേയുണ്ടെന്നും ഇപ്പോള്‍ അല്‍പം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും ഒന്നിക്കാന്‍ അവകാശമുണ്ട്.
പക്ഷേ, അത് വേറെ എന്തിനെയെങ്കിലും തകര്‍ക്കാന്‍ ആണെങ്കില്‍ അനാവശ്യമായി മാറും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ലാറ്റിന്‍ കതോലിക്ക സഭ സമദൂര സിദ്ധാന്തമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്‍ (കെ.എം.സി.എ) പ്രസിഡന്‍റ് സി.എ. ജോയ്, 40ാം വാര്‍ഷിക സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ ഹഡ്സന്‍ സണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus