Mon, 07/30/2012 - 09:19 ( 42 weeks 1 dayago)
നുഴഞ്ഞുകയറിയ നാണക്കേട്
(+)(-) Font Size
നുഴഞ്ഞുകയറിയ നാണക്കേട്
ലണ്ടന്‍ ഡയറി

ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞ് ദിവസം ഒന്നായിട്ടും എല്ലായിടത്തും സംസാരം ആ സുന്ദരിയെക്കുറിച്ചായിരുന്നു. അതിനിടക്ക് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പലതു കഴിഞ്ഞു. പലേടത്തും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍, എല്ലാവര്‍ക്കും അറിയേണ്ടത് ഇതൊന്നു മാത്രം. അതോടെ, തല്‍ക്കാലം ഇന്ത്യന്‍ എന്നു പറയേണ്ടെന്നു തീരുമാനിച്ചു. സംഭവം അത്രക്ക് ഹോട്ട് ആയിരിക്കുന്നു. ആരാണ് ആ പെണ്‍കുട്ടി. ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച ആ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായാണ് പത്രസുഹൃത്തുക്കള്‍ അറിയിച്ചത്. കുട്ടി ലണ്ടനില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്. ബംഗളൂരുവാണ് വീട്.
പേര് മധുര നാഗേന്ദ്ര. കക്ഷിയെ തിരിച്ചറിഞ്ഞെങ്കിലും കാര്യം ഇന്ത്യന്‍ ടീമിന് നാണക്കേടായി. ഹോളണ്ട് പത്രപ്രവര്‍ത്തകന്‍ ഡേവിഡ് നാഷ് പറഞ്ഞത്, ഇതൊക്കെ ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നാണ്. 200ഓളം ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ വേറെയൊരു ടീമിനും ഈ പ്രശ്നമുണ്ടായില്ല. ഇന്ത്യന്‍ പതാകകള്‍ വീശി, ഒരു ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തോടെ ടീമിനെ വരവേല്‍ക്കുമ്പോഴാണ് അറിയുന്നത്, മുന്നില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് നടക്കുന്നയാള്‍ മത്സരാര്‍ഥിയോ ഒഫീഷ്യലോ പോലുമല്ലത്രേ! ലേസര്‍ നൃത്തങ്ങളുടെയും വന്‍ വെടിക്കെട്ടുകളുടെയും പൂരരാത്രിയില്‍ സ്റ്റേഡിയത്തില്‍ ഇരുന്ന ഇന്ത്യന്‍ പതാക വീശിക്കൊണ്ടിരുന്നവരുടെയെല്ലാം കണ്ണുകള്‍ ആദ്യം ശ്രദ്ധിച്ചത് ഈ പെണ്‍കുട്ടിയെയാണ്. അവള്‍ക്കു മാത്രം യൂനിഫോം കിട്ടിയില്ലേ എന്നായിരുന്നു ആദ്യം മുതല്‍ക്കേയുള്ള സംശയം. സാനിയ മിര്‍സ ഉള്‍പ്പെടെയുള്ളവര്‍ നല്ല മഞ്ഞ സാരിയില്‍ ഇന്ത്യന്‍ സാംസ്കാരിക ത്തനിമ പ്രദര്‍ശിച്ചപ്പോള്‍ പാശ്ചാത്യ വേഷവിധാനങ്ങളോടെ എത്തിയ ഈ പെണ്‍കുട്ടി മാത്രം കണ്ണിലെ കരടായി. 40 അത്ലറ്റുകളും 11 ഇന്ത്യന്‍ ഒഫീഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുകയെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു.
അവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. എന്നാല്‍, അതൊന്നുമില്ലാതെ ഈ പെണ്‍കുട്ടി മാത്രം സംഘത്തോടൊപ്പം മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കുകയും മുന്‍നിരയില്‍ ചിരിച്ച് പ്രസന്നവതിയായി നടക്കുകയും ചെയ്തു. ഇതെന്തു മാജിക് എന്നായിരുന്നു എല്ലാവരുടെയും സംശയം. പലരും ചോദിക്കുന്നുണ്ടായിരുന്നു. ആരാണത്? ഒഫീഷ്യല്‍ വല്ലതുമാണോ? അതോ അവസാനനിമിഷം ടീമില്‍ കടന്നുകൂടിയ വല്ല അത്ലറ്റോ?
2008 ബെയ്ജിങ് ഒളിമ്പിക്സില്‍ മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്ത സാനിയ മിര്‍സ ജീന്‍സ് ധരിച്ച് എത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയത് എന്റെ സുഹൃത്ത് വിവേക് റസ്ദാന്‍ ഓര്‍മിപ്പിച്ചു. ഞങ്ങള്‍ അക്കാര്യം പറയുകയും ചെയ്തു. ഓരോ രാജ്യത്തിനും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. അതില്‍നിന്നു വ്യത്യസ്തമായി മാര്‍ച്ച്പാസ്റ്റില്‍ ആരെയും പങ്കെടുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു. ഏതായാലും ഈ കുട്ടി ഇന്ത്യക്കാരിയാണെന്നോര്‍ത്ത് സമാധാനിക്കാം.
ലണ്ടനില്‍ പഠിക്കുമ്പോള്‍തന്നെ ഈ കുട്ടി ഫേസ്ബുക് അക്കൗണ്ട് വഴി എന്തൊക്കെയോ തിരിമറികള്‍ ചെയ്തതിന് പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും സൂചനകളുണ്ട്. എന്തായാലും, ആദ്യദിവസം ഈ സംഭവം ഇന്ത്യന്‍ ടീമിന് ഒരു ബ്ലാക് പോയന്റായി. സംഘത്തലവന്‍ പി.കെ. മുരളീധരന്‍ രാജ കടുത്ത പ്രതിഷേധം സംഘാടകരെ അറിയിച്ചിട്ടുണ്ട്. പ്രസ് ഹാളില്‍വെച്ചു കാണുമ്പോള്‍ വലിയ തിരക്കിലായിരുന്നു അദ്ദേഹം. തുടരത്തുടരെ ഫോണ്‍ കോളുകള്‍. ഒളിമ്പിക്സ് അസോസിയേഷന്റെ ഏറ്റവും വലിയ സുരക്ഷാ പാളിച്ചയായി ഇതിനെ കാണണം. ഊരും പേരുമില്ലാത്ത ഒരാള്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റേഡിയം മുഴുവന്‍ വലംവെച്ചു എന്നു പറയുമ്പോള്‍തന്നെ കൊട്ടിഘോഷിച്ച സുരക്ഷാസംവിധാനങ്ങള്‍ പാളി എന്നര്‍ഥം.
ഇന്ത്യയുടെ മത്സരയിനങ്ങള്‍ കാണാനോ അറിയാനോ ഉള്ള താല്‍പര്യങ്ങള്‍ ഏതായാലും ഈ അജ്ഞാതസുന്ദരി ഒരു ദിവസത്തേക്ക് കവര്‍ന്നു. ടേബ്ള്‍ ടെന്നിസ് പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇറങ്ങുന്നുണ്ടെന്ന് നേരത്തേ കേട്ടിരുന്നു. ഇന്ന് ആ മത്സരം കാണാമെന്നും കരുതിയതാണ്. എന്നാല്‍, ട്രാഫിക് അതൊക്കെ വീണ്ടും ചതിച്ചു. ഓടിച്ചാടി ചെല്ലുമ്പോഴേക്കും മത്സരങ്ങള്‍ കഴിഞ്ഞിരുന്നു. കൂറ്റന്‍ ഇലക്ട്രോണിക്സ് ടൈറ്റില്‍ കാര്‍ഡില്‍ എഴുതിക്കാണിക്കുന്നു. കണ്‍ഗ്രാജുലേഷന്‍സ് ഹോക് ബോങ് കിം. ഇന്ത്യയുടെ സൗമ്യജിത് ഘോഷ് പുറത്തായിരിക്കുന്നു. ഇതോടെ, ടേബ്ള്‍ ടെന്നിസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഇനി ഷൂട്ടിങ്, ആര്‍ച്ചറി, തുഴച്ചില്‍ മത്സരങ്ങള്‍. അവ കാണാനെത്തിയപ്പോള്‍ കാണികള്‍ വളരെ കുറവ്. എല്ലായിടവും സ്പോണ്‍സര്‍മാര്‍ സ്വന്തമാക്കിവെച്ചിരിക്കുന്നു. പക്ഷേ, ഇരിപ്പിടങ്ങള്‍ കാലി. കഴിഞ്ഞദിവസം ടിക്കറ്റ് കിട്ടാതെ കരഞ്ഞുകൊണ്ട് മടങ്ങിയവരെ ഓര്‍ത്തു. ഒളിമ്പിക്സായാലും ഫുട്ബാളായാലും ലണ്ടന്‍ ലണ്ടന്‍ തന്നെയെന്ന് ഇതു കണ്ടപ്പോള്‍ ഓര്‍ത്തു പോയി!

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus