മലപ്പുറം: വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയതിലെ പ്രതിഷേധം ഭയന്ന് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ശനിയാഴ്ച മലപ്പുറം ജില്ലയില്‍ ഉദ്ഘാടകനായി എത്തേണ്ട മൂന്ന് പരിപാടികളില്‍നിന്നാണ് ആര്യാടന്‍ ഒഴിഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് വൈദ്യുതി മന്ത്രി യാത്രയും ചടങ്ങുകളും ഒഴിവാക്കുന്നതെന്നാണ് സൂചന.
ശനിയാഴ്ച മലപ്പുറത്ത് എനര്‍ജി മാനേജ്മെന്റ് സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യേണ്ടത് ആര്യാടന്‍ ആയിരുന്നു. മഞ്ചേരി തൃക്കലങ്ങോട്ട് സഹകരണ അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനം, നിലമ്പൂര്‍ നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം എന്നിവയിലും ആര്യാടന്‍ ക്ഷണിതാവായിരുന്നു. വെള്ളിയാഴ്ച മന്ത്രി നിലമ്പൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ചയും അദ്ദേഹം തിരുവനന്തപുരത്താണെന്നാണ് സംഘാടകര്‍ക്ക് അറിയിപ്പ് ലഭിച്ചത്. മന്ത്രി എത്തിയാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യുവജനസംഘടനകള്‍ ഒരുങ്ങിയിരുന്നതായി സൂചനയുണ്ട്. യുവമോര്‍ച്ചയും എ.ഐ.വൈ.എഫുമാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്.
മന്ത്രിക്കെതിരെ ഒരിടത്ത് പ്രതിഷേധമുണ്ടായാല്‍ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. അതിനാല്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദേശം. വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും സി.പി.എം പ്രതിഷേധം ശക്തമല്ലാത്തത് യു.ഡി.എഫിന് ആശ്വാസമായിട്ടുണ്ട്. ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ച ദിവസം വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കപ്പുറം സി.പി.എം കേന്ദ്രങ്ങള്‍ അനങ്ങിയിട്ടില്ല. ഡി.വൈ.എഫ്.ഐയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങളില്ല. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹര്‍ത്താലടക്കം വന്‍ പ്രതിഷേധത്തിന് എല്‍.ഡി.എഫ് നേതൃത്വം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍