May 22 Wed 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എല്ലാ കണ്ണുകളും വായ്പാനയത്തില്‍

എല്ലാ കണ്ണുകളും വായ്പാനയത്തില്‍
ഓഹരി അവലോകനം

ഗ്രീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ വായ്പാതിരിച്ചടവ് മുടങ്ങുമെന്ന ആശങ്ക വീണ്ടും തലപൊക്കിയത് ഓഹരിവിപണിക്ക് തിരിച്ചടിയാവുന്നതാണ് പോയവാരം കണ്ടത്. അതേസമയം, നാലുദിവസം തുടര്‍ച്ചയായി തിരിച്ചടി നേരിട്ട വിപണിക്ക് വെള്ളിയാഴ്ച നിക്ഷേപ താല്‍പര്യത്തില്‍ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇത് ഈ നിലവാരത്തില്‍ വിപണി സ്ഥിരത അര്‍ഹിക്കുന്നതിന്റെ സൂചനയായി വിലയിരുത്താം.
എന്നാല്‍, വരുംദിവസങ്ങളില്‍ വിപണിയുടെ ഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാവുക ചൊവ്വാഴ്ച പുറത്തുവിടുന്ന റിസര്‍വ് ബാങ്കിന്റെ വായ്പാ നയമാവും. സര്‍ക്കാര്‍കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ പലിശ നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഇനി എല്ലാ കണ്ണുകളും ആര്‍.ബി.ഐയുടെ വായ്പാനയത്തിലുമായിരിക്കും.
കഴിഞ്ഞ വായ്പാനയ അവതരണ വേളയിലും ആര്‍.ബി.ഐ പലിശ നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതു ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ പിന്‍വാങ്ങുകയായിരുന്നു. ഇക്കുറിയും പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ഒന്നരമാസം മുമ്പ് വായ്പാനയം അവതരിപ്പിക്കുമ്പോഴുള്ളതിനെക്കാള്‍ പരിതാപകരമായ സ്ഥിതിയാണ് ഇപ്പോള്‍. കാലവര്‍ഷം അല്‍പം ശക്തിപ്പെട്ടെങ്കിലും ഇപ്പോഴും ശരാശരിയേക്കാള്‍ 22 ശതമാനത്തോളം കുറവാണ്. പ്രധാന ധാന്യ ഉല്‍പാദന കേന്ദ്രങ്ങളില്‍ മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞ അളവിലേ വിത നടന്നിട്ടുള്ളൂ. ഇതോടെ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
കൂടാതെ പലിശനിരക്കുകള്‍ കുറയണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ കടമെടുപ്പ് ആദ്യം നിയന്ത്രിക്കണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈസാഹചര്യത്തില്‍ ഇക്കുറിയും പലിശ നിരക്കുകള്‍ കുറക്കാനോ വിപണിയില്‍ പണലഭ്യത ഉയര്‍ത്താനോ ആര്‍.ബി.ഐ മുതിര്‍ന്നേക്കില്ല.
എന്നാല്‍, പലിശ നിരക്കുകള്‍ കുറക്കില്ലെന്നു തന്നെയാണ് ഓഹരി വിപണിയും കരുതുന്നത്. നിക്ഷേപ താല്‍പര്യം ഉയര്‍ന്നിട്ടുകൂടി പോയവാരം ഓഹരി വിപണി ചെറിയ തിരുത്തലിലേക്ക് നീങ്ങിയതിന് പ്രധാനകാരണങ്ങളിലൊന്ന് ആര്‍.ബി.ഐ നിലപാട് മാറ്റിയേക്കില്ലെന്ന സൂചനയാണ്. അതുകൊണ്ടുതന്നെ പലിശനിരക്ക് കുറക്കുന്നില്ലെങ്കില്‍ കൂടി അത് ഓഹരി വിപണിക്ക് കാര്യമായ പ്രഹരമേല്‍പ്പിക്കാനും സാധ്യതയില്ല.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പനകള്‍ നടത്തിയതും പോയവാരം വിപണിക്ക് തിരിച്ചടിയായി. വരുംദിവസങ്ങളില്‍ ഇവരുടെ നിലപാടും ഇന്ത്യന്‍ ഓഹരി വിപണിക്ക് നിര്‍ണായകമാണ്.
ഇതോടൊപ്പംതന്നെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും ഈ ആഴ്ച പണവിനിമയ നയം പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ ഫലങ്ങള്‍ രാജ്യാന്തര വിപണികള്‍ക്കൊപ്പം ഇന്ത്യയിലെ വിപണികളെയും ബാധിച്ചേക്കാം.
പോയവാരം ഒരവസരത്തില്‍ 16,598.50 വരെ താഴ്ന്നശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) 16,839.20ത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇനി സെന്‍സെക്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ നിലവാരം 16,450 ആണ്. വരുംദിവസങ്ങളില്‍ തുടക്കത്തില്‍ ഈ നിലവാരത്തിലേക്ക് താഴ്ന്നാല്‍പോലും അവിടെ നിക്ഷേപ താല്‍പര്യം ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ 17,600, 17,800 നിലവാരത്തിലേക്ക് സൂചിക വീണ്ടും എത്താനുള്ള സാധ്യത ഏറെയാണ്. 17,000-17,500 നിലവാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സൂചികക്ക് കഴിഞ്ഞാല്‍ തന്നെ അത് വിപണിക്ക് അനുകൂലമാണ്. എന്നാല്‍, 16,450ല്‍ സൂചികക്ക് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ 15,750വരെ സൂചിക താഴാം. നിലവിലെ സാഹചര്യത്തില്‍ ഇതിലും താഴേക്ക് സൂചികകള്‍ നീങ്ങാനുള്ള സാധ്യത വളരെ കുറവാണ്.
5032 വരെ താഴ്ന്ന നിഫ്റ്റി 5100ലെത്തിയാണ് പോയവാരം ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരുംദിവസങ്ങളില്‍ വില്‍പന സമ്മര്‍ദം ഉയരുകയാണെങ്കില്‍ തന്നെ 4990 വരെയേ ഇനി താഴാന്‍ ഇടയുള്ളൂ. അതേസമയം, 5000ത്തിനുമുകളില്‍ പിടിച്ചു നില്‍ക്കുകയാണെങ്കില്‍ സൂചിക 5225, 5340 നിലവാരങ്ങളിലേക്ക് ഉയരാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com