May 23 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പൊന്നിനും കറുത്ത പൊന്നിനും വില കുതിച്ചുയര്‍ന്നു

പൊന്നിനും കറുത്ത പൊന്നിനും  വില കുതിച്ചുയര്‍ന്നു
വിപണി പോയവാരം

കൊച്ചി: പൊന്നിനും കറുത്ത പൊന്നിനും പോയവാരം വില കുതിച്ചുയര്‍ന്നു. സ്വര്‍ണവില വാരാന്ത്യം റെക്കോഡില്‍ തുടരുകയാണ്. കുരുമുളകാകട്ടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറ്റവും ഉയര്‍ന്നവിലയിലുമാണ്. വെളിച്ചെണ്ണ വില പോയവാരം ഏറക്കുറെ സ്റ്റെഡിയായിരുന്നു. റബറിനാകട്ടെ വിലയില്‍ നേരിയ കുറവുണ്ടായി. സീസണ് മുന്നോടിയായി വ്യാപാരികള്‍ വലിയ തോതില്‍ വാങ്ങി കൂട്ടിയതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണം. ഗ്രാമിന് 2795 എന്ന നിലയില്‍ പവന് 22,360 രൂപയാണ് ഇപ്പോഴത്തെ വില. 400 രൂപയുടെ വര്‍ധനയോടെ വ്യാഴാഴ്ച ഈ റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും ഈ നിലയില്‍ തന്നെയായിരുന്നു വ്യാപാരം.
സ്റ്റോക് വിറ്റഴിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വില ചെറിയ തോതിലാണെങ്കിലും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില പോയവാരംകുതിച്ചുയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 7.50 ഡോളര്‍ വര്‍ധിച്ച് 1623 ഡോളര്‍ എന്ന നിലയിലാണ്്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനക്ക് കാരണം.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ അമേരിക്കയിലെ ജി.ഡി.പി കുറഞ്ഞതും സര്‍ണവിപണിയിലെ ചലനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജി.ഡി.പി കുറഞ്ഞതോടെ ഡോളര്‍ ദുര്‍ബലമാകുകയും സ്വര്‍ണത്തിന്ഡിമാന്‍ഡ് വര്‍ധിക്കുകയുമായിരുന്നു. പ്രതിസന്ധികള്‍ക്ക് പരിഹാരമായി അമേരിക്കയും യൂറോപ്യന്‍ യൂനിയനും പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതിനനുസരിച്ചും സര്‍ണവിപണിയില്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുരുമുളക് റെഡി വ്യാപാരത്തില്‍ 800 രൂപയുടെയും അവധി വ്യാപാരത്തില്‍ 500 മൂതല്‍ 700 രൂപയുടെ വരെയും വര്‍ധനയാണ് ഉണ്ടായത്. അണ്‍ഗാര്‍ബിള്‍ഡിന് ക്വിന്റലിന് 40,900 രൂപയും ഗാര്‍ബിള്‍ഡിന് 42,400 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ വില 8100 ഡോളറായി ഉയര്‍ന്നു. ഇന്തോനേഷ്യ 6300 ഡോളറിനും 6400 ഡോളറിനും ഇടയില്‍ കുരുമുളക് വില്‍ക്കാന്‍ തയാറാകുന്നുണ്ട്. ബ്രസീലില്‍ നിന്നുള്ള കുരുമുളകിന് 6300 ഡോളറാണ് വില. വിയറ്റ്നാമും 6300 ഡോളറിന് ഉല്‍പ്പന്നം വില്‍ക്കാന്‍ തിടുക്കം കൂട്ടുന്നുണ്ട്. വിളവെടുപ്പ് നടക്കുന്ന വിയറ്റ്നാമില്‍ 60,000 ടണ്‍ സ്റ്റോക് ഉള്ളതായാണ് വിവരം. വിളവെടുപ്പ് തുടങ്ങിയ ശ്രീലങ്ക 6100 ഡോളറിന് വരെ കുരുമുളക് വില്‍ക്കാന്‍ സന്നദ്ധമായിട്ടുണ്ട്. നല്ല വിളവ് ലഭിക്കുന്ന ശ്രീലങ്കയില്‍ 12,000 മുതല്‍ 16,000 ടണ്‍ വരെ സ്റ്റോക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഉയര്‍ന്ന വിലമൂലം ആഗോളവിപണിയില്‍ നിന്ന് ഇന്ത്യന്‍ കുരുമുളക് ഏറക്കുറെ പുറന്തള്ളപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര ഡിമാന്‍ഡിലാണ് പ്രതീക്ഷ.വന്‍കിട ഓപറേറ്റര്‍മാര്‍ അവധി വ്യാപാരത്തില്‍ വലിയ തോതില്‍ ഇടപെടുന്നതാണ് വില ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അവസരം മുതലാക്കി നിക്ഷേപകര്‍ റെഡിയില്‍ വാങ്ങി അവധിക്ക് വില്‍ക്കുന്ന പ്രവണതയും വര്‍ധിക്കുകയാണ്. വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അവധി വ്യാപാരം നിര്‍ത്തലാക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
തകര്‍ച്ചയില്‍ നിന്ന് മോചനമില്ലാത്ത വെളിച്ചെണ്ണ വിപണിക്ക് റമദാനും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ആഭ്യന്തര ഡിമാന്‍ഡിലാണ് പ്രതീക്ഷ.പോയവാരം വില ക്വിന്റിലിന് 6200 രൂപ എന്ന നിലയില്‍ സ്റ്റെഡിയായി തുടര്‍ന്നു. തമിഴ്നാട്ടില്‍ നിന്ന് നിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണയുടെ ഒഴുക്കിന് ഇപ്പോഴും തടസ്സമുണ്ടായിട്ടില്ല. ചെക്പോസറ്ററുകളില്‍ പരിശോധനക്ക് സംവിധാനുമുണ്ടാകുന്നില്ലെങ്കില്‍ ഓണക്കാലത്ത് വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ കേരളത്തിലെത്തുമെന്ന് ഉറപ്പാണ്. മഴ കുറവായതിനാല്‍ സംസ്ഥാനത്ത് വെളിച്ചെണ്ണ ഉല്‍പ്പാദനത്തിന് തടസ്സമില്ല. സംഭരണം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല.
റബര്‍ വിപണിയില്‍ നേരിയ കുറവോടെയാണ് പോയവാരം വ്യാപാരം നടന്നത്. ആര്‍.എസ്.എസ് 4 ന് 179.50 എന്ന നിലയിലേക്ക് വില താഴ്ന്നു. വാരാന്ത്യത്തില്‍ 181.50 എന്ന നിലയിലേക്ക് തിരിച്ചെത്തി. ടയര്‍ കമ്പനികളില്‍ നിന്ന് ഡിമാന്‍ഡ് കുറവായതിനാല്‍ വിപണി ഇനിയും മോശമാകുമെന്ന് കര്‍ഷകര്‍ ഭയക്കുന്നുണ്ട്. ഉല്‍പ്പാദനം പൊതുവെ കുറവാണ്. എന്നാല്‍, വാങ്ങല്‍ കുറഞ്ഞതിനാല്‍ വില ഉയരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
തേയിലക്ക് പോയവാരം വീണ്ടും വിലകൂടി. കയറ്റുമതിക്കാരും പാക്കറ്റ് നിര്‍മാതാക്കളും വില ഉയര്‍ത്തി വാങ്ങുകയായിരുന്നു. പാക്കറ്റ് നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള എ.വി.ടി രണ്ട് രൂപ ഉയര്‍ത്തിയാണ് പൊടിതേയില വാങ്ങിയത്. ഓര്‍ത്തഡോക്സിന് രണ്ട് മുതല്‍ അഞ്ച് രൂപ വരെയും സി.ടി.സി നല്ല ഇനങ്ങള്‍ക്ക് കിലോക്ക് അഞ്ച് രൂപ വരെയും പൊടിതേയില ഓര്‍ത്തഡോക്സ് കിലോക്ക് നാലുരൂപയും സി.ടി.സി പൊടിതേയിലക്ക് രണ്ടുരൂപയും കൂടി.നോമ്പുകാലമെത്തിയതോടെ വിപണിയില്‍ പഴങ്ങള്‍ക്കൊക്കെ പൊള്ളുന്ന വിലയാണ്. മഴക്കുറവ് സമീപഭാവിയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് കാരണമായേക്കുമെന്നും ആശങ്കയുണ്ട്. ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ വന്‍തോതില്‍ ഇറക്കുമതി വേണ്ടി വരുമെന്നാണ് കരുതുന്നത്.

തേയില വില നിലവാരം
ഓര്‍ത്തഡോക്സ് ലീഫ് - 1,62,000 കിലോ
ഹൈഗ്രോണ്‍ ബ്രോക്കണ്‍സ്: 204-215
ഹൈഗ്രോണ്‍ ഫാനിങ്സ് : 160-170
മീഡിയം ബ്രോക്കണ്‍സ്: 90-95
മീഡിയം ഫാനിങ്സ്: 84- 90
സി.ടി.സി ലീഫ് - 97,000 കിലോ
ബെസ്റ്റ് ബ്രോക്കണ്‍: 101-108
ബെസ്റ്റ് ഫാനിങ്സ്: 98-102
മീഡിയം ബ്രോക്കണ്‍സ് : 88-92
മീഡിയം ഫാനിങ്സ്: 81-85
ഓര്‍ത്തഡോക്സ് ഡെസ്റ്റ് - 12,000 കിലോ
മീഡിയം ബ്രോക്കണ്‍ ഡെസ്റ്റ് : ഇല്ല
ഓര്‍ത്തഡോക്സ് മീഡിയം 81-87
മീഡിയം ഫൈന്‍ ഒരുലോട്ട്: ഇല്ല
മറ്റിനങ്ങള്‍ ലേലം ചെയ്തില്ല: ഇല്ല
സി.ടി.സി ഡെസ്റ്റ് - 11,57,000
ബെസ്റ്റ് സൂപ്പര്‍ഫൈന്‍ ഡെസ്റ്റ്: 108- 115
ബെസ്റ്റ് റെഡ് ഡെസ്റ്റ്: 99-104
കടുപ്പം കൂടിയ ഇടത്തരം-93-97
കടുപ്പം കുറഞ്ഞ ഇടത്തരം: 90-94
താണയിനം-81-86


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com