തിരുവനന്തപുരം: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാന്‍ ശ്രമം.
ഗോവന്‍സര്‍ക്കാറിന്റെ പേരിലാണ് അന്യസംസ്ഥാന ലോട്ടറി മാഫിയ കേരളത്തില്‍ ലോട്ടറി ആരംഭിക്കാനായി സര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞസര്‍ക്കാറിന്റെ കാലത്ത് ഏറെ ശ്രമകരമായി നിയന്ത്രിച്ച അന്യസംസ്ഥാന ലോട്ടറി വീണ്ടും എത്തുന്നതിനോട് ലോട്ടറി വകുപ്പിന് വിയോജിപ്പാണുള്ളത്.
ഗോവന്‍ ലോട്ടറിക്ക് അനുമതി നല്‍കരുതെന്ന് കാട്ടി ലോട്ടറി ഡയറക്ടര്‍ ബിജുപ്രഭാകര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭരണതലത്തില്‍ പിടിമുറുക്കി ലക്ഷ്യം നേടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം അണിയറയില്‍ നടത്തുന്നത്.
അന്യസംസ്ഥാന ലോട്ടറികളുടെ ഏറ്റവും വലിയ വിപണിയായിരുന്നു കേരളം. നിത്യേന കോടികളാണ് ഇവിടെ നിന്ന് ലോട്ടറി മാഫിയ കൊള്ളയടിച്ചത്. കോടികളുടെ നികുതിവെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ നിരന്തരമായ ശ്രമഫലമായാണ് ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഈ ലോട്ടറികളുടെ നടത്തിപ്പുകാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവര്‍ക്കെതിരെ സി.ബി. ഐ അന്വേഷണം ഉള്‍പ്പെടെ നടന്നുവരികയാണ്. കേരളത്തിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അന്യസംസ്ഥാന ലോട്ടറി നിരോധിച്ചെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും നിയമവിരുദ്ധമായ ഒറ്റ നമ്പര്‍ലോട്ടറികള്‍ വില്‍ക്കുന്നുണ്ട്.
സംസ്ഥാന ലോട്ടറി ചട്ടവും നികുതി വ്യവസ്ഥകളും അനുസരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ പേപ്പര്‍ ലോട്ടറി ആരംഭിക്കാം. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവന്‍സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്.
ഗോവന്‍ സര്‍ക്കാറിന്റെ അപേക്ഷയിന്മേല്‍ ലോട്ടറി ഡയറക്ടറുടെ അഭിപ്രായം സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അനുമതി നല്‍കരുതെന്ന് ലോട്ടറി ഡയറക്ടര്‍ ബിജു പ്രഭാകര്‍ റിപ്പോര്‍ട്ട് നല്‍കി.
നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഗോവന്‍ സര്‍ക്കാറിന്റെ അപേക്ഷ ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
ലോട്ടറി നിരോധിച്ച സംസ്ഥാനങ്ങളില്‍ കേരളഭാഗ്യക്കുറിയുടെ വില്‍പന്ന വ്യാപകമായിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അന്യസംസ്ഥാനത്തുള്ളവര്‍ക്ക് സമ്മാനം ലഭിച്ചാലും തല്‍ക്കാലം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ലോട്ടറിവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍