വംശീയകലാപം കത്തിയാളിയ അസമില്‍ ആശ്വാസവുമായി ഒടുവില്‍ പ്രധാനമന്ത്രി എത്തി. സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗം കൂടിയായ മന്‍മോഹന്‍സിങ് അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചും വിവിധ സംഘടനാനേതാക്കളുമായി ആശയവിനിമയം നടത്തിയും സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തി. ദുരിതാശ്വാസത്തിനായി 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്കും, വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും വേറെയും ആശ്വാസധനവും വാഗ്ദാനം ചെയ്തു. നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. കലാപം രാജ്യമുഖത്തേറ്റ കറുത്ത പാടാണെന്നും വംശഹത്യക്ക് അന്ത്യം കുറിച്ചുകൊണ്ട് ഒരു രാജ്യം ഒരു ജനത എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
ലോവര്‍ അസമിലെ ബോഡോ സ്വയംഭരണപ്രദേശത്തിന്‍െറ പരിധിയിലുള്ള കൊക്രജര്‍ പ്രവിശ്യയില്‍ കഴിഞ്ഞ പത്തുനാള്‍ കത്തിയാളി 60 പേരുടെ ജീവനെടുത്ത കലാപത്തിന്‍െറ കെടുതികള്‍ ഭീകരമാണ്. കഴിഞ്ഞദിവസം അസം ഡി.ജി.പി ജെ.എന്‍. ചൗധരി നടത്തിയ ഔദ്യാഗിക വെളിപ്പെടുത്തല്‍ അനുസരിച്ച് 3.78 ലക്ഷം ആളുകളാണ് അഭയാര്‍ഥി ക്യാമ്പുകളിലുള്ളത്. 14,400 മുസ്ലിം വീട്ടുകാര്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. 235 ക്യാമ്പുകള്‍ മുസ്ലിംകള്‍ക്കും 75 എണ്ണം ബോഡോകള്‍ക്കുമായി തുറന്നിരിക്കുന്നു. ട്രെയിന്‍ ഗതാഗതം മുടങ്ങിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് രാജ്യവുമായുള്ള ബന്ധംതന്നെ മുറിഞ്ഞിരിക്കുന്നു. അഭയാര്‍ഥിക്യാമ്പുകളിലെ സ്ഥിതി അത്യന്തം ശോചനീയമാണെന്ന് അവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. പ്രധാനമന്ത്രിക്ക് കാര്യം നേര്‍ക്കുനേര്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍കൂടിയാണ് ഇത്രയും തുക അടിയന്തരമായി പ്രഖ്യാപിച്ചതും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ അര്‍ധസേനയെയും സൈന്യത്തെയും വേണ്ടതോതില്‍ വിന്യസിക്കാന്‍ ഏര്‍പ്പാടാക്കിയതും. ആദ്യദിനങ്ങളില്‍ നിഷ്ക്രിയനായിരുന്ന് സ്വന്തം കേന്ദ്രഗവണ്‍മെന്‍റിന്‍െറ തന്നെ വിമര്‍ശം വിളിച്ചുവരുത്തിയ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഉറക്കം വിട്ടുണര്‍ന്നിരിക്കുന്നു. വരുംദിനങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും സംസ്ഥാനത്തെത്തും.
കലാപത്തിന്‍െറ മുറിവുണക്കാനുള്ള ഈ യത്നങ്ങളെല്ലാം ആശ്വാസകരവും സ്വാഗതം ചെയ്യപ്പെടേണ്ടതും തന്നെ. എന്നാല്‍, റമദാന്‍ നോമ്പിന്‍െറയും അസമില്‍ പുതിയ വിളവു തുടങ്ങുന്നതിന്‍െറയും ശുഭകാലത്ത് ഒരു ജനതയുടെ ജീവനും ജീവിതവും തകര്‍ത്തുകളഞ്ഞ ഈ തീക്കളിക്ക് തുടക്കത്തിലേ മണ്ണെറിയാന്‍, അല്ലെങ്കില്‍ മാസങ്ങള്‍ക്കു മുമ്പേ എരിഞ്ഞുകൊണ്ടിരുന്ന കനലുകള്‍ക്ക് വെള്ളമൊഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇക്കണ്ട ദുരന്തമെല്ലാം ഒഴിവാക്കാമായിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ വംശീയകലാപങ്ങള്‍ കൈയബദ്ധമല്ല, കരുതിക്കൂട്ടി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതാണ്. വംശവെറിയും അധീശത്വമോഹവും സമം ചേര്‍ത്ത ചോരക്കൊതിയില്‍നിന്ന് ഉടലെടുക്കുന്ന കലാപങ്ങള്‍ ആസൂത്രിതമായാണ് ആവിഷ്കരിക്കപ്പെടുന്നത്. അതിലേറെ ഗര്‍ഹണീയമാണ് അതിനുനേരെ ഭരണകൂടം സ്വീകരിക്കുന്ന സമീപനം. അവിടെയും സംഭവിക്കുന്നത് കൈപ്പിഴയല്ല, ബോധപൂര്‍വവും നിഗൂഢവുമായ അശ്രദ്ധയും അലംഭാവവുമാണ്. ഇതെപ്പോഴും എവിടെയും ഒരുപോലെയാണ്. സ്ഥലവും കഥാപാത്രങ്ങളും മാത്രം മാറുന്നു എന്നുമാത്രം.
മേയ് 30ന് ഒരു മുസ്ലിം തൊഴിലാളി കൊല്ലപ്പെട്ടതോടെ പുകഞ്ഞു തുടങ്ങിയതാണ് കൊക്രജര്‍. പിന്നീട് ജൂലൈ ആറിന് ഓള്‍ ബോഡോലാന്‍ഡ് മൈനോറിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍, ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍ എന്നീ ന്യൂനപക്ഷ സംഘടനകളുടെ നേതാക്കള്‍ വെടിയേറ്റുമരിച്ചു. ക്രമസമാധാനം വഷളാവുന്നതുകണ്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. തൊട്ടടുത്ത ദിനങ്ങളില്‍തന്നെ തിരിച്ചടിയെന്നോണം നാലു ബോഡോകള്‍ ന്യൂനപക്ഷവിഭാഗക്കാരുടെ കൊലവെറിക്കിരയായി. തുടര്‍ന്ന് കലാപം കത്തിയാളി. ജൂലൈ 19ന്‍െറ സംഘര്‍ഷമെങ്കിലും മുളയില്‍ നുള്ളാമായിരുന്നു. പക്ഷേ, സംസ്ഥാന ഭരണകൂടം വെച്ചുതാമസിപ്പിച്ചു. അസമും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാറുകള്‍ ഒന്നായിട്ടും കലാപം കത്തുമ്പോള്‍ കുശുമ്പും കുന്നായ്മയും പറഞ്ഞു തീര്‍ക്കുന്ന തിരക്കിലായി മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും കേന്ദ്രവും. സംഘര്‍ഷം സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന തമാശയാണ് ഗൊഗോയ് ആദ്യം പറഞ്ഞത്. താനിരിക്കുന്ന തറയുടെ ചൂടറിയാത്തയാളല്ല ഊഴം പലതായി അസം ഭരിക്കുന്ന ഗൊഗോയ്. ബോഡോ കലാപകാരികള്‍ക്ക് പരിമിത അധികാരം നല്‍കി ഒരു വിധം മെരുക്കിയെടുത്ത് സ്വയംഭരണം അവര്‍ക്ക് സമ്മാനിക്കുമ്പോഴും പഴയ ക്ഷത്രിയ ശാത്രവവീര്യം അവരില്‍നിന്നു കുറ്റിയറ്റു പോയിട്ടില്ലെന്നു മറ്റാരേക്കാളും അറിയുന്നതും അസം മുഖ്യനുതന്നെ. എന്നിരിക്കെ അദ്ദേഹം കേന്ദ്രത്തില്‍നിന്നുള്ള വെളിപാടിനും സഹായത്തിനുമായി കാത്തുനിന്നു എന്നുപറയുമ്പോള്‍ അതില്‍ ചില വെളിവില്ലായ്മകളുണ്ട്. കേന്ദ്രത്തിലുള്ളവരും അവരെക്കൊണ്ടാവുന്ന കാലവിളംബം വരുത്തി. അവിടെ കിട്ടിയ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാന്‍ പിന്നെയും രണ്ടുനാള്‍. സംഘര്‍ഷം വ്യാപിച്ചുകൊണ്ടിരുന്ന ചിറാങ്, ഗോളപാറ, കൊക്രജര്‍ ജില്ലകള്‍ക്കു ചാരെയാണ് തേജ്പൂര്‍ കേന്ദ്രമായ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി സേന തമ്പടിച്ചിരിക്കുന്നത്. എന്നാല്‍, അവര്‍ക്ക് ഇളകണമെങ്കില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍െറ ഉത്തരവു വേണം. ആ ഉത്തരവിനാണ് രണ്ടുനാള്‍ എടുത്തത്.
ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരിക്കുന്ന കൊക്രജര്‍ പ്രവിശ്യയിലെ ബോഡോ ഭൂരിപക്ഷജില്ലകളില്‍ ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളും തമ്മില്‍ എന്നും സ്പര്‍ധയിലാണ്. ബംഗാളി സംസാരിക്കുന്നവരെ മുഴുവന്‍ ബംഗ്ളാദേശി കുടിയേറ്റക്കാരായാണ് മറ്റു പ്രദേശവാസികള്‍ കാണുന്നത്. ഈ അപരവത്കരണം നേര്‍പ്പിച്ച് ക്രമത്തില്‍ ഇല്ലാതാക്കുകയും മുമ്പ് പശ്ചിമബംഗാളില്‍ നിന്നു കുടിയേറിവന്ന ബംഗാളി സംസാരിക്കുന്നവര്‍ക്ക് കൃത്യമായ മേല്‍വിലാസവും പുനരധിവാസവും ഒരുക്കിക്കൊടുക്കുകയുമാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവര്‍ ചെയ്യേണ്ടത്. എന്നാല്‍, അസമിലെ പ്രശ്നത്തെ വേരില്‍ ചെന്നു പഠിച്ചാലറിയാം, ഈ വംശീയപ്രശ്നം ഇല്ലാതാക്കാനല്ല, അത് മൂര്‍ച്ഛിപ്പിച്ച് മുതല്‍ക്കൂട്ടാനുള്ള ശ്രമമാണ് ഓരോ രാഷ്ട്രീയപാര്‍ട്ടിയും നടത്തുന്നത്. ന്യൂനപക്ഷക്ഷേമം പറഞ്ഞു രംഗത്തുവന്ന സംഘടനകള്‍ പോലും ഇതില്‍നിന്നു മാറിനിന്നിട്ടില്ല. ഇപ്പോള്‍ കൊക്രജറില്‍ പരിമിതഭരണം ലഭിച്ച ബോഡോകള്‍ അവരുടെ പഴയ ടൈഗര്‍സേനയിലുള്ളവരെയാണ് പൊലീസിലും സെക്യൂരിറ്റി സംവിധാനത്തിലുമൊക്കെ പുനരധിവസിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍സേനയിലിരുന്ന് പഴയ മിലീഷ്യ കളിക്കുന്ന ഇവര്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നുമുണ്ട്. ഈ വക യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞു മാറുന്നിടത്തോളം അസമില്‍ കഥ തുടരും. കലാപം നക്കിത്തുടക്കുന്നവര്‍ക്കുള്ള സാന്ത്വനസ്പര്‍ശമോ പുരട്ടുചികിത്സയോ അല്ല, പ്രശ്നങ്ങളുടെ മര്‍മമറിഞ്ഞുള്ള പരിഹാരക്രിയയാണ് വംശവെറിയെ പ്രതിരോധിക്കാനുള്ള മാര്‍ഗം. അതിനുള്ള ത്രാണിയാണ് ഭരണകൂടം പ്രകടിപ്പിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍