12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ട്രെയിന്‍ തീപിടിത്തം: മരണം 32 ആയി

ട്രെയിന്‍ തീപിടിത്തം: മരണം 32 ആയി

ചെന്നൈ: ന്യൂദല്‍ഹി-ചെന്നൈ തമിഴ്നാട് എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. 29 യാത്രക്കാരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10പേരുടെ നില ഗുരുതരമാണ്. ട്രെയിനിലെ എസ് 11 സ്ളീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരും പരിക്കേറ്റവരും ഇതിലുണ്ടായിരുന്ന യാത്രക്കാരാണ്.
ചെന്നൈയില്‍നിന്ന് 175 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.20ഓടെയാണ് സംഭവം. ന്യൂദല്‍ഹിയില്‍നിന്ന് ശനിയാഴ്ച രാത്രി 10.20ന് പുറപ്പെട്ട ട്രെയിന്‍ ഇന്നലെ പുലര്‍ച്ചെ നെല്ലൂര്‍ സ്റ്റേഷന്‍ കടന്ന ഉടനെയാണ് എസ് 11 കോച്ചില്‍ തീപിടിത്തമുണ്ടായത്. തീ കണ്ട നെല്ലൂര്‍ സ്റ്റേഷന്‍ മാനേജര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നെല്ലൂരിനും വേടയപാലത്തിനുമിടയില്‍ ട്രെയിന്‍ നിര്‍ത്തി. ട്രെയിനിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ തീപിടിച്ച കമ്പാര്‍ട്ട്മെന്‍റ് ഉടനെ വേര്‍പെടുത്തിയതിനാലാണ് ദുരന്തത്തിന്‍െറ വ്യാപ്തി കുറക്കാനായത്.
കമ്പാര്‍ട്ട്മെന്‍റിലെ ടോയ്ലറ്റിനോടു ചേര്‍ന്ന സ്വിച്ച് ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തീപ്പിടിത്തത്തിനു മുമ്പ് പൊട്ടിത്തെറി ശബ്ദം കേട്ടതായി യാത്രക്കാരില്‍ ചിലര്‍ പറയുന്നതിനാല്‍ അട്ടിമറിസാധ്യതയും അന്വേഷിക്കുന്നുണ്ട്. നക്സലുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് നെല്ലൂര്‍.
അപകടത്തില്‍ 32 പേര്‍ മരിച്ചതായി സൗത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതില്‍ 19 പുരുഷന്മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. നാല് മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ നെല്ലൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തുവരുകയാണ്. നെല്ലൂരിനു സമീപം മഴപെയ്തതിനാല്‍ മുഴുവന്‍ ജനലുകളും വാതിലും അടച്ചിട്ടനിലയിലായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ യാത്രക്കാര്‍ പറഞ്ഞു. ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ തീയും പുകയും പടര്‍ന്നതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ തിക്കിലും തിരക്കിലും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് കരുതുന്നു. തീപിടിത്തത്തെ തുടര്‍ന്ന് രണ്ട് പ്രധാന വാതിലുകളും തുറക്കാനാവാതെവന്നതായും യാത്രക്കാര്‍ പറഞ്ഞു. ജഡങ്ങളിലേറെയും വാതിലുകള്‍ക്കരികിലാണ് കാണപ്പെട്ടത്. റെയില്‍വേ പൊലീസും ഫയര്‍ഫോഴ്സും ഒരു മണിക്കൂറോളം കഴിഞ്ഞാണ് സംഭവസ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്. തീപിടിത്തമുണ്ടായ കമ്പാര്‍ട്ട്മെന്‍റ് ഇതിനകം പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.
നെല്ലൂര്‍ ജില്ലാ കലക്ടര്‍ ശ്രീധര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മണിയോടെയാണ് തീ പൂര്‍ണമായും അണച്ച് ജഡങ്ങള്‍ പുറത്തെടുത്തു തുടങ്ങിയത്. ചെന്നൈയില്‍നിന്ന് യാത്രക്കാരുടെ ബന്ധുക്കളെ പ്രത്യേക ട്രെയിനില്‍ ഇന്നലെ ഉച്ചയോടെ നെല്ലൂരിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായശേഷം ബന്ധുക്കള്‍ മുഖേന ജഡങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്, ആന്ധ്ര സ്വദേശികളും ഉത്തരേന്ത്യക്കാരുമാണ് മരിച്ചവരില്‍ ഏറെയുമെന്ന് കരുതുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com