മുംബൈ: കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണകാര്യങ്ങളില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷിയായ എന്‍. സി.പി ഉയര്‍ത്തിയ പ്രതിഷേധം വാക്പോരിലേക്ക്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും എന്‍.സി.പിയെ അനുനയിപ്പിച്ചെങ്കിലും പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. കേന്ദ്രത്തിലെ യു.പി.എ സഖ്യത്തില്‍ ഒമ്പത് അംഗങ്ങളുള്ള എന്‍.സി.പിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പരസ്യമായി പ്രതികരിച്ചതും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അതിനു മറുപടി നല്‍കിയതുമാണ് പുതിയ സംഭവം. ഇക്കാലത്ത് ഒമ്പത് എം.പിമാരുള്ള പാര്‍ട്ടികള്‍ക്കുവരെ മൂന്നു മന്ത്രിപദം ലഭിക്കുന്നു എന്ന പൃഥ്വിരാജ് ചവാന്‍െറ പ്രതികരണമാണ് വാക്പോരിനു തുടക്കമിട്ടത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേത്കറെയെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ചവാന്‍െറ പ്രതികരണം.
ആദ്യ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 61 അംഗങ്ങളുള്ള ഇടതു പാര്‍ട്ടി സഖ്യത്തെ പുറത്തുനിന്നു പിന്താങ്ങിയതു ചൂണ്ടിക്കാട്ടിയ ചവാന്‍, അന്നവര്‍ ഭരണത്തില്‍ പങ്കാളിയാകാന്‍ തയാറായിരുന്നെങ്കില്‍ 15 മന്ത്രി പദങ്ങള്‍ നല്‍കേണ്ടിവരുമായിരുന്നു എന്നും പറഞ്ഞു. ജനപിന്തുണ ഇല്ലാത്തവര്‍ കോണ്‍ഗ്രസിലെ വലിയ പദവികളില്‍ ഇരിക്കുന്നതിനെതിരെ വിമര്‍ശിച്ചുകൊണ്ടാണ് ശരദ്പവാര്‍ മറുപടി നല്‍കിയത്. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും ജനങ്ങള്‍ തെരഞ്ഞെടുത്തവരാണെന്നും അതിനാല്‍ അവര്‍ക്കു ജനങ്ങളുടെ പ്രയാസങ്ങള്‍ അറിയാമെന്നും ന്യൂമുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ പവാര്‍ പറഞ്ഞു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും എം.പി.സി.സി അധ്യക്ഷന്‍ മണിക്റാവ് തക്രെയും തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയവരല്ല. ഇരുവരും നിയമസഭാ കൗണ്‍സില്‍ വഴിയാണ് സഭയിലെത്തിയത്. ഇത് സൂചിപ്പിച്ചുകൊണ്ടാണ് പവാറിന്‍െറ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍