12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

വിമോചനവാദികളുടെ വംശവെറി

വിമോചനവാദികളുടെ വംശവെറി

കശ്മീരില്‍ സമാധാന സന്ദേശവുമായി ബുദ്ധമതാചാര്യന്‍ ദലൈലാമ കഴിഞ്ഞയാഴ്ച പര്യടനം നടത്തുമ്പോള്‍ ബുദ്ധതീവ്രവാദികള്‍ ഭരണകൂടത്തിന്‍െറ പിന്തുണയോടെ മ്യാന്മറില്‍ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ദല്‍ഹിയിലെ ബര്‍മീസ് സ്ഥാനപതിയെ സമീപിച്ചിരിക്കുകയായിരുന്നു മുസ്ലിം സംഘടനാ നേതാക്കള്‍. രണ്ടു മാസമായി തുടരുന്ന നരമേധത്തിനെതിരെ ലോകമെങ്ങും രോഷം അണപൊട്ടുന്നതിനിടയിലാണ് ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജംഇയ്യത്ത് അഹ്ലെ ഹദീസ്, ജംഇയ്യതുല്‍ ഉലമായേ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സ്ഥാനപതിയുമായി ബന്ധപ്പെട്ടത്. വംശഹത്യ സംബന്ധിച്ച് മ്യാന്മര്‍ ഭരണകൂടത്തിന്‍െറ ഔദ്യാഗിക ഭാഷ്യം ലഭിക്കാന്‍ ആദ്യം സ്ഥാനപതിക്ക് കത്തെഴുതുകയായിരുന്നു ഇവര്‍. ലാമ കശ്മീരില്‍നിന്ന് മടങ്ങുന്ന ദിവസവും നരമേധത്തിനെതിരെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ തെരുവിലായിരുന്നു. കശ്മീരിലെ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ആഹ്വാനം ചെയ്ത ദലൈലാമ മ്യാന്മറില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആയിരങ്ങളുടെ ജീവന്‍ പൊലിഞ്ഞതിനെതിരെ ഒരക്ഷരമുരിയാടിയില്ല. തിബത്തന്‍ ജനതയോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ വാ തുറക്കാറുള്ള നൊബേല്‍ ജേതാവ് സ്വന്തം അനുയായികളുടെ കത്തിമുനയില്‍ മ്യാന്മറില്‍ വീണ ചോരയെ ചൊല്ലി വിലപിച്ചില്ല. മനുഷ്യത്വം ബാക്കിയുള്ള ഓള്‍ ഇന്ത്യ ബുദ്ധിസ്റ്റ് കൗണ്‍സില്‍ എന്ന ദല്‍ഹിയിലെ ബുദ്ധമതക്കാരുടെ ഗ്രൂപ് മ്യാന്മറിനെതിരെ സമ്മര്‍ദവുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സമീപിച്ചപ്പോഴാണ് സമാധാനത്തിന്‍െറ ദൂതുമായെത്തിയ ദലൈലാമ സമാധാനസ്നേഹികളെ വ്രണപ്പെടുത്തുന്ന മൗനം പാലിച്ചത്.
വിമോചനപോരാട്ടത്തിന്‍െറ നായികയായി ലോകമെങ്ങുമുള്ള സ്വാതന്ത്ര്യവാദികള്‍ മനസ്സില്‍ കുറിച്ചിട്ട ഓങ്സാന്‍ സൂചി സ്വീകരിച്ച നിലപാടും ലാമയുടെ അര്‍ഥഗര്‍ഭമായ മൗനത്തിന്‍െറ വകഭേദമായിരുന്നു. ജയില്‍മോചിതയായി തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയ സൂചി തന്‍െറ സ്വാതന്ത്ര്യപ്പോരാട്ടത്തിന് പിന്തുണ തേടി യൂറോപ്യന്‍ പര്യടനത്തിനിറങ്ങിയ വേളയിലായിരുന്നു സ്വന്തം നാട്ടില്‍ ആയിരങ്ങള്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടത്. ഇംഗ്ളണ്ടിലെത്തിയ സൂചിയോട് വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യ മുസ്ലിംകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ബര്‍മക്കാരാണോ എന്നറിയില്ലെന്നായിരുന്നു മറുപടി. നൂറ്റാണ്ടുകളായി മ്യാന്മറില്‍ ജീവിക്കുന്ന റോഹിങ്ക്യ മുസ്ലിംകള്‍ ബര്‍മക്കാരാണോയെന്ന് ജനാധിപത്യത്തിന്‍െറയും മനുഷ്യാവകാശത്തിന്‍െറയും പ്രതീകമായ സൂചി ഇനിയും പഠിച്ചിട്ടില്ല! സ്വന്തം പൗരന്മാരെ നാടുകടത്താന്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് അഭയാര്‍ഥി ക്യാമ്പുണ്ടാക്കണമെന്ന് മ്യാന്മര്‍ പ്രസിഡന്‍റ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടപ്പോള്‍ ഈ ആവശ്യത്തെ പിന്തുണക്കുകയാണ് ഓങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഓഫ് ഡെമോക്രസി ചെയ്തത്. വിമോചന സമരങ്ങള്‍ വര്‍ഗീയവും വംശീയവുമായ അജണ്ടകളില്‍ നിന്ന് മുക്തമല്ലെന്ന് മ്യാന്മര്‍ തെളിയിച്ചിരിക്കുന്നു. തമിഴ് ഈഴത്തിനായി ശ്രീലങ്കയില്‍ നടന്ന വിമോചന പോരാട്ടം മുസ്ലിം ഉന്മൂലനത്തില്‍ കലാശിച്ചതിന്‍െറ പുനരാവര്‍ത്തനമാണ് മ്യാന്മറിലും സംഭവിക്കുന്നത്. ശ്രീലങ്കയില്‍ വിമോചനപുലികളുടെ ഏകപക്ഷീയമായ ആക്രമണമായിരുന്നെങ്കില്‍, മ്യാന്മറില്‍ വിമോചനപ്പോരാളികളും ഭരണകൂടവും ഇരകള്‍ക്കെതിരെ കൈകോര്‍ത്തിരിക്കുകയാണ്.
ജൂണ്‍ ആദ്യവാരത്തില്‍ പൊട്ടിപ്പുറപ്പെട്ട് ജൂലൈ അവസാനമായിട്ടും ശമിക്കാത്ത കൂട്ടക്കുരുതിയാണ് റോഹിങ്ക്യകളെ ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചത്. രാഖൈന്‍ സംസ്ഥാനത്തെ ക്യാക്പ്യു ജില്ലയില്‍ മേയ് 28ന് മൂന്ന് മുസ്ലിം യുവാക്കള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണമായതെന്നാണ് ബര്‍മീസ് സ്ഥാനപതി മുസ്ലിം നേതാക്കള്‍ക്ക് നല്‍കിയ മറുപടി. മേയ് 30ന് പെണ്‍കുട്ടികളുടെ ബന്ധുക്കളും മറ്റു ഗ്രാമീണരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് പിടികൂടിയ യുവാക്കളെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. അതിന് പൊലീസ് തയാറായില്ല. തുടര്‍ന്ന് പിരിഞ്ഞുപോകാതിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടിവന്നു. ഇതിന് പ്രതികരണമെന്നോണം ജൂണ്‍ മൂന്നിന് 300ഓളം വരുന്ന ബുദ്ധമതാനുയായികള്‍ യാംഗോനിലേക്ക് പോകുന്ന ബസ് തടഞ്ഞുനിര്‍ത്തി 10 മുസ്ലിം യാത്രക്കാരെ ആക്രമിച്ചുകൊലപ്പെടുത്തിയെന്നും ബുദ്ധമതാനുയായികളും മുസ്ലിംകളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് വഴിവെച്ചുവെന്നും ഇതോടെ ദിവസങ്ങള്‍ നീണ്ട കലാപത്തിന് തുടക്കമായെന്നുമാണ് സ്ഥാനപതി നല്‍കിയ വിശദീകരണം. ജൂണ്‍ എട്ടിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷം തുടര്‍ന്നു. കൊല്ലപ്പെട്ട നൂറുകണക്കിനാളുകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിക്കുമ്പോള്‍ രണ്ടു മാസം നീണ്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 79 പേര്‍ മാത്രമാണെന്നാണ് ബര്‍മീസ് സ്ഥാനപതി നല്‍കിയ കണക്ക്. ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും മറ്റാരെങ്കിലും കൊന്നതല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നും കോടികളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയെന്നും 30 ബുദ്ധമതാനുയായികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം മുസ്ലിം നേതാക്കളെ അറിയിച്ചു.
സെന്‍സര്‍ ചെയ്ത ഔദ്യാഗിക ഭാഷ്യത്തില്‍നിന്ന് വിഭിന്നമാണ് രാഖൈനില്‍ പോയ സന്നദ്ധ, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ലോകത്തിന് നല്‍കുന്ന വിവരം. ആറാഴ്ച മുമ്പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ തുടര്‍ന്ന് മുമ്പൊന്നുമില്ലാത്ത സാഹചര്യം സംജാതമായിരിക്കുകയാണെന്നും എണ്ണമറ്റ ആളുകള്‍ക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പറയുന്നു. ജൂണ്‍ പത്തിനും 28നുമിടയില്‍ മാത്രം 650 പേരെ കൊലപ്പെടുത്തിയതിന്‍െറ കണക്ക് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടന്‍ കേന്ദ്രമായുള്ള സന്നദ്ധസംഘടനയും പറയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ഇക്കാലയളവിനുള്ളില്‍ കൊല്ലപ്പെട്ടത് 20,000ത്തോളം പേരാണ്.http://origin-www.madhyamam.com/sites/default/files/assam women-20-7_0.jpg" type="image" />അഭയാര്‍ഥിപ്രവാഹത്തിന്‍െറ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന കൂട്ടക്കുരുതി ഇന്ത്യയുടെ തൊട്ടയല്‍പക്കത്ത് നടന്നിട്ടും ദേശീയ മാധ്യമങ്ങള്‍ അത് തമസ്കരിച്ചു. ഇന്ത്യയിലെത്തിയ റോഹിങ്ക്യ കുടുംബങ്ങള്‍ ദല്‍ഹിയില്‍ തമ്പടിച്ച് തങ്ങളെ അഭയാര്‍ഥികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കെഞ്ചിയതും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. മ്യാന്മറില്‍ നിന്ന് പലായനം ചെയ്തെത്തി അസമിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും ആന്ധ്രപ്രദേശിലും ചിതറിക്കിടക്കുകയായിരുന്ന 3500ഓളം പേരാണ് ജൂണ്‍ 15 വരെ ദല്‍ഹിയില്‍ സമരം നടത്തിയത്. തങ്ങളെ അഭയാര്‍ഥികളായി അംഗീകരിക്കണമെന്നേ ആകാശവും ഭൂമിയും നഷ്ടപ്പെട്ട ഈ മനുഷ്യര്‍ കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരുന്നുള്ളൂ. മാധ്യമങ്ങള്‍ അഭയാര്‍ഥികളോട് മുഖം തിരിഞ്ഞു നിന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ പണി എളുപ്പമാക്കി. അഭയാര്‍ഥികളായി അംഗീകരിക്കാനാവില്ലെന്ന കേന്ദ്രത്തിന്‍െറ കടുംപിടിത്തത്തിന് മുന്നില്‍ സമരം അവസാനിപ്പിച്ച് വന്ന വഴിയേ അവര്‍ മടങ്ങി. ഭൂരിഭാഗം പേരും മീറത്തിലേക്കും മേവാത്തിലേക്കും ഹൈദരാബാദിലേക്കും വണ്ടികയറിയതോടെ സമരത്തിനിരുന്ന 200ഓളം റോഹിങ്ക്യ മുസ്ലിംകള്‍ മാത്രമാണ് ദല്‍ഹിയില്‍ അവശേഷിച്ചത്. തിരിച്ചെങ്ങും പോകാനില്ലാതെ ഓഖ്ലക്കടുത്ത കാളിന്ദികുഞ്ചില്‍ കുടില്‍കെട്ടി കഴിഞ്ഞുകൂടുകയാണിവര്‍. അഭയം ചോദിച്ച് ദല്‍ഹിയില്‍ ഇനിയൊരു മുന്നേറ്റമുണ്ടാകാതിരിക്കാന്‍ ഈ ക്യാമ്പിന് ചുറ്റും വട്ടമിട്ട് നടക്കുകയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളില്‍ പൊതുവായി നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കിടയിലാണ് റോഹിങ്ക്യ വംശജര്‍ അഭയാര്‍ഥികളായെത്തിയിരിക്കുന്നത്. ഓരോ മഴക്കാലവും ബ്രഹ്മപുത്രയുടെ പാര്‍ശ്വങ്ങളില്‍ വസിക്കുന്ന ബംഗാളി മുസ്ലിംകള്‍ക്ക് ഭീതിയുടെ കാലമാണ്. ബ്രഹ്മപുത്ര കവര്‍ന്നെടുക്കുന്ന കരയില്‍നിന്ന് ഓരോ വര്‍ഷവും കുടിയിറങ്ങുന്നവര്‍ പിന്നീട് ബംഗ്ളാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി മുദ്ര കുത്തപ്പെടാറാണ് പതിവ്. പതിറ്റാണ്ടുകളായി സ്വന്തം കിടപ്പാടങ്ങളില്‍ അന്തിയുറങ്ങുന്ന ദല്‍ഹിയിലെയും യു.പിയിലെയും ബിഹാറിലെയും അസമിലെയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ പാതിരാവുകളില്‍ പിടികൂടി ബംഗ്ളാദേശ് പൗരന്മാരായി ചാപ്പകുത്തി അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളുമ്പോഴാണ് റോഹിങ്ക്യകളുടെ അഭയം തേടിയുള്ള വരവ്. മുസ്ലിം സംഘടനാനേതാക്കള്‍ വിഷയത്തിലിടപെട്ടതും ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, ബംഗാളികളെ പിടിച്ചുകൊണ്ടുപോയി തള്ളുന്നതുപോലെ റോഹിങ്ക്യകളെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കുന്നില്ലെന്നും അതുതന്നെ വലിയ കാര്യമാണെന്നുമുള്ള ഭാവത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബാധ്യസ്ഥമായ ഐക്യരാഷ്ട്രസഭാ ഉടമ്പടിയില്‍ ഒപ്പുവെക്കാത്തതിനാല്‍ റോഹിങ്ക്യകളെ സ്വീകരിക്കേണ്ട ബാധ്യത ഇന്ത്യക്കില്ലെന്ന് പറഞ്ഞാണ് അഭയം ചോദിച്ചെത്തിയവരെ ദല്‍ഹിയില്‍ നിന്ന് മടക്കി അയച്ചത്. ഇതുതന്നെയാണ് ബംഗ്ളാദേശിന്‍െറ ന്യായവും. ഒരു വിഭാഗം അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുത്താല്‍ അവശേഷിക്കുന്ന മുഴുവന്‍ റോഹിങ്ക്യകളെയും ബംഗ്ളാദേശിലേക്ക് ഓടിക്കുമെന്നും മ്യാന്മറിലെ വംശവെറി രൂക്ഷമാകുമെന്നും ബംഗ്ളാദേശ് ചേര്‍ത്തുപറയുന്നു. ദുരിതക്കയത്തില്‍നിന്നും ബോട്ട് കയറി ബംഗ്ളാദേശിലേക്കും മലേഷ്യയിലേക്കും ആസ്ട്രേലിയയിലേക്കും രക്ഷപ്പെടാനിരുന്ന ഇവര്‍ക്ക് മുന്നില്‍ ആ രാജ്യങ്ങള്‍ മാര്‍ഗതടസ്സങ്ങളൊരുക്കിയിരിക്കുന്നു. ബോട്ട്മാര്‍ഗം രക്ഷപ്പെടുന്നതിനിടയില്‍ ബംഗ്ളാദേശ് തിരിച്ചയച്ച 50 പേരെ മ്യാന്മര്‍ ഹെലികോപ്ടര്‍ വെടിവെച്ചുകൊന്നു. നിറയെ അഭയാര്‍ഥികളുമായി ആസ്ട്രേലിയന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന രണ്ട് ബോട്ടുകള്‍ നൂറുകണക്കിന് മനുഷ്യജീവനുംകൊണ്ട് മുങ്ങിത്താണു. ബംഗ്ളാദേശിനടുത്ത് ആള്‍പ്പാര്‍പ്പില്ലാത്ത സെന്‍റ് മാര്‍ട്ടിന്‍ ദ്വീപില്‍ കഴിയുകയാണ് ബംഗ്ളാ റൈഫിള്‍സ് തിരിച്ചയച്ചവര്‍. ആസ്ട്രേലിയയില്‍ പ്രവേശാനുമതി നിഷേധിക്കപ്പെട്ട് ക്രിസ്ത്യന്‍ ദ്വീപിലെത്തിപ്പെട്ടിരിക്കുകയാണ് മറ്റൊരു സംഘം. നാടുവിടുകയും ഒരു നാടും സ്വീകരിക്കാതിരിക്കുകയും ചെയ്ത ഇവര്‍ക്ക് ഈ റമദാന്‍ അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാണ്.

റോഹിങ്ക്യകളെ അറിയുക
വടക്കുപടിഞ്ഞാറന്‍ മ്യാന്മറിലെ മുസ്ലിം വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യകള്‍. ബംഗ്ളാദേശിനോട് അതിരിടുന്ന മൂന്ന് ജില്ലകളിലായി കിടക്കുന്ന റോഹിങ്ക്യകള്‍ രാഖൈന്‍ സംസ്ഥാനത്തിന്‍െറ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ കുടിയേറ്റക്കാരായാണ് ഭരണകൂടവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ഇവരെ വിശേഷിപ്പിക്കുന്നത്. പഴയ അറാകനില്‍ (ഇപ്പോള്‍ രാഖൈന്‍) എ.ഡി 1430 മുതല്‍ മുസ്ലിം ജനവാസമുള്ളതിന്‍െറ ചരിത്രരേഖകളുമുണ്ട്. എന്നാല്‍, ഇരുണ്ട തൊലിയും ഇസ്ലാം മത വിശ്വാസവും ബംഗാളി ഭാഷയുടെ പ്രാദേശിക വകഭേദം സംസാരിക്കുന്ന റോഹിങ്ക്യകളെ സ്വന്തം രാജ്യത്ത് പൗരത്വമില്ലാത്തവരാക്കി. സൈനിക ഭരണകൂടത്തിന് പകരം സിവിലിയന്‍ ഭരണകൂടം അധികാരമേറ്റെടുത്തിട്ടും റോഹിങ്ക്യകളുടെ സ്ഥിതി മാറിയില്ല. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത ഇവര്‍ക്ക് പൂര്‍ണ സഞ്ചാരസ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസത്തിന്് നിയമപരമായ അവകാശമില്ല്ളാത്തതിനാല്‍ നിരക്ഷരത 80 ശതമാനമാണ്. ഇവരുടെ വിവാഹത്തിനും കുടുംബജീവിതത്തിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. മക്കളുടെ എണ്ണം രണ്ടാക്കി പരിമിതപ്പെടുത്തണമെന്നത് കര്‍ക്കശമായ ഉപാധിയാണ്. നിയമത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയോ രണ്ടിലധികം മക്കള്‍ക്ക് ജന്മം നല്‍കുകയോ ചെയ്തുവെന്ന കാരണത്താല്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെട്ട 40,000 റോഹിങ്ക്യ കുട്ടികള്‍ രാഖൈനിലുണ്ട്. കരിമ്പട്ടികയിലായ ഈ കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ നടത്താന്‍ ഭരണകൂടം തയാറായില്ലെന്നു മാത്രമല്ല, ഇവര്‍ വലുതായാല്‍ ഭാവിയില്‍ വിവാഹം കഴിക്കരുതെന്നും ഭരണകൂടം കല്‍പിച്ചു. ജനസംഖ്യാ കണക്കെടുക്കുമ്പോഴും ഈ 40,000 പേരുടെ തലയെണ്ണില്ല. രണ്ടാം ലോകയുദ്ധ കാലത്ത് 5000 റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്തതോടെയാണ് മ്യാന്മര്‍ വംശീയമായ ഉന്മൂലനത്തിന്‍െറ ഏട് തുറക്കുന്നതും അഭയാര്‍ഥികളുടെ പലായനം തുടങ്ങുന്നതും.
ഏറ്റവും പുതിയ കണക്കനുസരിച്ച് മ്യാന്മറില്‍ എട്ടു ലക്ഷത്തോളം റോഹിങ്ക്യ മുസ്ലിംകളുണ്ട്. ബംഗ്ളാദേശില്‍ മൂന്ന് ലക്ഷവും മലേഷ്യയില്‍ കാല്‍ ലക്ഷവും റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി താമസിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com