കൊട്ടിയം: വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയത് കൊല്ലം -കണ്ണനല്ലൂര്‍ റൂട്ടില്‍ യാത്രക്കാരെ വലച്ചു. കര്‍ബലാ ജങ്ഷനില്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നാരോപിച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിദ്യാര്‍ഥി സംഘം അയത്തില്‍ ജങ്ഷനില്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ബസ് ജീവനക്കാരന്‍ അജിഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം -കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബിസ്മി ബസിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കണ്ണനല്ലൂരില്‍ സ്വകാര്യബസുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പെട്ടെന്നുള്ള പണിമുടക്ക് യാത്രക്കാരെ പെരുവഴിയിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍