തൊടുപുഴ: മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകളും ചരക്ക് വാഹനങ്ങളും ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം കാറ്റില്‍ പറത്തുന്നതായി ആക്ഷേപം.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ്, ബോയ്സ് ഹൈസ്കൂള്‍ ജങ്ഷന്‍ , കാഞ്ഞിരമറ്റം ജങ്ഷന്‍, ടെലിഫോണ്‍ ജങ്ഷന്‍ വഴി സിവില്‍ സ്റ്റേഷന് മുന്‍ വശത്ത് നിന്ന് തിരിഞ്ഞ് ജിനദേവന്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, കോതായിക്കുന്നിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തണമെന്നാണ് നിഷ്കര്‍ഷിച്ചിരുന്നത്.
ഇതിനെതിരെ ബസുടമകള്‍ ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. ഭാരവാഹനങ്ങള്‍ ബൈപാസ് വഴി പോകണമെന്നായിരുന്നു നിര്‍ദേശം. സ്റ്റേയുടെ ആനുകൂല്യത്തില്‍ ഭാര വാഹനങ്ങളും ഇതേ വഴിയിലൂടെ സഞ്ചാരം തുടങ്ങി. സിവില്‍ സ്റ്റേഷന് മുന്‍ വശം മുതല്‍ ആദംസ്റ്റാര്‍ വരെയും ആദംസ്റ്റാര്‍ മുതല്‍ പ്രസ് ക്ളബ്, ഗസ്റ്റ് ഹൗസ്, ടെലിഫോണ്‍ ജങ്ഷന്‍, പഴയപാലം വരെയും ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വണ്‍വേയും ഏര്‍പ്പെടുത്തി.
ഗാന്ധി സ്ക്വയറില്‍ നിന്ന് പഴയപാലം വഴി വരുന്ന എല്ലാ വാഹനങ്ങളും അമ്പലം ബൈപാസ് റോഡിലൂടെ തിരിഞ്ഞ് ആദംസ്റ്റാര്‍ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകണമെന്നുമായിരുന്നു നിര്‍ദേശം. 2011 ഫെബ്രുവരി 11 ന് ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയില്‍ സിവില്‍ സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് ജ്യോതി സൂപ്പര്‍ ബസാര്‍ ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു.
വണ്‍വെ റോഡുകളില്‍ റോഡിന്‍െറ ഇടത് ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നായിരുന്നുനിഷ്കര്‍ഷ. ജിനദേവന്‍ റോഡിന്‍െറ ഇരുവശത്തും വാഹന പാര്‍ക്കിങ് പാടില്ല.ഗെസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള ഓട്ടോസ്റ്റാന്‍ഡ് എതിര്‍ വശത്തേക്ക് മാറ്റുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും തീരുമാനിച്ചിരുന്നു.
മാര്‍ക്കറ്റ് റോഡില്‍ രാവിലെ എട്ട് മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ 5.30 വരെയും ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യരുതെന്ന തീരുമാനവും കര്‍ശനമായി നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. മുനിസിപ്പല്‍ പാര്‍ക്കിന് എതിര്‍വശം ആദംസ്റ്റാര്‍ വരെ ജിനദേവന്‍ റോഡില്‍ കാഡ്സ് കഴിഞ്ഞ് വലത് വശവുമാണ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സ്ഥലങ്ങളെന്നും നിര്‍ണയിച്ചിരുന്നു.
എന്നാല്‍, ഇതൊന്നും പാലിക്കപ്പെടാത്ത സ്ഥിതിയാണ്. ഇതു നഗരത്തില്‍ വീണ്ടും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍