പീരുമേട്: വാഗമണ്ണില്‍ തിരിച്ചുപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കാണാനില്ല. വാഗമണ്‍ വില്ലേജിന്‍െറ പരിധിയിലെ ഉളുപ്പൂണിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് കാണാതായത്.
സ്വകാര്യ വ്യക്തികള്‍ കൈയേറിയ 600 ഏക്കര്‍ സ്ഥലമാണ് കഴിഞ്ഞ വര്‍ഷം സര്‍വേ നടത്തി തിരിച്ചുപിടിച്ചത്. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ മാസങ്ങളോളം സര്‍വേ നടത്തി യാണ് ഭൂമി തിരിച്ചുപിടിച്ചത്. വന്‍കിടക്കാരുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നഷ്ടപ്പെട്ടവയില്‍ മിക്കവയും. ബോര്‍ഡുകള്‍ നഷ്ടപ്പെട്ട വിവരം വില്ലേജ് അധികൃതര്‍ താലൂക്കോഫിസില്‍ അറിയിച്ചിട്ടില്ല.
വീണ്ടും കൈയേറ്റത്തിന് ഭൂമാഫിയ നീക്കം ആരംഭിച്ചതിന്‍െറ തുടക്കമായാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്ന് കരുതുന്നു.
തിരിച്ചുപിടിച്ച ഭൂമി സംരക്ഷിക്കാനോ വീണ്ടും കൈയേറ്റക്കാര്‍ കടന്നുകയറാതിരിക്കാനോ റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
തിരിച്ചുപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിരീക്ഷണത്തിന് പ്രത്യേക ഭൂമി സംരക്ഷണ സേനയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
വന്‍തുക ചെലവഴിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നഷ്ടപ്പെട്ടിട്ടും റവന്യൂ അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് കൈയേറ്റത്തിന് ഒത്താശ ചെയ്യാനാണെന്ന് ആക്ഷേപമുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍