12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപിപ്പിക്കണം -വികസന സമിതി

ഇടുക്കി: ജില്ലയില്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന റിസോര്‍ട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കലക്ടറേറ്റില്‍ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഭക്ഷണവസ്തുക്കളില്‍ മായം ചേര്‍ക്കലും പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പ്പനയും ഗൗരവമായി കാണണമെന്നും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പരിശോധനകള്‍ക്ക് പൊലീസിന്‍െറ സഹായം ആവശ്യമുള്ളിടത്ത് ലഭ്യമാക്കണമെന്നും കലക്ടര്‍ പൊലീസ് വകുപ്പിന് നിര്‍ദേശം നല്‍കി.
144 ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും 37 ഹോട്ടലുകള്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും 30,000 രൂപ വിവിധ ഹോട്ടലുകളില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും പരിശോധനകള്‍ ഊര്‍ജിതമാക്കി നടക്കുന്നുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫിസര്‍ അറിയിച്ചു. ഇറച്ചി വില്‍പ്പനശാലകളില്‍ മാംസം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കോടതി നിര്‍ദേശമുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പി.ജെ. ജോസഫിന്‍െറ പ്രതിനിധിയായെത്തിയ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഫണ്ട് വിതരണത്തിലും മറ്റും വകുപ്പുകള്‍ക്ക് തെറ്റുപറ്റിയാല്‍ അത് ഉടന്‍ തിരുത്തണമെന്നും തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കരുതെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
കര്‍ഷകര്‍ക്കായുള്ള പദ്ധതികളുടെ പ്രയോജനം ട്രേഡ് ഇടനിലക്കാര്‍ക്കല്ല കര്‍ഷകര്‍ക്കാണ് ലഭിക്കേണ്ടതെന്നും അതിനാല്‍ കര്‍ഷക സംഘങ്ങളുടെ തെരഞ്ഞെടുപ്പില്‍നിന്ന് കച്ചവട ബന്ധമുള്ളവര്‍ മാറി നില്‍ക്കണമെന്ന നിര്‍ദേശം കര്‍ഷക സംഘങ്ങളുടെ ഇലക്ഷന്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു.കരുണാപുരം പഞ്ചായത്തിലുണ്ടായ കുഴല്‍ക്കിണര്‍ പ്രശ്നം യോഗം വിലയിരുത്തി. നിലവില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്താന്‍ പഞ്ചായത്ത് വകുപ്പിന്‍െറ അനുവാദം ആവശ്യമില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറി കലക്ടറെ അറിയിച്ചു. മറയൂരിലെ എസ്.ടി വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലെ ചോര്‍ച്ചയും സാമൂഹികവിരുദ്ധരുടെ ശല്യവും സംബന്ധിച്ച പത്രവാര്‍ത്തയില്‍ എന്ത് നടപടിയെടുത്തിട്ടുണ്ടെന്നും യോഗം ആരാഞ്ഞു. വാടക കെട്ടിടത്തിലെ സംവിധാനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ടി.ഡി.പി കോ ഓഡിനേറ്റര്‍ അറിയിച്ചു. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്ന് മായം ചേര്‍ത്ത ശര്‍ക്കര വില്‍പ്പനക്കെത്തുന്നുണ്ടെന്നും തടയാന്‍ ഫുഡ് സേഫ്റ്റി വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മോഹനന്‍, ആര്‍.ഡി.ഒ ബാബു തോമസ് കുര്യന്‍, എ.ഡി.എം പി.എന്‍. സന്തോഷ്, ഡി.എം.ഒ പി.ജെ. അലോഷ്യസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com