തൃക്കരിപ്പൂര്‍: ഉത്തര കേരളത്തിലെ കാവുകളില്‍ മാത്രം കണ്ടുവരുന്ന ഓരിലത്താമരയുടെ സജീവ സാന്നിധ്യം ഇടനാടന്‍ ചെങ്കല്‍കുന്നിലും കണ്ടെത്തി. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ വലിയവനം ചെങ്കല്‍കുന്നിലാണ് ഔധസസ്യമായ ഓരിലത്താമര ധാരാളമായി പൂത്തുനില്‍ക്കുന്നത് പഠന സംഘം നിരീക്ഷിച്ചത്.
നെര്‍വീലിയ ആരഗോണ (Nervilia Aragoana) എന്ന് ശാസ്ത്രീയ നാമമുള്ള ഈ സസ്യത്തിന്‍െറ രണ്ടു സ്പീഷീസുകളാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടും പക്ഷേ, കാവുകളിലാണ്. ചെങ്കല്‍കുന്നില്‍ ഈ സസ്യം കാണപ്പെടുന്നത് ആദ്യമായാണെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. നെര്‍വീലിയ ക്രോസിഫോര്‍മിസ് ആണ് രണ്ടാമത്തെ ഇനം. രണ്ടും ഇടയിലക്കാട് നിത്യഹരിത വനത്തില്‍ കാണപ്പെടുന്നു.
1990ല്‍ മാടായിപ്പാറയില്‍ കണ്ടെത്തിയ റോട്ടാല മലബാറിക്ക എന്ന സസ്യവും വലിയവനത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. വിഷ്ണുക്രാന്തി, മോതിരവള്ളി, ഉറി തൂക്കി, ഇരപിടിയന്‍ സസ്യങ്ങള്‍, അലുകണ്ണി, കണ്ണാന്തളി, കാശാവ്, വേനല്‍പച്ച തുടങ്ങിയ സസ്യങ്ങളും ധാരാളമായി വളരുന്നു. ഇരുപതിലേറെ ചിത്രശലഭങ്ങളെയും പഠനത്തില്‍ കണ്ടെത്തി. ഇതിനു പുറമെ വിവിധ തരം അരണകള്‍, പ്രാണികള്‍, തുമ്പികള്‍ എന്നിവയുമുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ കാണപ്പെടുന്ന അപൂര്‍വ ചെങ്കല്‍ പാറത്തവള (ഫെജേര്‍വാര്യ റൂഫെസെന്‍സ്) യെയും വലിയവനത്ത് നിരീക്ഷിച്ചു. ഇത്തിരിക്കുഞ്ഞന്‍ തവളയെ കണ്ടെത്തുന്നതുതന്നെ ദുഷ്കരമാണ്. പരിസരത്തിനനുസരിച്ച് നിറം മാറാന്‍ ഇവക്ക് കഴിയുന്നു. പ്രജനനകാലത്ത് തലയോട് ചേര്‍ന്ന് കണ്ണുകള്‍ക്കിടയിലായി ചന്ദ്രക്കലപോലെയുള്ള വലയം കാണാം.
രാമപുരം പുഴയുടെ നീര്‍മറിപ്രദേശമാണോ വലിയവനം എന്നുള്ളത് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന് പഠന സംഘത്തെ നയിച്ച വി.വി. രവീന്ദ്രന്‍, നിശാന്ത്, ശിവകുമാര്‍, രജീഷ് രാജന്‍ എന്നിവര്‍ പറഞ്ഞു. ചെറുതാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 12 അംഗ പരിസ്ഥിതി ക്ളബ് പ്രവര്‍ത്തകരും പഠനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍