12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കുപ്രസിദ്ധ മോഷ്ടാവ് നെല്ലിക്കട്ട നവാസ് പിടിയില്‍

കുമ്പള: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ നെല്ലിക്കട്ട നവാസിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ ലക്ഷംവീട് കോളനിവാസി കെ.ഡി. നവാസ് എന്ന മുഹമ്മദ് നവാസാണ് (27) വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉപ്പളയില്‍ അറസ്റ്റിലായത്.
കമ്പാറിലെ ക്ഷേത്രകവര്‍ച്ചയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. തൊണ്ടിസാധനങ്ങള്‍ വില്‍ക്കാന്‍ ഉപ്പളയിലെത്തിയതായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പൈവളികെ ലാല്‍ബാഗിലുള്ള സി.കെ. ചിപ്പാര്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ജൂണ്‍ 15ന് ദൈഗോളി വെങ്കട്ടരമണ ഭട്ടിന്‍െറ വീട്ടില്‍നിന്ന് നാലു പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്നതായി പ്രതി സമ്മതിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലിലാണ് മോഷണപരമ്പരയുടെ ചുരുളഴിയുന്നത്.
കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് ആയിഷയുടെ കുടിലില്‍നിന്ന്, മകളുടെ കല്യാണത്തിന് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങി നല്‍കിയ അഞ്ച് പവന്‍ ആഭരണങ്ങളും 1000 രൂപയും മോഷ്ടിച്ചത് നവാസായിരുന്നു. മോഷണത്തിനുശേഷം കല്യാണം കഴിക്കാന്‍ നിവൃത്തിയില്ലാതെ ആയിഷയുടെ മകള്‍ കുറിപ്പ് എഴുതിവെച്ച് രണ്ടു മാസത്തിനുശേഷം ആത്മഹത്യ ചെയ്തിരുന്നു. കര്‍ണാടക പണമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 15 കേസുകളിലായി 70 പവനില്‍പരം സ്വര്‍ണവും പണവും കവര്‍ന്ന് രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിറങ്ങിയ ആളാണ് പ്രതി.
ചെറുപ്പംമുതലേ മോഷണം പതിവാക്കിയ ഇയാള്‍ കണ്ണൂര്‍, എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമുകളില്‍ ഉണ്ടായിരുന്നു. ഇരു സ്ഥലങ്ങളില്‍നിന്നും ജയില്‍ ചാടി രക്ഷപ്പെട്ട് തൃശൂരില്‍ ഹോട്ടലില്‍ മോഷണം നടത്തിയതിന് രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. പൂജപ്പുര സ്പെഷല്‍ ഹോമില്‍ 18 മാസവും തലശ്ശേരി തുറന്ന ജയിലില്‍ മൂന്നുമാസവും ശിക്ഷ അനുഭവിച്ചിറങ്ങിയാണ് കര്‍ണാടകയിലേക്ക് കടന്നത്. ബദിയടുക്ക എതിര്‍ത്തോട്ടെ മോഷണക്കേസില്‍ രണ്ടുവര്‍ഷത്തെ ശിക്ഷയനുഭവിച്ച് ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്.
കുമ്പള പൂക്കട്ടയിലെ ഭുജംഗ ആചാരിയുടെ വീട്ടില്‍നിന്ന് മേയ് 28ന് ഒരു സ്വര്‍ണമാലയും 20,000 രൂപയും, മണിയമ്പാറ സുലോചനയുടെ വീട്ടില്‍നിന്ന് ജനുവരി 31ന് മുന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന് മാലയും മൊബൈല്‍ഫോണും നാല് വെള്ളി അരഞ്ഞാണങ്ങളും, ബായാര്‍ തലക്കള രാമചന്ദ്രഭട്ടിന്‍െറ വീട്ടില്‍നിന്ന് ജൂണ്‍ 16ന് 5500 രൂപയും വാച്ചും, കുബണൂര്‍ ശങ്കരനാരായണ കുബണൂരായയുടെ വീട്ടില്‍നിന്ന് വിഗ്രഹത്തിലെ മാല തുടങ്ങിയവ കവര്‍ന്ന നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് കുമ്പള സി.ഐ ടി.പി. രഞ്ജിത്ത് പറഞ്ഞു. പകല്‍സമയങ്ങളില്‍ മാത്രമാണ് പ്രതി കവര്‍ച്ച നടത്തിയിരുന്നത്.
പ്രതിയെ ശനിയാഴ്ച വൈകീട്ടോടെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com