12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

കൃത്രിമ അവയവ നിര്‍മാണ കേന്ദ്രം കെട്ടിടം: വികലാംഗ കോര്‍പറേഷനും പഞ്ചായത്തും പിടിവലി

കാസര്‍കോട്: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ 24 ലക്ഷം രൂപ മുടക്കി തുടങ്ങുന്ന കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിന് കണ്ടുവെച്ച കെട്ടിടത്തിന് കോര്‍പറേഷനും മംഗല്‍പാടി ഗ്രാമപഞ്ചായത്തും പിടിവലി. മംഗല്‍പാടി പഞ്ചായത്തില്‍ ഉപ്പള നയാബസാറില്‍ ദേശീയപാതക്കരികിലുള്ള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം നിര്‍മാണകേന്ദ്രമാക്കാനുള്ള പദ്ധതിയാണ് കോര്‍പറേഷനെങ്കില്‍, മാവേലി സ്റ്റോറിനായി കെട്ടിടം വിട്ടുകിട്ടണമെന്നാണ് പഞ്ചായത്തിന്‍െറ ആവശ്യം.
2005 ആഗസ്റ്റ് 22ന് അന്നത്തെ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയാണ് റിസോഴ്സ് സെന്‍ററിന് ശിലയിട്ടത്. ശിലയിട്ടെങ്കിലും പഞ്ചായത്ത് ലൈബ്രറി ആയാണ് കെട്ടിടം ഉപയോഗിച്ചുവന്നിരുന്നത്. വികലാംഗരെ പുനരധിവസിപ്പിക്കാനുള്ള ദേശീയ പദ്ധതി (എന്‍.പി.ആര്‍.പി.ഡി) ജില്ലാ കോഓഡിനേറ്റര്‍, കെട്ടിടം രേഖാമൂലം കോര്‍പറേഷന് കൈമാറണമെന്നാവശ്യപ്പെട്ട് 2010 ഡിസംബറില്‍ പഞ്ചായത്തിന് കത്തയച്ചു. മൂന്ന് ദിവസത്തിനുശേഷം പഞ്ചായത്ത് യോഗം ചേര്‍ന്ന് കെട്ടിടം കോര്‍പറേഷന് കൈമാറാന്‍ തീരുമാനിച്ചു.
വികലാംഗര്‍ക്കുള്ള മുച്ചക്ര വണ്ടികള്‍, വീല്‍ചെയറുകള്‍, കൃത്രിമ അവയവങ്ങള്‍, സ്ട്രച്ചറുകള്‍ എന്നിവ സെന്‍ററില്‍ എത്തിച്ചെങ്കിലും അവ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയോ സെന്‍റര്‍ തുറന്നുപ്രവര്‍ത്തിക്കുകയോ ഉണ്ടായില്ല. ഇതിനിടെയാണ് കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ പദ്ധതിയിടുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം വൈകല്യം ബാധിച്ചവരെ ലക്ഷ്യമിട്ട് എന്‍.പി.ആര്‍.പി.ഡി ജില്ലാ ഓഫിസില്‍ നിന്നാണ് പദ്ധതി നിര്‍ദേശം പോയത്.
24 ലക്ഷം ചെലവുള്ള പദ്ധതിയില്‍ 16 ലക്ഷം എന്‍.പി.ആര്‍.പി.ഡിയും ബാക്കി കോര്‍പറേഷനും വഹിക്കും. ഒരു വര്‍ഷമായി അംഗീകരിക്കാതിരുന്ന പദ്ധതിക്ക് കോര്‍പറേഷന്‍ ഈയിടെ അംഗീകാരം നല്‍കി. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ശില്‍പശാലയുടെ സമാപന ചടങ്ങില്‍ സാമൂഹിക ക്ഷേമമന്ത്രി എം.കെ. മുനീര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, ഇതിനിടെ കാടുമൂടിക്കിടന്ന കെട്ടിടം മാവേലി സ്റ്റോര്‍ തുടങ്ങാന്‍ തിരികെ വേണമെന്നാവശ്യപ്പെട്ട് മംഗല്‍പാടി പഞ്ചായത്ത്, കോര്‍പറേഷന് കത്ത് നല്‍കിയിരിക്കുകയാണിപ്പോള്‍.
കേന്ദ്രത്തിന് വേറെ സ്ഥലം നല്‍കാമെന്ന് പഞ്ചായത്ത് അറിയിച്ചുവെങ്കിലും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ഫണ്ട് വികലാംഗ ക്ഷേമ കോര്‍പറേഷന്‍െറ അജണ്ടയിലില്ല. ജില്ലയിലെ എല്ലാ പഞ്ചായത്തുകളോടും കെട്ടിടസൗകര്യം ആവശ്യപ്പെട്ട് അനുയോജ്യമായിടത്ത് കൃത്രിമ അവയവ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനാണ് കോര്‍പറേഷന്‍ നീക്കം.
അങ്ങനെയെങ്കില്‍ കേന്ദ്രം മംഗല്‍പാടിയില്‍ നിന്ന് പോകും. അതേസമയം, ദേശീയപാതക്ക് സമീപമുള്ള മംഗല്‍പാടിയിലെ കെട്ടിടം ഉപേക്ഷിക്കാന്‍ കോര്‍പറേഷന് മനസ്സുമില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com