ഡ്രൈവര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശക പുസ്തകം വേണമെന്ന് സുരക്ഷാ വിദഗ്ധര്‍

ദോഹ: രാജ്യത്തെ ഡ്രൈവര്‍മാര്‍ക്കായി മാര്‍ഗനിര്‍ദേശക പുസ്തകം തയ്യാറാക്കണമെന്നും ഡ്രൈവിംഗ് ലൈസന്‍സിന് ഇതിന്‍െറ അടിസ്ഥാനത്തില്‍ എഴുത്തുപരീക്ഷ നടത്തണമെന്നും റോഡ് സുരക്ഷാ വിദഗ്ധര്‍. റോഡപകടങ്ങള്‍ ഗണ്യമായി കുറക്കാനും ഡ്രൈവര്‍മാര്‍ക്കിടയില്‍ ശരിയായ ബോവത്കരണത്തിനും ഇത് സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രാഫിക് പോലിസ് സേവനത്തിനും പതിവ് ബോധവത്കരണ പരിപാടികള്‍ക്കും പുറമെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങളും ഡ്രൈവറുടെയും വാഹനത്തിന്‍െറയും സുരക്ഷക്കാവശ്യമായ വിവരങ്ങളുമടങ്ങിയ മാര്‍ഗനിര്‍ദേശ പുസ്തകം അനിവാര്യമാണെന്നാണ് അഭിപ്രായം.
അമേരിക്കയില്‍ ഡ്രൈവിംഗ് പഠിക്കാനെത്തുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം മാര്‍ഗനിര്‍ദേശക പുസ്തകം നല്‍കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ.
പ്രതികൂല കാലാവസ്ഥയിലും വേനല്‍ക്കാലത്തും എങ്ങനെ വാഹനം ഓടിക്കണം, ബ്രേക്കിംഗ് രീതികള്‍ തുടങ്ങി ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കേണ്ട പൊതുവിവരങ്ങളെല്ലാം പുസ്തകത്തിലുണ്ട്.
മഴയിലും പൊടിക്കാറ്റിലും ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സാധാരമാണ്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ വാഹനമോടിക്കണമെന്നതിനെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് ഇതിന് കാരണം. വിവിധ ഭാഷകളില്‍ തയ്യാറാക്കുന്ന മാര്‍ഗനിര്‍ദേശക പുസ്തകത്തിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകളില്‍ ഏകീകൃത പാഠ്യപദ്ധതി ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. അടുത്തിടെ നോര്‍ത്ത് റോഡില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചിരുന്നു. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞിരുന്നിട്ടും അന്നേ ദിവസം ഈ വാഹനങ്ങളെല്ലാം അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വേഗത കുറവായിരിക്കണമെന്നാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് നിയമങ്ങള്‍ അനുശാസിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അപകടങ്ങള്‍ വരുത്തിവെക്കുമ്പോഴും തങ്ങള്‍ നിയമം ലംഘിച്ചതായി പല ഡ്രൈവര്‍മാരും തിരിച്ചറിയുന്നില്ല. മുന്‍കൂട്ടി സൂചന നല്‍കാതെ റൗണ്ട് എബൗട്ടുകളില്‍ വെച്ച് ട്രാക്ക് മാറുന്നത് നിയമവിരുദ്ധമാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിടെവെച്ചുതന്നെ ഡ്രൈവറെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. അതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി പരിശീലനം നല്‍കുകയാണ് പോംവഴിയെന്ന് വിദഗ്ധര്‍ പറയുന്നു. റൗണ്ട് എബൗട്ടുകളെക്കുറിച്ച് ദൂരെവെച്ച് തന്നെ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അശ്ഗാല്‍ ശ്രദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus