ഭരിക്കാന്‍ നന്നേ പാടുള്ള സംസ്ഥാനമാണ് അസം. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത വംശീയവൈവിധ്യമുള്ള ജനതയാണ് അവിടെ. അതുകൊണ്ടുതന്നെ വംശീയ സംഘര്‍ഷങ്ങളുടെ ചരിത്രംകൂടിയാണ് അസമിന്റെ സാമൂഹിക ചരിത്രം. എല്ലാ കൊല്ലവും വെള്ളപ്പൊക്കത്തില്‍ കുറെ ഭൂമി മുങ്ങിപ്പോവും. പുതിയ ഭൂമി ഉയര്‍ന്നുവരും. അതുകൊണ്ടുതന്നെ, ഭൂമിതര്‍ക്കങ്ങള്‍ പതിവാണ്. അവിടെ മൂന്നു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയാവുക എന്നു പറയുന്നത് അത്ര ചെറിയ കാര്യമല്ല. അസാമാന്യമായ ഇച്ഛാശക്തിയും ക്ഷമയും കാര്യക്ഷമതയുമൊക്കെ ആവശ്യമുള്ള പണിയാണത്. ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ഉള്ളതുകൊണ്ടാണോ തരുണ്‍ ഗൊഗോയിക്ക് ഈ കസേര കിട്ടിയത് എന്നു ചോദിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും ചിരി വരും. പത്തുപന്ത്രണ്ടുകൊല്ലമായി അസമില്‍ മുഖ്യമന്ത്രിപ്പണിയാണ്. എഴുപത്താറ് വയസ്സായി. വയസ്സിങ്ങനെ കൂടുന്നതല്ലാതെ നാടുനന്നാവുന്ന ലക്ഷണമില്ല.
കോണ്‍ഗ്രസിന്റെ നരേന്ദ്രമോഡി എന്നൊരു വിളിപ്പേരു വീണിട്ടുണ്ട് ഇപ്പോള്‍. അസമിന് കിട്ടിയ പേര് കോണ്‍ഗ്രസിന്റെ ഗുജറാത്ത്. അത്രക്കങ്ങ് വേണോ എന്ന് ചോദിക്കുന്നവരുണ്ട്. ഗുജറാത്തില്‍ മോഡി നടത്തിയത് ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ആസൂത്രിതവംശഹത്യയായിരുന്നു. അസമില്‍ നടക്കുന്നത് ബോഡോകളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷം. അതില്‍ ഭരണകൂടത്തിന് പങ്കില്ല. എന്നിട്ടും എന്തുകൊണ്ട് ഒരുപാട് ചൂണ്ടുവിരലുകള്‍ തരുണ്‍ ഗൊഗോയിക്കു നേരെ നീളുന്നു? കാരണമുണ്ട്. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഒരു ലക്ഷത്തില്‍പരം നിരാലംബര്‍ അഭയാര്‍ഥിക്യാമ്പുകളിലാണ്. കലാപം തുടങ്ങി അഞ്ചാം ദിവസമാണ് കൊക്രജറില്‍ പോവാന്‍ ഗൊഗോയിക്ക് മനസ്സു വന്നത്. അസമിന്റെ ചുമതലയുള്ള ഒരു ജനറല്‍ സെക്രട്ടറിയുണ്ട്. വലിയ പുള്ളിയാണ് ദിഗ്വിജയ്സിങ്. അദ്ദേഹം പോലുമുണ്ടായില്ല ബുദ്ധിയുപദേശിച്ചുകൊടുക്കാന്‍. തന്റെ ഭരണകൂടത്തിന് നാട്ടിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ പറ്റില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ചെയ്യാവുന്നത് രാജിവെച്ചിറങ്ങിപ്പോവുകയാണ്. പക്ഷേ, അങ്ങനെ പോയാല്‍ അത് റെക്കോഡിനെ ബാധിക്കും. അസമിന്റെ ആജീവനാന്ത മുഖ്യമന്ത്രിയാണ്. എഴുന്നേറ്റ് നടക്കാനാവുന്നിടത്തോളം കാലം അസം ഭരിക്കും. വംശഹത്യകളും വെള്ളപ്പൊക്കങ്ങളും മുറപോലെ നടക്കും. അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പും മുറപോലെ നടക്കും. നാട്ടുകാര്‍ക്ക് എല്ലാം ഒരു ശീലമായി. അതുകൊണ്ടുതന്നെ എന്തു സംഭവിച്ചാലും കസേര വിട്ടൊരു കളിയില്ല.
കുറ്റപ്പെടുത്താന്‍ ഒരാളെങ്കിലുമില്ലെങ്കില്‍ നാട്ടിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. കേന്ദ്ര ഇന്റലിജന്‍സില്‍നിന്ന് വിവരമൊന്നും കിട്ടിയില്ല. (നാട്ടിലെ കാര്യങ്ങളെല്ലാം കേന്ദ്ര ഇന്റലിജന്‍സ് പറഞ്ഞിട്ടുവേണം അറിയാന്‍!) കലാപം നിയന്ത്രിക്കാനാവശ്യമായ പൊലീസ് നാട്ടിലില്ല. (പിന്നെന്തിനാണ് അവിടെ പൊലീസ് എന്നാരും ചോദിക്കില്ല.) അതുകൊണ്ട്, നാലുപേര്‍ കൊല്ലപ്പെട്ടപ്പോള്‍തന്നെ കേന്ദ്ര സേനയുടെ സഹായം തേടിയതാണ്. എന്നാല്‍, സേനയെത്താന്‍ നാലു ദിവസമെടുത്തു. (കേട്ടാല്‍തോന്നും മറ്റേതോ രാജ്യത്തുനിന്നു വരുന്നതാണ് ഈ കേന്ദ്രസേനയെന്ന്! വായുവിലൂടെയും റെയിലിലൂടെയുമൊന്നും ഗതാഗതമില്ലാത്ത ഏതോ മധ്യകാലത്തു നടക്കുന്ന കാര്യം പോലെ!) സിവില്‍ഭരണകൂടം പരാജയപ്പെടുമ്പോള്‍ സൈന്യത്തിനെതിരെ കുറ്റം ചുമത്തിയാല്‍ ദുഷ്പേരില്‍നിന്ന് രക്ഷപ്പെടാമെന്നത് ഇതുവരെയുള്ള ഭരണത്തില്‍നിന്ന് പഠിച്ച പാഠം. താന്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ട് വേറൊരു മുഖ്യമന്ത്രിയുടെ കാര്യം ആരും ആലോചിക്കേണ്ട. നാലാമൂഴത്തിന് കുപ്പായം തേച്ചുവെച്ചിട്ടുണ്ട്. എന്‍.ഡി.എ ഭരണകാലത്ത് വോട്ട്ബാങ്കിനുവേണ്ടി കളിച്ച നാടകങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് എന്നുപറഞ്ഞതുകൊണ്ട് നാട്ടില്‍ നടന്ന ദുരന്തങ്ങളുടെ പാപഭാരം കൈയൊഴിയാം. നിയമവിരുദ്ധമായി വന്ന കുടിയേറ്റക്കാരുടെ ഒറ്റവോട്ടുപോലും വേണ്ട എന്നും തുറന്നടിച്ചിട്ടുണ്ട്.
കുറച്ചുനാളായി തലവേദന തീരുന്ന ലക്ഷണമില്ല. മുമ്പത്തെ സഹായി ഇപ്പോള്‍ ശത്രുവാണ്. വിദ്യാഭ്യാസ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നയാളാണ്. ആളൊരു സൂപ്പര്‍ മുഖ്യമന്ത്രിയാവാനുള്ള കരുനീക്കം നടത്തുന്നുണ്ടോ എന്ന സംശയരോഗം കലശലാണിപ്പോള്‍. എന്നും രാവിലെ ഉറക്കമുണരുന്നത് ശര്‍മ ഇന്നെന്താവും പുകിലുണ്ടാക്കുക എന്നാലോചിച്ച് തലപുകച്ചാണ്. കഴിഞ്ഞ ഏപ്രിലില്‍ അങ്ങേര്‍ പത്താംനമ്പര്‍ ജനപഥത്തില്‍ ചെന്ന് മാഡത്തിനെ കണ്ടതായി ചാരന്മാര്‍ അറിവു തന്നിട്ടുണ്ട്. തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കി അയാള്‍ക്ക് മുഖ്യമന്ത്രിയാവണം. അതാണ് മനസ്സിലിരിപ്പ്. അതിനുള്ള തന്ത്രകുതന്ത്രങ്ങള്‍ അയാള്‍ സാമാന്യം ഭംഗിയായി ചെയ്തുപോരുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ വെള്ളപ്പൊക്ക കെടുതികള്‍കൊണ്ട് നാട് പൊറുതിമുട്ടുമ്പോള്‍ അമേരിക്ക സന്ദര്‍ശിക്കണമെന്നുതോന്നി. സായിപ്പിന്റെ നാടുകാണാന്‍ പറ്റിയ സമയം. വെള്ളപ്പൊക്ക നിലയെപ്പറ്റി ആരായാന്‍ മന്‍മോഹന്‍സിങ് വിളിച്ചത് ശര്‍മയെ. സൂപ്പര്‍ മുഖ്യമന്ത്രി നടത്തുന്ന ചരടുവലികള്‍ അവിടംകൊണ്ടു തീരുന്നില്ല. ജൂലൈ ഒമ്പതിന് ഒരു യുവതിയെ ഇരുപതോളം പേര്‍ ചേര്‍ന്ന് വസ്ത്രാക്ഷേപം ചെയ്തു. ന്യൂസ്ലൈവ് ചാനല്‍ അത് ചൂടോടെ സംപ്രേഷണം ചെയ്തു. ശര്‍മയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് അത്. ചാനലിന്റെ എഡിറ്റര്‍ മാനഭംഗത്തിന്റെ വീഡിയോ പിന്നീട് യൂട്യൂബില്‍ കയറ്റിവിട്ടു. ഇതൊക്കെ ദേശീയതലത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമായാണ് ഗൊഗോയ് കാണുന്നത്. മുഖ്യമന്ത്രിയെ കാണാനെത്തിയ യുവതിയുടെ ഫോട്ടോ പ്രസ് ഓഫിസില്‍നിന്ന് എല്ലാ മാധ്യമങ്ങള്‍ക്കും മെയില്‍ ചെയ്യപ്പെട്ടു. തനിക്കു പറ്റിയ തെറ്റാണത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മാപ്പുചോദിക്കുന്ന പ്രശ്നമില്ല എന്ന് ഗൊഗോയ്.
അസമിലെ ആന്റണിയാണെന്ന് കോണ്‍ഗ്രസ് ഭക്തന്മാരായ പത്രക്കാര്‍ എഴുതാറുണ്ട്. കളങ്കം പുരളാത്ത പ്രതിച്ഛായ. വിവാദങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കാനുള്ള മിടുക്ക് എല്ലാമുണ്ട് വേണ്ടുവോളം. 1936 ഏപ്രില്‍ ഒന്നിന് ജോര്‍ഹത്ത് ജില്ലയിലെ രംഗജന്‍ എസ്റ്റേറ്റില്‍ ജനനം. ജോര്‍ഹത്തിലെ ജെ.ബി കോളജില്‍നിന്ന് ബിരുദം. ഗുവാഹതി സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി. ജോര്‍ഹത്ത് മണ്ഡലത്തില്‍നിന്ന് അഞ്ചാം ലോക്സഭയിലേക്ക് 1971ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 199193 കാലത്ത് സ്വതന്ത്ര ചുമതലയുള്ള കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്നു. 199395 കാലത്ത് ഭക്ഷ്യസംസ്കരണവ്യവസായത്തിനായുള്ള കേന്ദ്രസഹമന്ത്രിയായി. 199698 കാലത്ത് സംസ്ഥാന നിയമസഭയില്‍. അഞ്ചാംതവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് 1998ലാണ് 12ാം ലോക്സഭയില്‍. അടുത്ത വര്‍ഷം 13ാം ലോക്സഭയില്‍. 2001 മേയ് 17ന് സംസ്ഥാന മുഖ്യമന്ത്രിയായി. 2006ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നു. കസേരക്ക് ഇളക്കമുണ്ടായില്ല. 20 വര്‍ഷത്തിനുശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ 2011ല്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരം നിലനിര്‍ത്തിയപ്പോഴും കസേര കൈവിട്ടുപോവാതെ മുറുകെപ്പിടിച്ചു.
സഹോദരന്‍ ദീപ് ഗൊഗോയ് ലോക്സഭാംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ്. മകന്‍ ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഈയടുത്ത കാലത്താണ്. തന്റെ മണ്ഡലമായ ജോര്‍ഹത്തില്‍നിന്ന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പുത്രവത്സലനായ പിതാവിന്റെ തീരുമാനം. മകന്‍ ചില്ലറക്കാരനല്ല. അങ്ങ് അമേരിക്കയില്‍ പോയി ന്യൂയോര്‍ക് യൂനിവേഴ്സിറ്റിയില്‍നിന്ന് പൊതുഭരണത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലിറക്കാനുള്ള പരിശീലന പദ്ധതികളുടെ ഭാഗമായി ഒരു കൊല്ലമായി അസമില്‍ ക്യാമ്പ് ചെയ്യുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് മകനെ രാഷ്ട്രീയത്തിലിറക്കിയത്. തെരഞ്ഞെടുപ്പിനുശേഷം ഒരു വര്‍ഷത്തോളം സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഗൗരവ്. ഈ വര്‍ഷം മേയിലാണ് പാര്‍ട്ടിയില്‍ ഔപചാരിക അംഗത്വം നേടിയത്. രാഷ്ട്രീയത്തിലിറങ്ങാന്‍ മടിച്ച മകന്‍ സാമൂഹികസേവനത്തിന് പോവാനുറച്ചതായിരുന്നു. രാഷ്ട്രീയത്തിലൂടെ സാമൂഹിക സേവനമാവാം എന്നു പറഞ്ഞാണ് മാനസാന്തരപ്പെടുത്തിയത്. പിന്‍ഗാമിയെ അങ്ങനെ നിശ്ചയിച്ചുകഴിഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചകള്‍ക്കു പിന്നില്‍ അപാരമായ പുത്രവാത്സല്യംതന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍