12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

രണ്ടാമന്‍െറ കസേര

രണ്ടാമന്‍െറ കസേര

കോണ്‍ഗ്രസില്‍ രണ്ടാമനാര് എന്നൊരു ചോദ്യമില്ല. രണ്ടാമനെ ഉടനടി ഒന്നാമനാക്കണമെന്ന് ആരും അറിയാതെ പോലും പറയുകയുമില്ല. ഒന്നാമത് സോണിയ ഗാന്ധി. രണ്ടാമന്‍ രാഹുല്‍. അതിലൊരു തര്‍ക്കവുമില്ല. ഉണ്ടായെന്നു തന്നെ കരുതുക. അങ്ങനെയൊരു ഇടിത്തീ വീണാല്‍ പോലും പൂച്ചക്ക് പൊന്നുരുക്കുന്നേടത്തോ, അരമനരഹസ്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കോ കാര്യമില്ല. പ്രിയങ്ക വേണോ, രാഹുല്‍ വേണോ എന്ന പ്രശ്നം കോണ്‍ഗ്രസുകാര്‍ പരിഹരിച്ചതല്ല. രാഹുലിനെയാണ് അടുത്ത ഉരുവാക്കാന്‍ പോകുന്നതെന്ന അരുളപ്പാട് ഉണ്ടാവുകയാണ് ചെയ്തത്. ഉരുവിന്‍െറ പല്ലക്ക് ചുമക്കാന്‍ മത്സരിക്കുന്നതാണ്, പിന്നീടങ്ങോട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന ജനാധിപത്യ കീഴ്വഴക്കം. മത്സരക്കാരുടെ ബഹളം മൂലം ചൂരലുമായി നിന്ന് പല്ലക്ക് വീഴാതെ നോക്കേണ്ടത് ഹൈകമാന്‍ഡിന് ഭാരിച്ച പണി തന്നെ.
ഇപ്പോഴത്തെ ക്രമപ്രശ്നം രണ്ടാമന് കൊടുക്കേണ്ട ചുമതലയാണ്. ഒന്നാമനാകാന്‍ തല്‍ക്കാലമില്ലെന്ന് തീരുമാനിച്ചത് അദ്ദേഹം തന്നെ. തിരുവായ്ക്ക് എതിര്‍വായില്ല. ഒന്നാമന്‍ കഴിഞ്ഞാല്‍ ഒന്നരയാമന്‍ ഇല്ല; രണ്ടാമനേയുള്ളൂ. അധികാരമുള്ളതു കൊണ്ടും എതിര്‍പ്പില്ലാത്തതുകൊണ്ടും പലതരം രണ്ടാമന്‍ പദവികള്‍ സുലഭമാണ്. പാര്‍ട്ടിയിലെ രണ്ടാമനാക്കാം. മുന്നണിയില്‍ രണ്ടാമനാക്കാം. മറ്റൊരു രണ്ടാമന്‍ തട്ടിന്‍പുറത്തേക്കു ചാടിക്കയറിയ ഒഴിവില്‍ മന്ത്രിസഭയിലും ലോക്സഭയിലുമൊക്കെ രണ്ടാമനാക്കാം. കോണ്‍ഗ്രസുകാര്‍ ചുഴിഞ്ഞാലോചിക്കുകയാണ്. അഥവാ, കിണഞ്ഞു ശ്രമിക്കുകയാണ് -ഏതു രണ്ടാമന്‍ പദവി ഏല്‍പിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാലാണ് മാഡത്തിനും രാഹുല്‍ജിക്കും ഇഷ്ടപ്പെടുക? ഇഷ്ടാനിഷ്ടങ്ങളും സ്വന്തം ഭാവിയും കിറുകൃത്യമായി തൂക്കിനോക്കി കാച്ചുക തന്നെ മാര്‍ഗം. ഏതായാലും ഇതാണ് അവസരമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
ലക്ഷണവശാല്‍ ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത് ദിഗ്വിജയ് സിങ്. പേരില്‍ വിജയമുണ്ടെങ്കിലും മധ്യപ്രദേശിലും ചുമതലയേല്‍പിച്ച യു.പിയിലും ഇപ്പോള്‍ അസമിലുമൊക്കെയായി പലവിധത്തില്‍ ഒടുക്കം തോറ്റുപോകാനാണ് ജാതകം. പക്ഷേ, രാഹുല്‍ഗാന്ധി നയിക്കേണ്ട അടുത്ത യു.പി.എ സര്‍ക്കാറില്‍ മാന്യമായൊരു രണ്ടാമന്‍ സ്ഥാനം കിട്ടാന്‍ നടത്തിവരുന്ന സൂക്ഷ്മമായ ചുവടുവെപ്പുകളില്‍ അദ്ദേഹത്തിന് വിജയിച്ചേ തീരൂ. അതുകൊണ്ട്, രാഹുല്‍ ക്ഷേമാര്‍ഥമിദം ശരീരം. ട്രാഫിക് പൊലീസുകാരനെപ്പോലെ കോണ്‍ഗ്രസുകാര്‍ക്ക് റൂട്ടു കാണിച്ചുകൊടുക്കാന്‍ രാഹുല്‍ ഇനിയെങ്കിലും രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖുര്‍ശിദ് പക്ഷേ, ഈയിടെ ദിഗ്വിജയ്സിങ്ങിനെയൊന്നു കടത്തിവെട്ടി. ജൂലൈയില്‍ വേണ്ട, ഒരുമാസം കൂടി കഴിഞ്ഞ് സെപ്റ്റംബറില്‍ മതിയെന്നു പറഞ്ഞ് ദിഗ്വിജയ് സിങ് കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും നാം കണ്ടു. 44കാരനായ രാഹുലിന് ഒരു മാസത്തെ സാവകാശം കൂടി കിട്ടിയാലത്തെ നേട്ടമെന്താണെന്ന് വ്യക്തമല്ല.
ഇറങ്ങേണ്ട സമയത്തിന്‍െറ കാര്യത്തില്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും ഉപദേശിക്കാനുള്ള സ്കോപ്പ് ഈ ഗണത്തില്‍പെട്ട നേതാക്കള്‍ തട്ടിയെടുത്തു കഴിഞ്ഞതിനാല്‍, ഇഷ്ടക്കാരായി മാറാന്‍ രമേശ് ചെന്നിത്തലയും പി.സി. ചാക്കോയും പോലത്തെ കീഴ്നിര നേതാക്കള്‍ വേറെ പഴുതു കണ്ടെത്തണം. കണ്ടെത്തിയതിന്‍െറ പത്രവൃത്താന്തമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വായിക്കാന്‍ ഇടയായത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്‍െറ വൈസ്പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സോണിയ ഗാന്ധിക്ക് എഴുതി. ചാക്കോ കുറച്ചുകൂടി കടത്തിവെട്ടി. കത്തെഴുതാന്‍ വേറെ ഒമ്പത് എം.പിമാരെ കൂട്ടുപിടിച്ചു. ആവശ്യം -പ്രണബ് മുഖര്‍ജിയുടെ ഒഴിവില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭാ നേതാവാക്കണം. ആ കത്തുകളിന്മേല്‍ തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധി ഉറക്കമൊഴിച്ച് ഒരേയിരുപ്പ് ഇരുന്നുപോകേണ്ടതാണ്. പക്ഷേ, അതിന്‍െറ പത്രവൃത്താന്തം എന്താണാവോ? വായിക്കാന്‍ ഇടയായിട്ടില്ല. അവര്‍ക്ക് വേറെ പണിയുണ്ടായിരിക്കും!
ചെന്നിത്തലയും ചാക്കോയും അടുത്ത പണി ഉറപ്പിക്കാനാണ് ചതുരംഗം കളിക്കുന്നതെന്ന് കാണുന്നവര്‍ പലരുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കസേര എക്കാലവും കൊണ്ടുനടക്കാന്‍ പറ്റുന്നതല്ല. എപ്പോള്‍ വേണമെങ്കിലും വീണുപോയേക്കാവുന്നതുമാണ്. അരിയും തിന്നു, കടിയും കൊണ്ടുകഴിഞ്ഞ ശേഷം 2ജി അഴിമതിക്കാര്യം ചുമന്ന് 2014 വരെ എത്താന്‍പോലും കഴിയില്ലെന്ന് ജെ.പി.സി ചെയര്‍മാന്‍ ചാക്കോക്കും അറിയാം. അതുകൊണ്ട് രണ്ടു പക്ഷിയെ ഉന്നമിട്ട് ഒരുമുഴം നീട്ടി വെടിവെക്കണം. ഒന്നുകില്‍ രാഹുലിന്‍െറ മന്ത്രിസഭയില്‍; അല്ലെങ്കില്‍ എ.ഐ.സി.സിയില്‍. അതുമല്ലെങ്കില്‍ ഉണ്ട എവിടെയെങ്കിലും ചെന്നു കൊള്ളാതിരിക്കില്ല. ഇലയനങ്ങാതെ പതുങ്ങിനിന്ന് ഉന്നംപിടിച്ച പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനാകാന്‍ പോകുന്നു. എല്ലാ കോണ്‍ഗ്രസുകാരും ഉന്നംപിടിക്കുന്നത് 2014ലേക്കാണെന്നും അന്നേരത്തെ യുവജന-തൈക്കിളവ മേധാവിത്വങ്ങള്‍ക്കിടയില്‍ വയസ്സനായ താന്‍ അങ്ങേയറ്റം വിയര്‍പ്പൊഴുക്കേണ്ടി വന്നേക്കാമെന്നും ആ ഗുരുനാഥന്‍ മനസ്സിലാക്കി. അടുത്ത രാഷ്ട്രപതി സ്ഥാനം ഉന്നംപിടിച്ച് അഞ്ചുകൊല്ലത്തെ ഇടവേളയെടുത്ത് ക്ഷമാശീലനും നിസ്സംഗനുമായി കാത്തിരിക്കാന്‍ കുര്യന്‍സാറ് എ.കെ. ആന്‍റണിയല്ല. അത്തരം ആത്മപീഡനം വശമില്ല, നിന്നിട്ട് കാര്യവുമില്ല. അതുകൊണ്ട് നേരത്തേ പരമപാദം പൂകി -സോണിയ ശരണം ഗച്ഛാമി.
പലവിധ രണ്ടാമന്‍ സാധ്യതകള്‍ക്കിടയില്‍ രാഹുല്‍ ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യം അവ്യക്തം. അരുളപ്പാട് ഏതുനേരവും ഉണ്ടാകാം. ഉദ്വേഗപൂര്‍വം കാത്തിരിക്കാനാണ് കോണ്‍ഗ്രസുകാരുടെ തലവര. അല്ലെങ്കില്‍ത്തന്നെ, അവരുടെ രാഷ്ട്രീയ ജീവിതത്തിന്‍െറ നല്ല പങ്കും കാത്തുകാത്തിരുന്നാണ് തുലഞ്ഞുപോകുന്നത്. അതേക്കുറിച്ചറിയാന്‍ യൂത്ത്കോണ്‍ഗ്രസില്‍ പ്രായാധിക്യം ചെന്ന് ഔായവരോട് ചോദിച്ചാല്‍ മതി. യൂത്തില്‍ ജനാധിപത്യം നടപ്പാക്കിയത് അവിടെയുണ്ടായിരുന്ന ചെറുകിളവന്മാരെ തൂത്തെറിഞ്ഞും കെ.ടി. ബെന്നിമാരെ റിക്രൂട്ട് ചെയ്തുമാണ്. അത്തരം വേദനകള്‍ കടിച്ചമര്‍ത്തി, പുതിയ പ്രതിഭാന്വേഷണ പരീക്ഷയെ ശപിച്ച് മുഷിഞ്ഞു കാത്തിരിക്കുന്നവര്‍ക്ക് മുന്നിലും പ്രതീക്ഷയുടെ നാളം വീണ്ടും തെളിയുകയാണ്. യൂത്തില്‍ വയസ്സനായി കോണ്‍ഗ്രസിലേക്കു വരുന്ന രാഹുലിന് പഴയ വയസ്സന്‍ യൂത്ത്ക്ളബിന്‍െറ വികാരം തിരിച്ചറിയാതിരിക്കില്ല.
കവടി നിരത്തുന്ന കോണ്‍ഗ്രസുകാരെ സമീപിച്ച്, പ്രവചനം ചോര്‍ത്തുന്ന പത്രക്കാരുടെ നിഗമനമനുസരിച്ച് മന്ത്രിസഭയിലോ പാര്‍ട്ടിയിലോ രാഹുല്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ എത്തുമ്പോള്‍ പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂടിന് അമീബ പോലെ ഏതുരൂപവും കൈവരിക്കാം. വൈസ്പ്രസിഡന്‍റ് എന്നൊരു പദവി ഉണ്ടാക്കാം. അതല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്‍റാകാം. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകാം. എല്ലാം രണ്ടാമനു തുല്യം. സര്‍ക്കാറിലേക്ക് കടന്നാല്‍ ഏതു മന്ത്രിയുമാകാം. അതിന് മന്‍മോഹന്‍ സിങ് പലവട്ടം ക്ഷണിച്ചു തോറ്റതാണ്. ലോക്സഭയിലേക്ക് കടന്നുചെന്ന് പ്രണബ് മുഖര്‍ജി ഇരുന്ന കസേരയിലേക്ക് കയറിയിരിക്കുകയുമാവാം. രാഹുല്‍ ഒഴികെ മറ്റാരെയും വെറുതെയങ്ങനെ ഇരുത്താന്‍ പറ്റില്ലെന്ന വാശിയോടെ തലനരച്ച കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചിരിക്കുന്ന കസേരയാണ് സഭാനേതാവിന്‍േറത്. രാഹുല്‍ എത്തുമ്പോള്‍ പ്രശ്നം വേറെയാണ്. പ്രതിപക്ഷം വാക്കിന്‍െറ ചാട്ടുളി എറിയുമ്പോള്‍ ഉറുമി ചുഴറ്റി ഓടിക്കാന്‍ സഭാ നേതാവിന് കഴിയണം. അവസരോചിതം ഓര്‍മയില്‍ പരതി, ബുദ്ധിയില്‍ കടഞ്ഞ്, ചുറ്റുപാടു നോക്കി വേണം സഭാ നേതാവ് പ്രതിപക്ഷത്തെ നേരിടാന്‍. നല്ലനേരം നോക്കി എഴുതി വായിക്കുന്ന പ്രസംഗം മര്‍മത്തു കൊള്ളില്ല. പണ്ടൊരു ‘കലാവതി’ പ്രസംഗം നടത്തിയതിന്‍െറ പരിക്ക് ഒരിക്കലും മായാത്ത വെടിക്കല പോലെ സഭാ രേഖകളിലുണ്ട്.
റോബര്‍ട്ട് വധേര വരെയുള്ളവര്‍ വിത്തുപാകത്തില്‍ ഗാന്ധികുടുംബത്തിലുണ്ട്. അവര്‍ക്കിടയില്‍ ഭാവിയിലെ ഒന്നാമനായി വില്‍പത്രത്തില്‍ പേരുവെച്ചു കഴിഞ്ഞിരിക്കുന്ന രാഹുലിന് രണ്ടാമന്‍െറ പദവി ഇപ്പോള്‍ത്തന്നെ എടുത്തുകൊടുക്കാന്‍ പ്രയാസമില്ല. കൊണ്ടുനടന്ന് കുഴഞ്ഞുവീഴാന്‍ ഇടവരരുത്. ഒന്നുള്ളതിന്‍െറ തലയിലേക്ക് അധികാരത്തിന്‍െറ ഭാണ്ഡക്കെട്ട് എടുത്തുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഹൈകമാന്‍ഡിന്‍െറ നെഞ്ചിലെ പുകച്ചില്‍ അതാണ്. കോണ്‍ഗ്രസിന്‍െറ പത്തായത്തിലെ വിത്താണ് എടുത്തു കുത്തുന്നത്. അത് തെരഞ്ഞെടുപ്പിന് മുമ്പ് വേവിച്ചാല്‍ കുട്ടിച്ചോറാകുമോ എന്ന് ചിന്തിച്ച് തലപുണ്ണാക്കാതിരിക്കാന്‍ ഹൈകമാന്‍ഡിന് കഴിയില്ല. ഭരണവും സഭാതലവുമൊക്കെ അതിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിക്കും. പാര്‍ട്ടിയിലാകുമ്പോള്‍, ആ പ്രശ്നമില്ല. 2014ലേക്ക് കണ്ണയക്കുമ്പോള്‍, തല്‍ക്കാലം വിഷയം രണ്ടാമനായി വാഴിക്കുകയാണ്. കോണ്‍ഗ്രസിലെ രണ്ടാമനായി വാഴിച്ച് തെരഞ്ഞെടുപ്പു നേരത്ത് മെല്ലെ ഒന്നാമനാക്കുകയെന്ന ബുദ്ധിവൈഭവവും ഉപദേശപ്പെരുമഴയില്‍ ഹൈകമാന്‍ഡ് കാണിച്ചു കൂടായ്കയില്ല.
പാര്‍ട്ടിയിലും ഭരണത്തിലും പാര്‍ലമെന്‍റിലുമെല്ലാം രണ്ടാമന്മാരെ തട്ടിയിട്ടു നടക്കാന്‍ വയ്യാത്ത സ്ഥിതി അടുത്തകാലത്ത് കലശലായിട്ടുണ്ട്. ഒരു മുഖര്‍ജി ഒന്നാമനായപ്പോള്‍, ഒമ്പതു രണ്ടാമന്മാര്‍ എന്ന മട്ട്. മന്ത്രിസഭയിലെ രണ്ടാമനാര് എന്നതായിരുന്നു ഒരാഴ്ച മുമ്പത്തെ ക്രമപ്രശ്നം. കര്‍ഷകനെ ആത്മഹത്യയില്‍നിന്നും കൃഷിയെ കൊലപാതകത്തില്‍നിന്നും രക്ഷിക്കാനല്ല കോണ്‍ഗ്രസും ശരദ്പവാറും രണ്ടാമന്‍െറ കസേരയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. കസേരകള്‍ ഭരിക്കില്ല. ദുരിതംപേറുന്ന ജനത്തിന്‍െറ വികാരം തിരിച്ചറിയുന്ന കണ്ണും മനസ്സുമാണ് വേണ്ടത്. അന്നേരം ഒന്നാമനും രണ്ടാമനുമൊക്കെ താനേ ഉണ്ടായിവരും. രണ്ടാമനാണെന്ന് ശീട്ടെഴുതിക്കൊടുത്താല്‍ രാഹുല്‍ഗാന്ധി കടന്നുകൂടണമെന്നില്ല. ഭരണത്തിലെ ഒന്നാമനായി മന്‍മോഹന്‍സിങ് എട്ടുകൊല്ലം വാണിട്ടെന്ത്? ഇനിയൊരു രണ്ടു വര്‍ഷം കൂടി തുടര്‍ന്നാലെന്ത്? രണ്ടാമന്‍െറ കസേര രാഹുല്‍ഗാന്ധിക്ക് എവിടെയിട്ടുകൊടുക്കണമെന്ന് തലപുകക്കുന്നവര്‍ തോറ്റമ്പിയ ഈ ഒന്നാമനുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിപ്പിന്‍!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com