ടി.പി. ചന്ദ്രശേഖരന്‍വധത്തെ തുടര്‍ന്നുള്ള രണ്ടരമാസം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ജനവിരുദ്ധ നടപടികള്‍ കേരളീയ സമൂഹത്തില്‍ മുഖ്യ ചര്‍ച്ചയായതേയില്ല. കാരണം മറ്റൊന്നുമല്ല. ഭൂരിപക്ഷം മാധ്യമങ്ങളും തങ്ങളുടെ സാമൂഹികകടമ ബോധപൂര്‍വം വിസ്മരിച്ചതാണ്. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ ദുരിതം, പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും തകര്‍ത്ത നടപടികള്‍, പൊതുമേഖലാ വ്യവസായങ്ങളുടെ നഷ്ടം, നെല്‍വയലും വനഭൂമിയും ഭൂമാഫിയക്ക് തട്ടിയെടുക്കാന്‍ സൗകര്യമൊരുക്കിയത്, ആദിവാസി ഭൂപ്രശ്നം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പങ്കാളിത്ത പെന്‍ഷനും, പെരുകുന്ന കുറ്റകൃത്യങ്ങള്‍, പൊലീസിന്‍െറ മൂന്നാം മുറയും ഭീകര മര്‍ദനവും, സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്കരണവും കച്ചവടവത്കരണവും തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചരമകോളം വാര്‍ത്ത പോലുമായില്ല. വി.എം. സുധീരന്‍ വ്യക്തമാക്കിയതുപോലെ ടി.പി. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം മുതലെടുത്ത് പല ജനവിരുദ്ധ നടപടികളും, ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ന്നുവരാതെ സര്‍ക്കാറിന് നടപ്പാക്കാന്‍ കഴിഞ്ഞു.
വൈദ്യുതിനിരക്ക് വര്‍ധന കേരളീയര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദ്യുതി ബോര്‍ഡിന്‍െറ ചരിത്രത്തില്‍ ഇത്രയും ഭീമമായ നിരക്കുവര്‍ധന ഇതിനു മുമ്പുണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 1676.84 കോടിയുടെ ഭാരം. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ള 1,300 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുത്താല്‍ത്തന്നെ ബോര്‍ഡിന്‍െറ പ്രതിസന്ധി പരിഹരിക്കാനാവുന്നതാണ്. അതൊന്നും ചെയ്യാതെ യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ് ഈ നിരക്ക് വര്‍ധന. അധികാരത്തില്‍വന്ന ഉടനെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പാലിന്‍െറ വില കൂട്ടിയും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോഴാവട്ടെ കേന്ദ്രകോണ്‍ഗ്രസ്സര്‍ക്കാര്‍ അടിച്ചേല്‍പിച്ച വിലക്കയറ്റത്തിന്‍െറ എരിതീയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത്രയും ഭീമമായ വൈദ്യുതി നിരക്കുവര്‍ധന താങ്ങാവുന്നതല്ല.
ഒരു കോടി അഞ്ചുലക്ഷം ഉപഭോക്താക്കളാണ് കേരളത്തില്‍ വൈദ്യുതി ഉപയാഗിക്കുന്നത്. മുഴുവന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കും ചാര്‍ജ് വര്‍ധന ബാധകമാണ്. ശരാശരി 41 ശതമാനം വര്‍ധന. ചില വിഭാഗങ്ങള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വര്‍ധന. 2012 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കുന്ന മര്യാദപോലും ഇവിടെ ഉണ്ടായില്ല. 85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും വര്‍ധിപ്പിച്ച ബില്‍തുക നല്‍കണം. 150 യൂനിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ 28 ലക്ഷം സാധാരണ കുടുംബങ്ങളാണ്. അവരെ ഒഴിവാക്കിയില്ല. ബി.പി.എല്‍ വിഭാഗത്തെപ്പോലും ഒഴിവാക്കിയില്ല. 100 രൂപ അടക്കുന്നവര്‍ക്ക് 170 രൂപ ഇനിമുതല്‍ അടക്കേണ്ടിവരും. അതായത് 70 ശതമാനം നിരക്ക് വര്‍ധന. ഇതിന്‍െറ ഫലമായി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്ന ഒരു ഇടത്തരം കുടുംബം പ്രതിമാസം 120 രൂപ അധികം നല്‍കേണ്ടിവരും. ത്രീഫേസ് കണക്ഷനുള്ളവര്‍ക്ക് 60 രൂപയും സിംഗ്ള്‍ ഫേസുകാര്‍ക്ക് 20 രൂപയും ഫിക്സഡ് ചാര്‍ജ് മറ്റൊരു അധികഭാരമാണ്.
വ്യവസായങ്ങള്‍ക്ക് ഭീമമായ അധികബാധ്യത ഉണ്ടാവും. യൂനിറ്റൊന്നിന് 1.20 രൂപയുടെ വര്‍ധന. താരിഫ് വര്‍ധനവിനു പുറമെ ഡിമാന്‍റ് ചാര്‍ജും വര്‍ധിപ്പിച്ചു. വികസനപദ്ധതികള്‍ മിന്നല്‍വേഗതയില്‍ ആരംഭിക്കുമെന്നു പറയുന്നതിന്‍െറ ഭാഗമായി ‘അതിവേഗം ബഹുദൂരം’ എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാറിനെ വ്യവസായങ്ങളുടെ അന്തകരായി വ്യവസായലോകം കാണും. വ്യവസായികള്‍ ആഗസ്റ്റ് 10ന് വ്യവസായ ബന്ദ് പ്രഖ്യാപിച്ചത് സന്തോഷത്തോടെയല്ല നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ഫലത്തില്‍, അതിവേഗം ജനവിരുദ്ധ കാര്യങ്ങള്‍ അടിച്ചേല്‍പിച്ച് ബഹുദൂരം ദുരിതങ്ങളിലേക്ക് ജനങ്ങളെ വലിച്ചെറിയുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
തെരുവുവിളക്കിന് നിരക്കുവര്‍ധന മൂന്നിരട്ടിയാണ്. നിലവിലുണ്ടായിരുന്ന 90 ¥ൈപസയില്‍നിന്ന് 2.75 രൂപ. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം അവതാളത്തിലാക്കും. പുതിയ റോഡുകളിലും വഴികളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ കഴിയാതെവരും. കാര്‍ഷിക നിരക്കും ഏതാണ്ട് മൂന്നിരട്ടി വര്‍ധിപ്പിച്ചു. നിലവിലുള്ള 65 പൈസ 1.50 രൂപയാക്കി. രാസവള വിലക്കയറ്റവും ഉല്‍പാദന സാമഗ്രികളുടെ വിലവര്‍ധനയും കാരണം ഇപ്പോള്‍തന്നെ കൃഷിച്ചെലവ് താങ്ങാവുന്നതല്ല. അനാഥ മന്ദിരങ്ങള്‍ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബധിരമൂകര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള സ്കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ നിരക്കും കൂട്ടി. ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും കനത്ത നിരക്ക് വര്‍ധനയാണ്. 24000 ഗാര്‍ഹിക ഉപഭോക്താക്കള്‍ 500 യൂനിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഓരോ യൂനിറ്റിനും 6.50 രൂപ ഇവര്‍ അടക്കേണ്ടിവരും. രാത്രി 10 രൂപയാകും. 2013 ജനുവരി മുതല്‍ ടി.ഒ.ഡി മീറ്റര്‍ സ്ഥാപിച്ച് രാവും പകലും പ്രത്യേകം പ്രത്യേകം വൈദ്യുതി ഉപഭോഗം തിട്ടപ്പെടുത്തേണ്ടിവരും. ഈ വിഭാഗത്തില്‍പെടുന്നവരുടെ നിരക്കുവര്‍ധന ഇപ്പോള്‍ തിട്ടപ്പെടുത്താനാവില്ല. ഇക്കൂട്ടര്‍ക്ക് ഭാവിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതായിരിക്കും നല്ലത്.
ഇതിനുമുമ്പ് കേരളത്തില്‍ 2002ല്‍ യു.ഡി.എഫ് ഭരിക്കുമ്പോഴായിരുന്നു വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇപ്പോഴുണ്ടായതുപോലൊരു പ്രതിസന്ധി 2008-09ല്‍ നേരിടേണ്ടിവന്നു. നിരക്ക് വര്‍ധിപ്പിക്കാതെ ഊര്‍ജ സംരക്ഷണം, പ്രസരണ നഷ്ടം കുറക്കല്‍, കുടിശ്ശിക പിരിച്ചെടുക്കല്‍ പാഴ്ച്ചെലവ് ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള ഫലപ്രദമായ നടപടികളിലൂടെ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞു. യു.ഡി.എഫിന്‍െറ നിയമസാമാജികര്‍പോലും അന്നത്തെ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ‘ഊര്‍ജം അമൂല്യമാണ്. അത് പാഴാക്കരുത്. കേരളം വൈദ്യുതി കമ്മിയുള്ള സംസ്ഥാനമാണ്. ഊര്‍ജ സംരക്ഷണത്തിന്‍െറ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും സി.എഫ്.എല്‍ ബള്‍ബ് വിതരണം ചെയ്യാന്‍ എ.കെ. ബാലന്‍െറ നേതൃത്വത്തില്‍ നടത്തുന്ന ഈ പരിശ്രമത്തിന് എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
സിനിമാ താരങ്ങളെ അണിനിരത്തി ഊര്‍ജസംരക്ഷണ ബോധവത്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രസരണ നഷ്ടം 24.6. ശതമാനത്തില്‍നിന്നും 16 ശതമാനം കുറക്കാന്‍ കഴിഞ്ഞു. പ്രസരണ നഷ്ടം കുറക്കുന്നതില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത് കേരളമായി. സിസ്റ്റം ഇംപ്രൂവ്മെന്‍റ് പദ്ധതിക്കായി 2000 കോടി ചെലവഴിച്ചു. കെ.എസ്.ഇ.ബി രൂപംകൊണ്ടതിന് ശേഷം എല്‍.ഡി.എഫിന്‍െറ കാലത്താണ് റെക്കോഡ് വികസനം പ്രസരണമേഖലയില്‍ നടന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം ഇത്തരം പദ്ധതിയെല്ലാം ഉപേക്ഷിച്ചു. അത് പുതിയ പ്രതിസന്ധിക്കിടയാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വൈദ്യുതിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന വേനല്‍കാലത്തേക്ക് യൂനിറ്റൊന്നിന് 3.50 രൂപ മുതല്‍ 4.50 രൂപ വരെയുള്ള നിരക്കില്‍ പുറമെനിന്നും വൈദ്യുതി വാങ്ങാന്‍ കരാറൊപ്പിട്ടു. പ്രസ്തുത കരാര്‍ യു.ഡി.എഫ് റദ്ദാക്കി. പിന്നീടാവട്ടെ യൂനിറ്റൊന്നിന് 13.50 രൂപക്ക് വാങ്ങി കോടികള്‍ ഖജനാവിന് നഷ്ടമുണ്ടാക്കി. ചുരുക്കത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആസൂത്രണ വൈകല്യമാണ് ഇപ്പോഴുണ്ടായ ഗുരുതരമായി പ്രതിസന്ധിക്കുകാരണം.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ സര്‍ക്കാര്‍ വല്ല സബ്സിഡിയും പ്രഖ്യാപിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. സബ്സിഡി നല്‍കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. എല്ലാം വിധിയാണെന്നു പറഞ്ഞ് ഒതുങ്ങിക്കഴിയുകയല്ല ജനങ്ങള്‍ ചെയ്യേണ്ടത്, ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. 91-96 കാലം യു.ഡി.എഫ് ഭരിക്കുമ്പോള്‍ 100 ശതമാനം പവര്‍കട്ടും ആറു മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. പിന്നീടുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചു. വൈദ്യുതി ഉല്‍പാദനം കേരളത്തിന്‍െറ ഏറ്റവും പ്രധാന അജണ്ടയായി മാറി. എല്ലാ സ്രോതസ്സും ഉപയോഗിച്ചു. ഇരുട്ടകറ്റണം എന്ന ജനപക്ഷചിന്ത മാത്രം. 1089 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പാദിപ്പിച്ചു. വൈദ്യുതിക്കമ്മിയില്‍നിന്നും കേരളം കരകയറി. അന്നത്തെ മന്ത്രി പിണറായി വിജയനേയും സര്‍ക്കാര്‍ നടപടികളേയും ജനങ്ങളും മാധ്യമങ്ങളും അഭിനന്ദിച്ചു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും പിന്‍വലിച്ചു. എന്നാല്‍, പിന്നീട് അധികാരത്തില്‍വന്ന യു.ഡി.എഫ് 26 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിച്ചത്. 2006-11ലെ എല്‍.ഡി.എഫ് സര്‍ക്കാറാവട്ടെ 208 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍, യു.ഡി.എഫ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. വൈദ്യുതി ഉല്‍പാദനവും പ്രസരണനഷ്ടം കുറക്കലും സംസ്ഥാനത്ത് ഏറ്റവും പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണവും വൈദ്യുതി ഉല്‍പാദനവും രണ്ടും പരിഗണിക്കണം. യാന്ത്രിക പരിസ്ഥിതിവാദം കേരളത്തിന് സഹായകരമല്ല. പുരോഗതിക്ക് അടിസ്ഥാനം വൈദ്യുതിയാണ്. അതിന് ഭാവനാപൂര്‍ണമായതും സംസ്ഥാനത്തിന് യോജിക്കുന്നതുമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. എല്‍.ഡി.എഫ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്, പിന്നീട് ഭരണത്തിലെത്തിയ യു.ഡി.എഫിനാണ് പൂര്‍ത്തീകരിക്കാനുള്ള ചുമതല. വൈദ്യുതിയുടെ കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയമല്ല വേണ്ടത്, വിശാല വികസന വീക്ഷണമാണ്. വികസനത്തിന് തുടക്കം കുറിച്ചത് എല്‍.ഡി.എഫ് ആണെന്ന് കരുതി യു.ഡി.എഫ് അത് അവസാനിപ്പിക്കുകയല്ല വേണ്ടത്.
താപവൈദ്യുതി സൗരോര്‍ജം, തുടങ്ങിയ സ്രോതസ്സുകളില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകണം. ഏറ്റവും ചെലവുകുറഞ്ഞതാണ് ജലവൈദ്യുതി പദ്ധതിയെങ്കിലും മഴലഭ്യതയുടെ കുറവുകാരണം അതിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. 2013 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവില്‍ തീരുന്നതല്ല കാര്യങ്ങള്‍. യു.ഡി.എഫ് വന്നതോടെ കേന്ദ്ര വിഹിതം വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ ആവശ്യം നിറവേറ്റാനാവുന്നില്ല. ഒന്നുകില്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും അല്ലെങ്കില്‍ കൂടിയ വിലക്ക് പുറമെനിന്നും വൈദ്യുതി വാങ്ങല്‍ -ഒരുമാസം കൂടി കഴിഞ്ഞാല്‍ കേരളത്തിന്‍െറ സ്ഥിതി ഇതായിരിക്കും. അപ്പോഴും സര്‍ചാര്‍ജിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നയം തന്നെയായിരിക്കുമോ യു.ഡി.എഫ് സ്വീകരിക്കുക. അങ്ങനെ വന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 1676 കോടിക്ക് പുറമെ മറ്റൊരു 1,200 കോടിയുടെ അധിക ബാധ്യതകൂടി ജനങ്ങളുടെ തലയില്‍വരും. അത് ഒഴിവാക്കാനെങ്കിലും യു.ഡി.എഫ് പരിശ്രമിക്കുമോ.?
(സി.പി.എം സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)


നിങ്ങളുടെ അഭിപ്രായങ്ങള്‍