12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ആരുണ്ട് ജനങ്ങളെ രക്ഷിക്കാന്‍?

ആരുണ്ട് ജനങ്ങളെ രക്ഷിക്കാന്‍?

പത്തുവര്‍ഷത്തിനുശേഷം സംസ്ഥാനത്ത് അടിസ്ഥാന വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത് കനത്ത ഇരുട്ടടിയായി മാറി. ഗാര്‍ഹിക ഉപഭോക്താക്കളുടെ മേലാണ് താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പിച്ചിരിക്കുന്നത്. എന്നാല്‍, വ്യവസായങ്ങളെയും വെറുതെ വിട്ടിട്ടില്ല. ശരാശരി യൂനിറ്റിന് 1.10 ക.യുടെ വര്‍ധന സ്വാഭാവികമായും വ്യവസായികോല്‍പന്നങ്ങളുടെ വിലക്കയറ്റത്തിലാണ് കലാശിക്കുക. എന്നാല്‍, ഉല്‍പാദനച്ചെലവ് താങ്ങാനാവാതെ ചില വ്യവസായങ്ങളെങ്കിലും പൂട്ടേണ്ടിവരും. വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ സുഗമമായ ലഭ്യതയും മിതമായ നിരക്കുമാണ് വ്യവസായ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതുകൊണ്ട്, എമേര്‍ജിങ് കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വ്യവസായിക വന്‍ കുതിപ്പ് വെറും ദിവാസ്വപ്നമായി മാറാനാണിട. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതല്‍ തെരുവുവിളക്കുകള്‍ വരെ ഒന്നിനെയും വൈദ്യുതി റെഗുലേറ്ററി കമീഷന്‍ വെറുതെ വിട്ടിട്ടില്ല. 80 ലക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളാകട്ടെ നിര്‍ദാക്ഷിണ്യം 'പിഴശിക്ഷ' തന്നെ അനുഭവിക്കണമെന്നാണ് അധികാരികളുടെ തീരുമാനം. 9.5 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ പ്രതിമാസം 200 യൂനിറ്റോ മീതെയോ ഉപയോഗിക്കുന്നവരായതുകൊണ്ട് 150 രൂപ മുതല്‍ മേല്‍പോട്ട് നല്‍കണമെന്നാണ് ശാസന. പുറമെയാണ് ഫിക്സഡ് ചാര്‍ജിന്റെ കുത്തനെയുള്ള വര്‍ധന. 500 യൂനിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഓരോ യൂനിറ്റിനും നല്‍കേണ്ടത് 6.50 ക!
ഈ പകല്‍ക്കൊള്ളയിലൂടെ 1676.84 കോടിയുടെ അധികവരുമാനമാണത്രെ വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. നിരക്കുവര്‍ധന വൈദ്യുതി ബോര്‍ഡിന്റെ ശിപാര്‍ശയെ തുടര്‍ന്ന് റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചതാണെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും ന്യായം. 2003ലെ കേന്ദ്ര വൈദ്യുതി നിയമപ്രകാരമാണ് റെഗുലേറ്ററി കമീഷന്‍ പരമാധികാരിയാവുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് നല്‍കിയപോലെത്തന്നെ. ലോക മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നതുമാണ് വിലവര്‍ധന ദിനചര്യയാക്കി മാറ്റിയ എണ്ണകമ്പനികളുടെ സ്ഥിരം ന്യായീകരണം. രാജ്യത്തെ വിലക്കയറ്റത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ അത്യാചാരത്തിനെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉയരാത്തത് കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് സര്‍ക്കാറിന് പ്രോത്സാഹനമാകുന്നു. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ റെഗുലേറ്ററി കമീഷന്‍ പച്ചക്കൊടി കാട്ടിയതും ഇക്കാരണത്താലാണ്. രണ്ടുമൂന്നു ദിവസം പ്രതിപക്ഷവും ചില ജനകീയ കൂട്ടായ്മകളും ഒച്ചവെക്കും. അതോടെ, എല്ലാം കെട്ടടങ്ങുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. റെഗുലേറ്ററി കമീഷന്റെ തിരുവായ്ക്കെതിര്‍വായ ഇല്ല എന്ന് തീരുമാനിച്ചവര്‍ പറയുന്നത് സര്‍ക്കാറിന് വേണമെങ്കില്‍ സബ്സിഡി പ്രഖ്യാപിക്കാം എന്നാണ്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതോ, സബ്സിഡിയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നും. പെട്രോളിന് മുമ്പൊരിക്കലും ഇല്ലാത്തവിധം വില കൂട്ടിയപ്പോള്‍ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍ വര്‍ധിച്ച തുകയുടെ ആനുപാതിക വില്‍പന നികുതി വര്‍ധന കേരള സര്‍ക്കാര്‍ വേണ്ടെന്നുവെച്ചിരുന്നു. പിന്നീട് ക്രൂഡോയിലിന്റെ വില താണപ്പോള്‍ പെട്രോള്‍ വിലയും നാമമാത്രമായി കമ്പനികള്‍ കുറച്ച നേരംനോക്കി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച വില്‍പന നികുതി വര്‍ധന പുനഃസ്ഥാപിച്ചു. വൈദ്യുതിനിരക്ക് കാര്യത്തില്‍ അങ്ങനെയൊരു പൊടിക്കൈപോലും സാധ്യമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം.
കാലവര്‍ഷം വേണ്ടയളവില്‍ ശക്തിപ്പെടാത്തതുകൊണ്ട് സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വന്‍വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി നിലവിലെ നിരക്കില്‍ ഉപഭോക്താവിന് നല്‍കാനാവില്ലെന്നുമാണ് കെ.എസ്.ഇ.ബി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ ന്യായം. ശരിയാണ്, മഴ വേണ്ടത്രയളവില്‍ ലഭിച്ചിട്ടില്ല. പക്ഷേ, മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്നേ എന്ന ജ്വരം സൃഷ്ടിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കി ഇടുക്കി ജലസംഭരണയിലെ വെള്ളം മുഴുവന്‍ ഒരു വീണ്ടുവിചാരവുമില്ലാതെ വേനലില്‍ ഒഴുക്കിക്കളഞ്ഞത് ഏത് കാലാവസ്ഥ ചതിച്ചിട്ടായിരുന്നു? ഈ ഭൂലോക മണ്ടത്തത്തിന്റെ കാര്യം മൂടിവെച്ചാണ് ഇപ്പോള്‍ കാലവര്‍ഷം ചതിച്ചു എന്ന മുറവിളി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിതി മെച്ചപ്പെട്ടുതുടങ്ങി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. അങ്ങനെ സംഭരണികളില്‍ വെള്ളം നിറഞ്ഞാലും കുത്തനെ കൂട്ടിയ വൈദ്യുതി നിരക്ക് പൂര്‍വസ്ഥിതിയിലാക്കുമോ എന്നതാണ് ചോദ്യം. അപ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചിലയിനം ഉപഭോക്താക്കള്‍ക്ക് നാമമാത്ര നിരക്ക് കുറവ് പ്രഖ്യാപിക്കുകയേ ചെയ്യൂ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതക്കും വൈദ്യുതി ലൈനുകളുടെ ജീര്‍ണതമൂലം സംഭവിക്കുന്ന കനത്ത പ്രസരണനഷ്ടത്തിനും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന വ്യാപക വൈദ്യുതിമോഷണത്തിനും ഉപഭോക്താക്കള്‍ താങ്ങാനാവാത്ത വില നല്‍കേണ്ടിവരുകയാണ്. ഈ നിരുത്തരവാദിത്തത്തിനും കൃത്യവിലോപത്തിനും പരിഹാരമാവുമോ മഴ? മുമ്പത്തെ യു.ഡി.എഫ് മന്ത്രിസഭയിലും ആര്യാടന്‍ മുഹമ്മദ് തന്നെയായിരുന്നു വൈദ്യുതി മന്ത്രി. അന്നദ്ദേഹത്തിന് ചിലതൊക്കെ ചെയ്യാന്‍ സാധിച്ചിരുന്നു. രണ്ടാംവരവില്‍ പക്ഷേ, ആര്യാടന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല അല്ലെങ്കില്‍ ശൗര്യം പണ്ടേപോലെ പ്രയോഗിക്കുന്നില്ല. രണ്ടായാലും ഫലം ഒന്നുതന്നെ. വൈദ്യുതി മന്ത്രിയെ മാറ്റിയതുകൊണ്ട് മാത്രം ശുദ്ധമാവുന്നതുമല്ല ഈ ഈജിയന്‍ തൊഴുത്ത്. ശക്തമായൊരു പ്രക്ഷോഭത്തിനിറങ്ങേണ്ട പ്രതിപക്ഷമാകട്ടെ, സ്വയംകൃതാനര്‍ഥങ്ങളാല്‍ വീര്‍പ്പുമുട്ടി ശ്വാസംനിലക്കുന്ന പരുവത്തിലുമാണ്. പിന്നെയാരുണ്ട് ഇരുട്ടടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com