കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് (സി.പി.സി.ആര്‍.ഐ) സമീപത്തെ കുടുംബങ്ങളില്‍ വ്യാപകമായ ജനിതക വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘം ആഗസ്റ്റ് നാലിനെത്തും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുക.
പഞ്ചായത്തിന്‍െറ പരിധിയില്‍പെടുന്ന സി.പി.സി.ആര്‍.ഐക്ക് അരികില്‍ താമസിക്കുന്ന 154 കുടുംബങ്ങളിലാണ് വ്യാപകമായ വൈകല്യങ്ങള്‍ കണ്ടുവരുന്നത്. ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ് ഈ കുടുംബങ്ങള്‍. കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസ്യബാനു (23) ജന്മനാ വികലാംഗയാണ്. വികലാംഗയെന്ന സര്‍ട്ടിഫിക്കറ്റുപോലും ലഭിച്ചില്ല. രണ്ടുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി പോയെങ്കിലും മെഡിക്കല്‍ ബോര്‍ഡ് ചേരാനായില്ലെന്ന കാരണത്താല്‍ ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാതെ കഴിയുകയാണ്.
ചേരങ്കൈയില്‍ ആയിഷയുടെ മകള്‍ ഫാത്തിമത്ത് ഫര്‍ഹാനക്ക് ബുദ്ധിമാന്ദ്യമാണ്. 23 വയസ്സുള്ള ഫര്‍ഹാനക്ക് നടക്കാന്‍ പോലുമാകുന്നില്ല. ചികിത്സക്കുവേണ്ടി വീടുവിറ്റ കുടുംബം എ.പി.എല്‍ വിഭാഗത്തിലാണുള്ളത്. ബ്ളാര്‍ക്കോട്ടെ റയാനക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല.
പൂര്‍ണമായും വികലാംഗയായ ഇവള്‍ ബ്രിട്ടീഷ് നിര്‍മിത ഉല്‍പന്നമായ കിഡ്സ് പ്രോയാണ് ദിവസേന കഴിക്കുന്നത്. 200 ഗ്രാമിന് 200 രൂപയാണ് ഇതിന്‍െറ വില. ജീവിക്കുന്നുവെന്നതിന് ഒരു രേഖയുമില്ലാത്ത കുടുംബമാണ് മറ്റൊരു ദുരിതബാധിതയായ ബബിതയുടേത്. നാട്ടുകാര്‍ പെര്‍ണടുക്കയില്‍ നിര്‍മിച്ചു നല്‍കിയ കൂരയില്‍ കഴിഞ്ഞുകൂടുന്ന ബബിത ചികിത്സാ ചെലവിന് പണമില്ലാതെ ബുദ്ധിമുട്ടുന്നു.
തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍െറ കീടനാശിനി പ്രയോഗമാണ് രോഗങ്ങള്‍ക്ക് കാരണമെന്ന സംശയത്തെത്തുടര്‍ന്ന് പലരും വീടുമാറി താമസിക്കാന്‍ തുടങ്ങി. പിറക്കാന്‍ പോകുന്ന കുട്ടികളിലും ഇത് കാണാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയോടെയാണ് വീടുമാറ്റം. ചില കുടുംബങ്ങള്‍ ചികിത്സാര്‍ഥം വീടും സ്ഥലവും വിറ്റ് വാടക ക്വാര്‍ട്ടേഴ്സുകളില്‍ അഭയം തേടി. ദരിദ്ര ചുറ്റുപാടില്‍ ജീവിക്കുന്ന പലരുടെയും റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്ലാണ്. മറ്റു ചിലര്‍ക്ക് റേഷന്‍ കാര്‍ഡുകളില്ല. വേറെ ചിലര്‍ക്ക് രേഖകള്‍ ഒന്നുമില്ല.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 11 പഞ്ചായത്തുകളില്‍ മൊഗ്രാല്‍പുത്തൂര്‍ ഉള്‍പ്പെടാത്തതിനാലാണ് ഇപ്പോള്‍ വിഷയം പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായി തുടങ്ങുകയും സമാന രോഗങ്ങളുള്ള മൊഗ്രാലിലെ രോഗികള്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. സാധാരണ സര്‍ക്കാര്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍പോലും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
സാമൂഹിക ക്ഷേമ മന്ത്രി മൊഗ്രാല്‍ സന്ദര്‍ശിച്ചാണ്, വ്യാപകമായ തോതിലുള്ള ജനിതക വൈകല്യത്തെക്കുറിച്ച് പഠിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തത്.
എന്‍ഡോസള്‍ഫാന്‍ മാതൃകയില്‍ പാക്കേജ് അല്ലെങ്കില്‍ രോഗികളെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍