പ്രതിപക്ഷ ബഹളത്തിനിടയില്‍ കേരള നിയമസഭ പാസാക്കിയ സേവനാവകാശ ബില്‍ പൗരാവകാശ സംരക്ഷണ മാര്‍ഗത്തില്‍ പുതിയ കവാടം തുറക്കുകയാണോ? സിവില്‍, പൊലീസ് സര്‍വീസുകളുമായി ബന്ധപ്പെട്ട് 22 സേവനങ്ങളാണ് ഒറ്റയടിക്ക് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ വരെയും പൊലീസ് സ്റ്റേഷനില്‍ നല്‍കുന്ന പരാതിക്ക് രസീത് നല്‍കുന്നതു മുതല്‍ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍വരെയും ഉള്‍പ്പെടുന്നുണ്ട് എന്നത് പ്രതീക്ഷകളുടെ നാമ്പുകള്‍ മുളപ്പിക്കുന്നു. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം കണക്ഷന്‍, റേഷന്‍ കാര്‍ഡ്, ജോലി വെരിഫിക്കേഷന്‍, പട്ടികജാതി, വര്‍ഗ നഷ്ടപരിഹാര ശിപാര്‍ശ, നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് രസീത്, ഗുരുതര കുറ്റകൃത്യങ്ങളില്‍ പൊലീസിന്റെ സത്വര ഇടപെടല്‍, കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് എത്തിച്ചേരല്‍, പരാതികളില്‍ നടപടി, ജാഥക്കും ഉച്ചഭാഷിണിക്കുമുള്ള അനുമതി, ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമുള്ള ലൈസന്‍സ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കല്‍, കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ വിട്ടുകൊടുക്കല്‍ എന്നിവകളും കൂടി ഉള്‍പ്പെടുമ്പോള്‍ പ്രഥമ റൗണ്ടില്‍തന്നെ ബില്‍ ലക്ഷ്യമിടുന്ന 'ശുദ്ധി കലശ'ത്തിന്റെ വ്യാപ്തം തിട്ടപ്പെടുത്താം. സര്‍ക്കാറിന്റെ സേവനമേഖല ഈ 22 ലോ അതിന്റെ ഇരട്ടിയിലോ ഒതുങ്ങുന്നതല്ലെങ്കിലും നിത്യജീവിതവുമായി നേര്‍ക്കുനേരെ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രഥമവും പ്രധാനവുമായ ഇനങ്ങള്‍ ഇതില്‍ ഉണ്ടെന്ന് കാണാം.
പബ്ലിക് സര്‍വീസ് മേഖലയെക്കുറിച്ചുള്ള ചിത്രം ഒട്ടും പ്രസന്നമല്ല. കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം, ഈഗോ ക്ളാഷ്, സര്‍വീസ് സംഘടനാ താന്‍പ്രമാണിത്വം ഇത്യാദി അരുതായ്മകളുടെ പ്രേതബാധയേറ്റു കിടക്കുന്ന ഭാര്‍ഗവീനിലയങ്ങളാണ് ഓരോ ഓഫിസും എന്നുതന്നെ പറയാം. ചുവപ്പുനാടയിലും പ്രോപ്പര്‍ചാനലിന്റെ ഇടനാഴിയിലുമൊക്കെ അകപ്പെട്ട് എത്രയെത്ര സങ്കടഹരജികളാണ് അകാല ചരമമടഞ്ഞത്. എത്രയെത്ര വികസന പദ്ധതികളാണ് പ്രാവര്‍ത്തികമാവാതെ പോയത്. വൈകി എത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്ന ആപ്തവാക്യം ജനാധിപത്യത്തിന്റെ തേഡ് എസ്റ്റേറ്റില്‍ ചവിട്ടിമെതിക്കപ്പെടുന്നു. നേരെചൊവ്വേ ചെന്നാല്‍ ഒരു കാര്യവും സമയത്തിന് സാധിച്ചുകിട്ടില്ല എന്നേടത്തോളം പൊതുബോധം രൂഢമൂലമായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ കപ്പലില്‍തന്നെയാണ്. ജനങ്ങളുടെ നാഡിമിടിപ്പ് കണ്ടറിയുകയും അവരോട് ഏറെ സാമീപ്യം പുലര്‍ത്തുകയും ചെയ്യേണ്ട ഒരു വിഭാഗം നിര്‍ഭാഗ്യവശാല്‍ അവരില്‍നിന്ന് അനുദിനം അകന്നകന്നുപോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥയുടെ ആഴം കണ്ടുതന്നെയാവാം സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ സന്മനസ്സു കാട്ടിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ എന്നാണ് പറയപ്പെടാറെങ്കിലും നികുതിദായകരുടെ പണമാണ് തങ്ങള്‍ പ്രതിഫലമായി പറ്റുന്നത് എന്ന ബോധം തൊട്ടുതീണ്ടിയിട്ടില്ലെന്നു തോന്നും ശിപായി മുതല്‍ മുഖ്യാധിപന്‍വരെയുള്ളവരുടെ മനോഭാവം കണ്ടാല്‍. എല്ലാവരും ഇങ്ങനെയാണെന്നല്ല. പക്ഷേ, മൊത്തത്തില്‍ പതിഞ്ഞിരിക്കുന്ന ചിത്രം അതാണ്. സംസ്ഥാനം പിറവികൊണ്ട് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ചിത്രത്തിന് തിളക്കംവെപ്പിക്കാനായില്ലെന്ന് മാത്രമല്ല, കൂടുതല്‍ ഇരുണ്ടുവരികയായിരുന്നുവെന്നത് നമ്മുടെ ജനാധിപത്യബോധത്തിനേറ്റ മുറിവുകളില്‍ ചിലതാണ്. ഒടുവില്‍ ഇങ്ങനെയൊരു നിയമത്തിന്റെ അനിവാര്യതയോളം പ്രശ്നം വഷളായി എന്നേ പറയാനുള്ളൂ. പറഞ്ഞുറപ്പിച്ച പ്രതിഫലത്തിനനുസരിച്ച് സേവനംകിട്ടാതാവുന്നത് പ്രകൃത്യാ തന്നെ നിയമലംഘനമായിരിക്കെ ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യകത അധികപ്പറ്റല്ലേയെന്ന്് സന്ദേഹിക്കുന്നവരുണ്ട്. ഏതായാലും ഓരോ സേവനത്തിനും സമയപരിധിയും വീഴ്ചവരുത്തുന്നപക്ഷം ചുമത്തേണ്ട പിഴയും (500 മുതല്‍ 5000 വരെ) നിശ്ചയിച്ചിരിക്കെ സിവില്‍ സര്‍വീസും പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ആശാവഹമായ രീതിയില്‍ ജനങ്ങളുടെ കൈയെത്തും ദൂരത്താവും എന്ന് പ്രതീക്ഷിക്കാം.
നിയമം നിര്‍മിച്ച് കൈയടി വാങ്ങിയതുകൊണ്ടു മാത്രമായില്ല, അത് ചൈതന്യത്തോടെയും മുടക്കംകൂടാതെയും നടപ്പില്‍വരുത്തുന്നുണ്ടെന്ന് ഉറപ്പുവരാത്തിടത്തോളം ഏട്ടിലെ പശുവിന്റെ അവസ്ഥയായിരിക്കും വന്നുചേരുക. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണ് എന്നാണ് വെപ്പ് എങ്കിലും ചില കൂടുതല്‍ സമന്മാരുടെ കൈക്ക് കടന്നുപിടിക്കുമ്പോള്‍ 'ധിക്കാരം അതിരുവിടുന്നതായി വേണ്ടപ്പെട്ടവര്‍ക്ക്' തോന്നിയെന്നും വരാം. സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന വിവരാവകാശ നിയമത്തിന്റെ പില്‍ക്കാല അനുഭവം നല്‍കുന്ന പാഠവും അതാണ്. വിവരങ്ങള്‍ നല്‍കി, നല്‍കി പല അപ്രിയസത്യങ്ങളും പുറത്താകുമെന്നുകണ്ട് വിവരാവകാശത്തിന്റെ ചിറകരിയാന്‍ പിന്‍വാതില്‍ ശ്രമം നടന്നത് മറന്നുകൂടാ. അത്തരം വഴിമുടക്കികളെ മറികടക്കാനുള്ള കാതല്‍ സേവനാവകാശ നിയമം ഉറപ്പുവരുത്തേണ്ടതുണ്ട്. സത്യസന്ധമായും സമയബന്ധിതമായും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ജീവനക്കാര്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷം വന്നുചേരുന്ന പഴുതുകള്‍ അടച്ചുകൊണ്ടുമായിരിക്കണം നിയമം ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറേണ്ടത്. ഭാവിയില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി നിയമം വിശാലമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അതിനുപുറമെ വളരെ സമഗ്രമായ നിയമം കേന്ദ്രം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞുകേള്‍ക്കുന്നു. എല്ലാം നടപ്പാവുന്ന നല്ല നാളെയുടെ പുലരി എന്നായാലും വേണ്ടില്ല അത് സംഭവിക്കട്ടെ. അതുവരെ ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന ഫയലുകള്‍ക്കും സങ്കടഹരജികള്‍ക്കും വേഗംകൂട്ടാന്‍ നിര്‍ദിഷ്ട ബില്ലിന് സാധിച്ചെങ്കില്‍ അത്രയും നന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍