Thu, 07/26/2012 - 15:06 ( 42 weeks 5 daysago)
ജമൈക്കന്‍ സുവര്‍ണ ജൂബിലി
(+)(-) Font Size

1962 ആഗസ്റ്റ് ആറിലെ അര്‍ധരാത്രി. കിങ്സ്റ്റണിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍െറ ‘യൂനിയന്‍ ജാക്’ പതാകക്ക് ഒടുവില്‍ ഇറക്കമായി. പകരം മഞ്ഞയും കറുപ്പും പച്ചയും കലര്‍ന്ന ജമൈക്കന്‍ ദേശീയ പതാകക്ക് പിറന്ന മണ്ണില്‍ അഭിമാനകരമായ കൊടിയേറ്റം. ബ്രിട്ടന്‍െറ കോളനിയായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന കരീബിയന്‍ ദ്വീപ് സ്വാതന്ത്ര്യത്തിന്‍െറ സ്റ്റാര്‍ട്ടിങ് ബ്ളോക്കിലേക്ക് കാലെടുത്തുവെച്ച സുദിനമായിരുന്നു അത്.

l l l l

ആ സുന്ദര പുലരിക്ക് സുവര്‍ണ ജൂബിലിയാകുന്നത് ഈ വരുന്ന ആഗസ്റ്റ് ആറിനാണ്. ലണ്ടന്‍ ഒളിമ്പിക്സിന്‍െറ അവസാന നാഴികകളിലേക്ക് ലോകം ആകാംക്ഷയോടെ കണ്ണെറിയുകയാവും അന്ന്. അപ്പോള്‍, സ്വാതന്ത്ര്യത്തിന്‍െറ അമ്പതാണ്ട് ആഘോഷിക്കാന്‍ ജമൈക്കയുടെ കൈയിലൊരു തങ്കപ്പതക്കമുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്. വമ്പന്‍ അട്ടിമറികളിലേക്ക് ഫിനിഷ് ചെയ്തില്ലെങ്കില്‍, ലോകത്തെ ഏറ്റവും വേഗംകൂടിയ ഓട്ടക്കാരനുള്ള മഞ്ഞലോഹം 28 ലക്ഷം മാത്രം ജനസംഖ്യയും കേരളത്തിന്‍െറ നാലിലൊന്ന് മാത്രം വിസ്തീര്‍ണവുമുള്ള ഈ കരീബിയന്‍ ദ്വീപിലെത്തും. നേട്ടം കൊയ്യാനിറങ്ങുന്നതാവട്ടെ, പഴയ യജമാനന്മാരുടെ തറവാട്ടു മുറ്റത്താണു താനും. ബക്കിങ്ഹാം കൊട്ടാരത്തിന്‍െറ മൂക്കിന്‍ തുമ്പത്ത് ലണ്ടനിലെ ഒളിമ്പിക് പാര്‍ക്കില്‍ ജമൈക്കന്‍ മോഹങ്ങള്‍ പൂത്തുലഞ്ഞാല്‍ അതില്‍പരം മികച്ച പിറന്നാള്‍ സമ്മാനം രാജ്യത്തിന് മറ്റെന്തു വേണം.

l l l l

അതിശയങ്ങളുടെ കൊയ്ത്തു കാലമാണ് ഈ കരീബിയന്‍ ദേശത്ത്. മില്‍ഖാ സിങ് 1960ല്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോള്‍ ജമൈക്കയെന്ന സ്വതന്ത്ര രാജ്യം ആഗോള ഭൂപടത്തിലുണ്ടായിരുന്നില്ല. ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പറക്കും സിങ്ങിന്‍െറ മെഡല്‍ നഷ്ടത്തെക്കുറിച്ച് വീരസ്യം പറയുന്ന ഇന്ത്യന്‍ ദൗര്‍ബല്യങ്ങള്‍ക്ക് മുന്നിലൂടെയാണ് ഉസൈന്‍ ബോള്‍ട്ടും മെര്‍ലിന്‍ ഓട്ടിയും അസഫ പവലും യോഹാന്‍ ബ്ളെയ്ക്കും ഷെല്ലി ആന്‍ ഫ്രേസറും വെറോണിക്ക കാംപ്ബെല്‍ ബ്രൗണുമൊക്കെ ഓടിത്തിമിര്‍ക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ട്രാക് ആന്‍ഡ് ഫീല്‍ഡില്‍നിന്ന് 54 ഒളിമ്പിക്സ് മെഡലുകളാണ് ഈ കൊച്ചുരാജ്യം സ്വന്തമാക്കിയത്. ക്രിക്കറ്റിന്‍െറ ക്രീസില്‍ ഫ്രാങ്ക് വോറല്‍, കോര്‍ട്നി വാല്‍ഷ്, മൈക്കല്‍ ഹോള്‍ഡിങ്, ജോര്‍ജ് ഹെഡ്ലി, ജെഫ് ഡുജോണ്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ വിഖ്യാത പ്രതിഭകള്‍ക്ക് ജന്മംനല്‍കിയ ജമൈക്കന്‍ മണ്ണ്, 1998ല്‍ ലോകകപ് ഫുട്ബാളിലും പന്തുതട്ടി അഭിമാനിതമായിരുന്നു.

l l l l

കരിമ്പും കഞ്ചാവും പൂക്കുന്ന കരീബിയന്‍ മണ്ണില്‍ ഇന്ന് കാലിപ്സോ സംഗീതം പോലെ ഹൃദ്യമാണ് അത്ലറ്റിക്സിന്‍െറ വെടിയൊച്ചകള്‍. പുതിയൊരു കായിക വിപ്ളവത്തിന്‍െറ ഉണര്‍ത്തുപാട്ടായാണ് അവ സ്വീകാര്യമാവുന്നത്. ക്രിക്കറ്റ് ക്രീസിലെ അടിതടകള്‍ക്കപ്പുറത്തേക്ക് ഓടിക്കയറാന്‍ ജമൈക്ക ആവേശം കൊള്ളുമ്പോള്‍ ട്രാക്കിലേക്ക് പുതുതലമുറ ആവേശത്തോടെ സ്പൈക്കണിയുന്നു. ബെയ്ജിങ് ഒളിമ്പിക്സില്‍ ബോള്‍ട്ടിന്‍െറ നേതൃത്വത്തില്‍ ജമൈക്കന്‍ താരങ്ങള്‍ വാരിക്കൂട്ടിയത് 11 മെഡലുകളാണ്. ഇവയത്രയും അത്ലറ്റിക്സില്‍ നിന്നായിരുന്നു താനും. ആറടിലേറെ ഉയരം അനുകൂലമാകുമ്പോള്‍ വന്യവേഗമാര്‍ന്ന പേസ് ബൗളിങ്ങിന്‍െറ ക്രീസില്‍ വാല്‍ഷിനെപ്പോലെ മുഴുനീള റണ്ണപ്പെടുക്കുന്നതിനേക്കാള്‍ സ്വീകാര്യത കിട്ടുന്നത് സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ മുന്നോട്ടായുന്ന ബോള്‍ട്ടിനാണെന്ന് ഇളമുറക്കാര്‍ തിരിച്ചറിയുന്നു.

l l l l

റെഗ്ഗായി സംഗീതത്തിന് ബോബ് മാര്‍ലി എന്നതു പോലെയായിരുന്നു ജമൈക്കന്‍ അത്ലറ്റിക്സിന് ഡൊണാള്‍ഡ് ക്വാറി. അഞ്ചു ഒളിമ്പിക്സുകളില്‍ പങ്കെടുത്ത ക്വാറി അവയില്‍ നാലിലും മെഡലില്‍ തൊട്ടു. സ്വാതന്ത്ര്യാനന്തര ജമൈക്കക്കുവേണ്ടി ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിയത് ക്വാറിയാണ്. അത്ലറ്റിക്സിന്‍െറ സാധ്യതകളിലേക്ക് പിന്മുറക്കാര്‍ക്ക് വ്യക്തമായ സൂചന നല്‍കിയത് ക്വാറി തന്നെയായിരുന്നു. പിന്നീടു വന്നത് സാക്ഷാല്‍ മെര്‍ലിന്‍ ഓട്ടി. 200 മീറ്ററില്‍ ലോക റെക്കോഡ് ജേതാവായിരുന്ന ഈ കറുത്ത മുത്ത് 1980നും 2000നും ഇടയില്‍ ഒമ്പതു ഒളിമ്പിക് മെഡലുകള്‍ നേടി. 2008 ബെയ്ജിങ്ങില്‍ 400 മീറ്ററില്‍ വെള്ളി നേടിയ ഷെറിക്ക വില്യംസിനെപ്പോലെ ഓട്ടിയെക്കണ്ടു മാത്രം ട്രാക്ക് മോഹിച്ചെത്തിയ ഒരു പറ്റം പെണ്‍ താരങ്ങള്‍ ഇന്ന് ജമൈക്കയിലുണ്ട്. ബെയ്ജിങ്ങില്‍ വേഗമേറിയ വനിതയായ ഷെല്ലി ആന്‍ ഫ്രേസറും 200 മീറ്ററില്‍ സ്വര്‍ണം നേടിയ വെറോണിക്ക കാംപ്ബെല്‍ ബ്രൗണിനെയും പോലെ ബോള്‍ട്ടിനും ബ്ളെയ്ക്കിനുമൊത്ത വനിതാ താരങ്ങളും ജമൈക്കന്‍ മണ്ണില്‍നിന്ന് വേണ്ടത്ര പിറവിയെടുക്കുന്നു. കെറോണ്‍ സ്റ്റിവാര്‍ട്ടും ഷെറോണ്‍ സിംപ്സണുമൊക്കെ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം.
ക്വാറിയുടെ പ്രചോദനമുള്‍ക്കൊണ്ട് വന്ന അസഫ പവല്‍ 100 മീറ്റര്‍ 9.74 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 21ാം നൂറ്റാണ്ടില്‍ ജമൈക്കന്‍ അതിവേഗത്തിന്‍െറ ആദ്യ അംബാസഡറായ അസഫ രാജ്യത്തെ പല കോണുകളിലും ബോള്‍ട്ടിനേക്കാള്‍ പ്രശസ്തനായി തുടരുന്നുണ്ട്.

l l l l

വിപ്ളവം താരങ്ങളില്‍ മാത്രമായി ഒതുങ്ങിയില്ല. പത്തോ ഇരുപതോ സെക്കന്‍ഡ് നേരത്തേക്ക് പ്രിയതാരങ്ങളെ കാണാന്‍ 10ഉം 20ഉം ഡോളര്‍ മുടക്കി 35,000 പേര്‍ക്കിരിക്കാവുന്ന നാഷനല്‍ സ്റ്റേഡിയത്തിലെത്താന്‍ ഒരു ജനത അതീവ താല്‍പര്യം കാട്ടുന്നു. നിറഞ്ഞ സ്റ്റേഡിയം അത്രകണ്ട് തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് താരങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. സ്കൈ ബോക്സോ ലക്ഷ്വറി സ്യൂട്ടുകളോ ഇല്ലാത്ത, ഒരു വീഡിയോ സ്കോര്‍ ബോര്‍ഡ് മാത്രമുള്ള നാഷനല്‍ സ്റ്റേഡിയം ന്യൂയോര്‍ക്കിലോ ലണ്ടനിലോ മറ്റോ ആയിരുന്നെങ്കില്‍ എന്നോ പൊളിച്ചു മാറ്റപ്പെടുമായിരുന്നു. റെയ്സേഴ്സ് ട്രാക് ക്ളബ് പോലെ ഓടിത്തെളിയാന്‍ മികച്ച കളരികളും ഇന്ന് ജമൈക്കയിലുണ്ട്.

l l l l

അര്‍പ്പണ ബോധത്തിന്‍െറ ഈ വിജയഗാഥകളിലേക്ക് സംശയത്തോടെ നോക്കുന്നവരുണ്ട്. വിറ്റമിന്‍ നിറഞ്ഞ പച്ചക്കറികളും ശുദ്ധമായ ജീവിത സാഹചര്യവും അധികൃതര്‍ നല്‍കുന്ന പിന്തുണയും ചേര്‍ന്നാലൊന്നും ഇത്തരമൊരു വിപ്ളവം സാധ്യമല്ലെന്നെും അതിനുമപ്പുറത്ത് ഉത്തേജക മരുന്നിന്‍െറ സാന്നിധ്യം ജമൈക്കന്‍ സിരകളിലോടുന്നില്ലേയെന്നും പറയാതെ പറഞ്ഞവരുണ്ട്. ഈ ചോദ്യങ്ങളില്‍നിന്ന് ബോള്‍ട്ട് ഒരിക്കലും ഒഴിഞ്ഞു മാറിയിരുന്നില്ല. ബെയ്ജിങ് ഒളിമ്പിക്സിനു മുമ്പ് ഒരാഴ്ചക്കിടെ നാലു തവണ വരെ ബോള്‍ട്ടിനെ ഉത്തേജക പരിശോധനക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, ഒരിക്കല്‍പോലും മരുന്നിന്‍െറ അംശം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
l l l l

ലണ്ടനില്‍ ബോള്‍ട്ടും ബ്ളെയ്ക്കും ഷെല്ലിയും വെറോണിക്കയും കാര്യമായി മത്സരിക്കുന്നത് തങ്ങളുടെ നാട്ടുകാരോടു തന്നെയാണ്. പുരുഷ വിഭാഗം നൂറു മീറ്ററില്‍ ബോള്‍ട്ടോ ബ്ളെയ്ക്കോ എന്ന പത്തരമാറ്റ് ചോദ്യമാണ് ലണ്ടനെ ലാക്കാക്കി ഉയരുന്നത്. കിങ്സ്റ്റണില്‍ നടന്ന ഒളിമ്പിക്സ് ട്രയല്‍സില്‍ ബോള്‍ട്ടിനെ 100, 200 മീറ്ററുകളില്‍ അട്ടിമറിച്ച ബ്ളെയ്ക്ക് നല്‍കിയ സൂചനകള്‍ ലണ്ടനില്‍ പോരാട്ടം പൊടിപാറുമെന്നു തന്നെയാണ്. ഈ സീസണില്‍ സ്വതസിദ്ധമായ ഫോമിലേക്കുയരാന്‍ കഴിയാതെപോയ ബോള്‍ട്ട് ഒളിമ്പിക്സില്‍ തന്‍െറ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ശരീരത്തെയും മനസ്സിനെയും ഒരുക്കുന്ന തിരക്കിലാണ്. കോച്ച് ഗ്ളെന്‍ മില്‍സിനു കീഴില്‍ ബോള്‍ട്ടും ബ്ളെയ്ക്കും ഒന്നിച്ചാണ് പരിശീലനം. 9.58 സെക്കന്‍ഡിന്‍െറ ലോക റെക്കോഡിലേക്ക് ഓടിയെത്തി ബെയ്ജിങ്ങില്‍ വിസ്മയം കുറിച്ച ബോള്‍ട്ട് ലണ്ടനില്‍ അതും തിരുത്തുമെന്ന് കരുതുന്നവര്‍ ഏറെ. എന്നാല്‍, കിങ്സ്റ്റണില്‍ 9.75 സെക്കന്‍ഡില്‍ ബോള്‍ട്ടിനെ അട്ടിമറിച്ച ബ്ളെയ്ക്കിന്‍െറ കരുത്തിനെ അവഗണിക്കാനാവില്ല. ശിഷ്യരില്‍ ആരു ജയിക്കുമെന്ന് മില്‍സിനോടു ചോദിച്ചാല്‍ അതു പ്രവചിക്കാനില്ലെന്ന് കോച്ച് പറഞ്ഞൊഴിയും. പക്ഷേ, എന്തായാലും ജമൈക്ക ജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രവചിക്കുകയും ചെയ്യും.
l

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus