12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കേന്ദ്ര സത്യവാങ്മൂലം കെട്ടിക്കിടക്കുന്ന കോടികളുടെ എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍

കാസര്‍കോട്: കേരളത്തിലും കര്‍ണാടകയിലുമൊഴികെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് നിരോധത്തെ തുടര്‍ന്ന് നിര്‍മാണ കമ്പനികളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ കീടനാശിനി വിറ്റഴിക്കാന്‍.
ലോകത്ത് എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഗുജറാത്തിലെ ഭവ്നഗറിലെ എക്സല്‍ ക്രോപ് കെയര്‍ ലിമിറ്റഡ്, ആന്ധ്രപ്രദേശിലെ സെകന്തരാബാദിലെ കോറമാന്‍ഡല്‍ ഫെര്‍ട്ടിലൈസേഴ്സ്, പൊതുമേഖലാ സ്ഥാപനമായ കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) എന്നിവയാണ് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍. ഇതില്‍ എക്സല്‍ ആണ് രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാന്‍ കൂടുതലും വിറ്റഴിക്കുന്നത്.
2011 മേയ് 13ന് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വിപണനവും സുപ്രീംകോടതി നിരോധിച്ചത് എക്സലിന്‍െറ വരുമാനത്തെ കാര്യമായി ബാധിച്ചു.
കമ്പനിയുടെ 2011-12 വര്‍ഷത്തെ ലാഭം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 39.95 കോടി കുറഞ്ഞതായി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് കാരണം എന്‍ഡോസള്‍ഫാന്‍ നിരോധമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലും ഡിസംബറിലുമായുള്ള സുപ്രീംകോടതിഉത്തരവനുസരിച്ച് എന്‍ഡോസള്‍ഫാന്‍ ഭാഗികമായി കയറ്റുമതി ചെയ്യാന്‍ അനുമതി ലഭിച്ചപ്പോള്‍ കമ്പനിയുടെ കയറ്റുമതി 232.24 കോടിയില്‍ നിന്ന് 255.81 കോടിയായി ഉയര്‍ന്നു. വിവിധ രൂപത്തിലുള്ള എന്‍ഡോസള്‍ഫാനില്‍ മൂന്നിലൊന്നേ കയറ്റുമതി ചെയ്യാന്‍ സാധിച്ചുള്ളൂ.
ബാക്കിയുള്ളവ അനുമതി ലഭിച്ചാല്‍ കയറ്റുമതി ചെയ്യുമെന്ന് കമ്പനി പറയുന്നു. എന്നാല്‍, ആഭ്യന്തര വിപണനം നിരോധിച്ചതിനാല്‍ മൊത്തത്തില്‍ എക്സലിന് കോടികളുടെ നഷ്ടം സംഭവിച്ചു. വിവിധ രൂപത്തിലുള്ള എന്‍ഡോസള്‍ഫാനും കീടനാശിനി നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുമായി 16.30 കോടി രൂപയുടെ സാധനങ്ങളാണ് എക്സല്‍ ക്രോപ് കെയറില്‍ കെട്ടിക്കിടക്കുന്നത്. നിരോധം നീക്കാതെ ഇത് വിറ്റഴിക്കാനാവില്ല. ഇ.ഐ.ഡി പാരി എന്ന കമ്പനിക്ക് കീഴിലുള്ള കോറമാന്‍ഡല്‍ ഫെര്‍ട്ടിലൈസേഴ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൊത്തം വിറ്റുവരവില്‍ 10 ശതമാനം കുറവ് സംഭവിച്ചത് എന്‍ഡോസള്‍ഫാന്‍ നിരോധം മൂലമാണെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ ‘വിളകളെ സംരക്ഷിക്കുന്ന കീടനാശിനികള്‍’ കോറമാന്‍ഡലിന്‍െറ ‘സബേറോ’ എന്ന അനുബന്ധ കമ്പനിയാണ് ഉല്‍പാദിപ്പിക്കുന്നത്. 61.24 കോടി രൂപയുടെ നഷ്ടമാണ് സബേറോക്ക് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം 73.39 കോടി വിലയുള്ള കീടനാശിനികള്‍ കമ്പനി സ്റ്റോക്ക് ചെയ്തെങ്കില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തോടെ സ്റ്റോക്ക് 91.46 കോടിയുടേതായി ഉയര്‍ന്നു.
എച്ച്.ഐ.എല്ലില്‍ നിന്നുള്ള കണക്ക് ലഭ്യമായിട്ടില്ല. എച്ച്.ഐ.എല്‍ കൊച്ചി കേന്ദ്രത്തിന്‍െറ വരുമാനത്തിന്‍െറ പകുതിയും എന്‍ഡോസള്‍ഫാന്‍ വിറ്റ് കിട്ടുന്ന തുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com