Thu, 07/26/2012 - 12:51 ( 42 weeks 6 daysago)
ശതകോടി സ്വപ്നങ്ങളിലേക്ക് ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര കിറുകൃത്യമായി കാഞ്ചിവലിച്ചപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യക്കാദ്യമായി വ്യക്തിഗത മെഡല്‍. എണ്ണത്തിലും വണ്ണത്തിലും മറ്റാരെയും പിന്നിലാക്കി പങ്കാളിത്തത്തില്‍ മാത്രം സായുജ്യമടയുന്നവരുടെ സംഘത്തിന് പിന്നെയും കിട്ടി രണ്ട് മെഡല്‍ കൂടി. ബോക്സിങ് റിങ്ങില്‍ വിജേന്ദര്‍കുമാറും ഗുസ്തിയുടെ ഗോദയില്‍ സുശീല്‍കുമാറും വെങ്കല പതക്കമണിഞ്ഞപ്പോള്‍ കൈനിറയെ കിട്ടിയതിന്‍െറ ആഹ്ളാദമായിരുന്നു രാജ്യംനിറയെ. ഒരു കാലത്ത് ഒളിമ്പിക്സുകളില്‍ രാജ്യത്തിന്‍െറ കായികമുദ്ര പതിപ്പിച്ചിരുന്ന ഹോക്കി ടീമിന്‍െറ സാന്നിധ്യം പേരിനു പോലുമുണ്ടായിരുന്നില്ല വന്‍ മതിലിന്‍െറ നാട്ടില്‍. എന്നിട്ടും ഒരു ഒളിമ്പിക്സില്‍ മൂന്ന് മെഡലെന്ന അപൂര്‍വ നേട്ടം. നാണം മറക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന് കൊതിച്ചവന് വാരിക്കോരി ലഭിച്ച പ്രതീതി. വീണ്ടുമൊരു ഒളിമ്പിക്സ് വിരുന്നെത്തുമ്പോള്‍ ലണ്ടനിലും പതിവ് തെറ്റിക്കുന്നില്ല. കൊച്ചു കൊച്ചു പ്രതീക്ഷകള്‍ മാത്രം പുലര്‍ത്തുന്ന ബഹുഭൂരിപക്ഷത്തിനൊപ്പം ഇത്തവണ നമുക്ക് സ്വപ്നം കാണാന്‍ ഏറെ പേരുണ്ട്. ആ സ്വപ്നങ്ങളൊക്കെയും യാഥാര്‍ഥ്യമായാല്‍ ഒളിമ്പിക്സ് ഭൂപടത്തില്‍ ഇന്ത്യാ മഹാരാജ്യം വീണ്ടും ചരിത്രമെഴുതും.
ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ കണക്കില്‍ ഇതുവരെ ഒമ്പത് സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും മാത്രമാണുള്ളത്. അതില്‍ എട്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഹോക്കി ടീമിന്‍േറത്. ബ്രിട്ടന്‍െറ മണമുള്ള നോര്‍മന്‍ റിച്ചാഡ് നേടിയ രണ്ടു വെള്ളി ഒഴിച്ചാല്‍ പിന്നൊന്ന് വന്നതും ഷൂട്ടിങ് റേഞ്ചിലായിരുന്നു. കായിക മാമാങ്കത്തിന്‍െറ ശതവാര്‍ഷികത്തില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്‍െറ വക. ബെയ്ജിങ്ങിന് മുമ്പ് വെങ്കലങ്ങളില്‍ മൂന്നെണ്ണം 1952ല്‍ ഗുസ്തിയില്‍ കെ.ഡി. യാദവും 96ല്‍ ലിയാണ്ടര്‍ പേസും 2000ല്‍ കര്‍ണം മല്ലേശ്വരിയും നേടിയതായിരുന്നു.
ലണ്ടനില്‍ തിരിച്ചെത്തുകയാണെങ്കിലും ഹോക്കി ടീം ഒരിക്കല്‍ പോലും സ്വര്‍ണനിറം പകരുന്നില്ല. പകരം ഒരിക്കല്‍ക്കൂടി ഷൂട്ടിങ് റേഞ്ചിലാണ് പ്രതീക്ഷകളുടെ തേരിലേറുന്നവര്‍ . അഭിനവ് ബിന്ദ്രക്കൊപ്പം അവസാന നിമിഷം ടിക്കറ്റെടുത്ത ഗഗന്‍ നാരംഗും മെഡല്‍ ഉന്നമിട്ടു കാഞ്ചിവലിക്കും. ലോക റാങ്കിങ്ങില്‍ ഒന്നാം നമ്പറുകാരിയായ അമ്പെയ്ത്തുകാരി ദീപാ കുമാരിയും ഉന്നംതെറ്റാതെ വില്ലുകുലച്ചാല്‍ നാട് കാത്തിരുന്ന ഫലമുറപ്പ്. ഒളിമ്പിക്സ് ബാലികേറാ മലയല്ലെന്ന് പറഞ്ഞ് നടക്കുന്ന ദീപ അത് തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ സൈനാ നെഹ്വാളാണ് മെഡല്‍ സ്വപ്നഭാരം പേറുന്ന മറ്റൊരു പെണ്‍കൊടി. റാങ്കിങ്ങില്‍ അഞ്ചാമത് നില്‍ക്കുന്ന സൈന മൂന്നോളം ഓപണുകള്‍ ജയിച്ചു ഉജ്ജ്വല ഫോമിലാണ് താനും. ചൈനീസ് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജയിക്കാനായാല്‍ സൈനക്ക് മെഡല്‍ കിട്ടാക്കനിയല്ല. മലയാളിയായ വി. ഡിജുവും ജ്വാല ഗുട്ടയുമുള്‍പ്പെട്ട മിക്സഡ് ടീമും ചില്ലറക്കാരല്ല.
ഇടിക്കൂട്ടില്‍ എം.സി. മേരി കോം ആണുങ്ങള്‍ക്കൊപ്പം ശക്തി ദുര്‍ഗമാണ്. മത്സരക്രമം അനുകൂലമായാല്‍ മേരിയും ഇത്തവണ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. നേട്ടമാവര്‍ത്തിക്കാനൊരുങ്ങുന്ന വിജേന്ദറും സംഘവും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ടെന്നിസില്‍ മെഡലിന്‍െറ മധുരം നുകര്‍ന്നിരുന്ന ലിയാണ്ടര്‍ പേസും സംഘവും വിവാദങ്ങളുടെ അകമ്പടിയോടെയാണ് ലണ്ടനിലേക്കു പറക്കുന്നത്. കരുത്തിന്‍െറ പ്രതീകങ്ങളായ മഹേഷ് ഭൂപതിയും സാനിയ മിര്‍സയുമടങ്ങുന്ന സംഘത്തിന് ഇത്തവണ മെഡല്‍ ലഭിക്കുന്നില്ലെങ്കില്‍ വിവാദമുണ്ടാക്കിയ പങ്ക് ചെറുതാവില്ല. കരുത്തരുടെ ഗ്രൂപ്പിലാണ് ഹോക്കി ടീം. പരിചയ സമ്പത്തും യുവത്വവും സമന്വയിക്കപ്പെട്ട ടീമിന്‍െറ സമീപകാല പ്രകടനങ്ങള്‍ ആശാവഹമല്ല. ആദ്യഘട്ടം കടന്നാല്‍ മാത്രം അതിസ്വപ്നം കാണാം. മലയാളികളുടെ പ്രാര്‍ഥനകളുമായി ഗോള്‍കീപ്പര്‍ ശ്രീജേഷും ടീമിനൊപ്പമുണ്ട്.
സെക്കന്‍ഡിന്‍െറ നൂറിലൊരംശം വ്യത്യാസത്തിന് മെഡല്‍ നഷ്ടമായ പി.ടി. ഉഷയുടെ ശിഷ്യ ടിന്‍റു ലൂക്കയും മയൂഖ ജോണിയും രഞ്ജിത് മഹേശ്വരിയും കെ. ടി. ഇര്‍ഫാനും മലയാളി സാന്നിധ്യങ്ങളായി അത്ലറ്റിക് ടീമിലുണ്ട്. സാധ്യതകളുടെ വിദൂരതയില്‍ മികച്ച വ്യക്തിഗത പ്രകടനങ്ങളാവും ഇവരുടെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍