12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ എന്തു ചെയ്യും?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ എന്തു ചെയ്യും?

അലീഗഢ് യൂനിവേഴ്സിറ്റിയില്‍ എം.ബി.എ അടക്കമുള്ള പി.ജി കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച പത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍, മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തതിന്‍െറ പേരില്‍ പ്രവേശം നിഷേധിക്കപ്പെട്ട് തിരിച്ചുപോരേണ്ടിവന്ന വാര്‍ത്ത അത്യന്തം ദു$ഖകരമാണ്. സംഭവമിങ്ങനെ: കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളാകാന്‍ ഭാഗ്യദോഷം ലഭിച്ചവരാണ് ടി. വിദ്യാര്‍ഥികള്‍. ബിരുദത്തിനുശേഷം അവര്‍ അലീഗഢ് യൂനിവേഴ്സിറ്റിയുടെ വിവിധ പി.ജി കോഴ്സുകള്‍ക്ക് പ്രവേശ പരീക്ഷ എഴുതുന്നു. സമയത്തിന് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചു, അലീഗഢ് വാഴ്സിറ്റി. നമ്മുടെ കുട്ടികള്‍ ലിസ്റ്റില്‍ ആദ്യപട്ടികയില്‍ ഇടം പിടിച്ചു. പക്ഷേ, അവിടെ പ്രവേശം ലഭിക്കണമെങ്കില്‍ ബിരുദത്തിന് 50 ശതമാനം മാര്‍ക്കുണ്ടെന്ന് തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ് വേണം. സംഗതി കാലിക്കറ്റില്‍ തയാറായിട്ടില്ല. (നോക്കണേ, സെന്‍ട്രല്‍ യൂനിവേഴ്സിറ്റികള്‍ ബിരുദ പരീക്ഷ നടത്തി, ബിരുദാനന്തര ബിരുദത്തിന്‍െറ പ്രവേശ നടപടികള്‍ തുടങ്ങിയിട്ടും നമ്മുടെ മഹത്തായ കലാശാലയില്‍ ബിരുദത്തിന്‍െറ മാര്‍ക്ക് ലിസ്റ്റ് പോലുമായിട്ടില്ലെന്ന്!) എന്നാല്‍, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അലീഗഢിലേക്ക് നേരിട്ടയക്കാമോ എന്ന് വിദ്യാര്‍ഥികള്‍ കെഞ്ചിയെങ്കിലും മഹാനായ കണ്‍ട്രോളര്‍ അവര്‍കള്‍ അതിനും വഴങ്ങിയില്ല. പകരം, ഈ കുട്ടികള്‍ ബി.കോം കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു കത്ത് അങ്ങേര്‍ എഴുതി നല്‍കി. ഈ കടലാസുമായി കുട്ടികള്‍ അലീഗഢിലേക്ക് വണ്ടി കയറി. പക്ഷേ, അവിടെ കണ്‍ട്രോളറുടെ തിരുവടിക്കടലാസ് സ്വീകരിക്കപ്പെട്ടില്ല. ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റില്ലെ്ളങ്കില്‍ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് ലിസ്റ്റെങ്കിലും വേണമെന്ന് അവര്‍ പറഞ്ഞു. അലീഗഢില്‍ നിന്ന് ആ കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രിയെയും വൈസ് ചാന്‍സലറെയും വിളിച്ച് വീണ്ടും കേണു നോക്കി. കഷ്ടപ്പെട്ട് എന്‍ട്രന്‍സ് എഴുതി വിജയിച്ച് നേടിയെടുത്ത തങ്ങളുടെ ഉപരിപഠന സാധ്യത കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടാന്‍ പോവുകയാണ്; ദയവായി കനിയണം. പക്ഷേ, കാലിക്കറ്റ് യൂനിവേഴ്സിറ്റി കനിഞ്ഞില്ല. വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. മന്ത്രിക്കും വി.സിക്കും കണ്‍ട്രോളര്‍ക്കും ഭൂമിയില്‍ വേറെ എന്തെല്ലാം പണിയിരിക്കുന്നു!
അലീഗഢ് യൂനിവേഴ്സിറ്റിയില്‍ പ്രവേശം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ മാത്രം പ്രശ്നമല്ലിത്. കേന്ദ്ര സര്‍വകലാശാലകളില്‍, കടുത്ത മാത്സര്യമുള്ള പി.ജി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതി പാസായ നിരവധി വിദ്യാര്‍ഥികളെ യൂനിവേഴ്സിറ്റി ഈ വിധം തീവെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇനിയും ഈ രൂപത്തില്‍ വിദ്യാര്‍ഥികള്‍ ധാരാളം തിരിച്ചുവരേണ്ടി വരും. പരീക്ഷകള്‍ സമയത്തിന് നടത്താതിരിക്കുക, ഫലം പ്രസിദ്ധീകരിക്കുന്നത് അനന്തമായി വൈകിക്കുക, ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തുക (ചിലപ്പോഴെങ്കിലും സമീപത്തെ കാന്‍റീനുകളില്‍ കൈ തുടക്കാന്‍ കിട്ടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു!) തുടങ്ങിയ കലാപരിപാടികള്‍ യൂനിവേഴ്സിറ്റിയില്‍ അഭംഗുരം തുടരുകയാണ്. അങ്ങനെ വിദ്യാര്‍ഥി ദ്രോഹത്തിന്‍െറ മികച്ച ട്രാക് റെക്കോഡുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമയില്ലാതായിരിക്കുന്നു. ഈ യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ അഭംഗുരം നടക്കുന്ന കണ്ണില്‍ ചോരയില്ലാത്ത വിദ്യാര്‍ഥിദ്രോഹ നടപടികളെക്കുറിച്ച് ഈ കോളത്തില്‍ പല തവണ എഴുതിയതാണ്. ജൂലൈ 12 മുതല്‍ 16 വരെ മാധ്യമം തയാറാക്കിയ ‘യൂനിയന്‍ സിറ്റിയിലെ പരീക്ഷണങ്ങള്‍’ എന്ന പരമ്പര കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അകത്തളങ്ങളില്‍ നടക്കുന്ന വഷളന്‍ ഏര്‍പ്പാടുകളെക്കുറിച്ച നേര്‍ചിത്രമായിരുന്നു. അഹങ്കാരത്തിന്‍െറയും ധാര്‍ഷ്ട്യത്തിന്‍െറയും വിശ്വരൂപങ്ങളായ ഉദ്യോഗസ്ഥരും യൂനിയന്‍ നേതാക്കളും ചേര്‍ന്ന് ആ യൂനിവേഴ്സിറ്റിയെ നശിപ്പിച്ചിരിക്കുന്നു. ഈ ഉദ്യോഗസ്ഥരുടെയും യൂനിയന്‍ നേതാക്കളുടെയും പങ്കുപറ്റല്‍ മത്സരത്തിന് ശക്തിപകര്‍ന്ന് കാര്യം നേടിയെടുക്കുക എന്നത് മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വിദ്യാര്‍ഥി സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ഒരു നാടിന്‍െറയും സമൂഹത്തിന്‍െറയും വൈജ്ഞാനിക ഗവേഷണ, വികസന ആവശ്യങ്ങളെ മുന്‍നിര്‍ത്തി മികച്ച ഗവേഷണങ്ങള്‍ സംഘടിപ്പിക്കാനും വികസനപ്രക്രിയയില്‍ സജീവമായി പങ്കുവഹിക്കാനുമുള്ളതാണ് സര്‍വകലാശാലകള്‍. കോഴ്സും പരീക്ഷയും നടത്തുകയെന്നത് ഇതിന്‍െറ സ്വാഭാവികമായ അനുബന്ധം മാത്രമാണ്. സര്‍വകലാശാലകളെക്കുറിച്ച ഈ മഹത്തായ കാഴ്ചപ്പാട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയെക്കുറിച്ച് വെച്ചുപുലര്‍ത്തുന്നത് മഹാവിഡ്ഢിത്തം തന്നെയാണ്. അത്തരം വലിയ കാര്യങ്ങളൊന്നും വേണ്ട, വൃത്തിയിലും വെടിപ്പിലും പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാനെങ്കിലും സാധിച്ചാല്‍തന്നെ അത് വലിയ കാര്യമാകുമായിരുന്നു. യൂനിവേഴ്സിറ്റി ചെയ്യേണ്ട ഏറ്റവും പ്രാഥമികമായ കാര്യങ്ങള്‍ പോലും ചെയ്യുന്നില്ലെ്ളന്നാണ് ഇപ്പോള്‍ തെളിയുന്നത്. നിസ്സംശയം, മലബാറിന്‍െറ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ സിരാകേന്ദ്രമായ ഈ കലാലയം തകര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആര്‍ജവവും ഇച്ഛാശക്തിയുമുള്ളവര്‍ ബാക്കിയുണ്ടെങ്കില്‍ രംഗത്തുവരേണ്ട സമയമാണിത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com