12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

സേവനം അവകാശമാണ്, ബഹളവും

സേവനം അവകാശമാണ്, ബഹളവും
നിയമസഭാവലോകനം

അവസാന ദിവസം ആഘോഷമായി പിരിയേണ്ടത് പ്രതിപക്ഷത്തിന്റെ മിനിമം പ്രവര്‍ത്തനപരിപാടിയാണ്. അതിനവസരമൊരുക്കേണ്ടത് ഭരിക്കുന്നവരുടെ ബാധ്യതയും. അതുരണ്ടും ഒത്തുവന്നപ്പോള്‍ 13ാം സഭയുടെ അഞ്ചാം സമ്മേളനത്തിന് കലാശക്കൊട്ടായി. തര്‍ക്കിച്ചും സ്തംഭിച്ചും നീങ്ങിയ സഭ ഒരിക്കല്‍കൂടി സ്പീക്കറെ നിസ്സഹായനാക്കി: 'ഇരു കൂട്ടരുമായും ചര്‍ച്ച നടത്തിയെങ്കിലും മീറ്റിങ് പോയന്റ് കണ്ടെത്താനായില്ല.' പിരിഞ്ഞുപോകാനുള്ള ആദ്യ മണിയായി ഈ പ്രഖ്യാപനം. പിന്നെയെല്ലാം പതിവുപോലെ ചുട്ടെടുത്തു. ചരിത്രപ്രധാനമായ സേവനാവകാശ നിയമമടക്കം.
വെറ്ററിനറി സര്‍വകലാശാലയിലെ കെട്ടിട നിര്‍മാണച്ചുമതല ബി.എസ്.എന്‍.എല്ലില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ ഇന്നലെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഇതേകാര്യത്തില്‍ ഒന്നുരസിയതാണ്. അപ്പോള്‍ പക്ഷേ ഭരണപക്ഷം അനായാസം അത് മറികടന്നു. കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞത് ആര്‍ക്കും മനസ്സിലായില്ലെങ്കിലും മന്ത്രിക്കുവേണ്ടി പാര്‍ട്ടി എം.എല്‍.എ ശ്രേയാംസ്കുമാര്‍ നല്‍കിയ വിശദീകരണമാണ് രക്ഷയായത്. പക്ഷേ ഇന്നലെ ആ കളി നടന്നില്ല. നിര്‍മാണം ഏറ്റെടുക്കുന്നവര്‍ക്ക് 100 കോടി പദ്ധതി ചെയ്തും 15 കൊല്ലം പ്രവര്‍ത്തിച്ചും പരിചയം വേണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അത് 30 കോടിയും 10 വര്‍ഷവുമാക്കി. അവിടെയാണ് കാര്യമെന്ന് അടിയന്തരാനുമതി തേടിയ വി.എസ്. സുനില്‍കുമാര്‍ അടിവരയിട്ടു. അതിന് മറുപടി പറയാതെ കെ.പി. മോഹനന്‍ ഉരുണ്ടു.
സുതാര്യതയുടെ കണക്കുപുസ്തകം തുറന്നിട്ട മുഖ്യമന്ത്രിയും ഈ ഭാഗമെത്തിയപ്പോള്‍ ചാടിപ്പോയി. തോമസ് ഐസക്കും കോടിയേരിയും മാറി മാറി പോര്‍ വിളിച്ചിട്ടും മുഖ്യമന്ത്രി പോയ വഴിയിലേക്ക് തിരിഞ്ഞുനോക്കിയേയില്ല. 'എല്ലാം സുതാര്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കൂടേ'യെന്ന് വി.എസ്. അച്യുതാനന്ദന്‍ നിഷ്കളങ്കനായി. അപ്പോള്‍ ഉമ്മന്‍ചാണ്ടി അതിലേറെ വിനീതനായി: 'നടപ്പാകാത്ത ഒരു കാര്യത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അപഹാസ്യനാകാന്‍ ഞാനില്ല.'
അതോടെ പ്രതിപക്ഷം നടുത്തളത്തില്‍ വന്നിരുന്ന് വിശ്രമമാരംഭിച്ചു. സമ്മേളനം തുടങ്ങിയ ആദ്യ നാല് ദിവസം മാത്രമേ ഇത്തവണ ഈ സൗകര്യം കിട്ടിയിരുന്നുള്ളൂ. ആ കുറവിന്നലെ തീര്‍ത്തു. രണ്ടുകൂട്ടരും സ്വന്തം നിലപാടുകളില്‍ ഉറച്ച് പോരാടി. സ്പീക്കര്‍ സഭ നിര്‍ത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ആ സമയം പാഴായത് മിച്ചം. തിരിച്ചുവന്ന സ്പീക്കര്‍ ഉപക്ഷേപവും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി. ഉപക്ഷേപം 53 എണ്ണമുണ്ടായിരുന്നു. അത് എം.എല്‍.എമാര്‍ക്ക് അയച്ചുകൊടുക്കാന്‍ വിധിയായി. ഉച്ചക്കുമുമ്പേ സഭ പിരിഞ്ഞു. അതേതായാലും സൗകര്യമായി. മുറിയില്‍ കുന്നുകൂടിയ സമ്മാനങ്ങള്‍ അടുക്കിപ്പെറുക്കി യാത്രക്കൊരുങ്ങാമല്ലോ? ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ തര്‍ക്കങ്ങളും ഗണേഷ്കുമാര്‍-പി.സി ജോര്‍ജ് അടി മുതല്‍ വി.എസ്-പിണറായി പോരുവരെ ഉള്‍പ്പാര്‍ട്ടി തമ്മിലടിയും അടക്കം ബഹുവിധ വിവാദങ്ങള്‍ സമൃദ്ധമാക്കിയ കലുഷിത കാലാവസ്ഥയിലൂടെയാണ് 29 ദിവസം നീണ്ട സഭാ സമ്മേളനം കടന്നുപോയത്. അതിന്റെ ആഘാതം അത്രമേല്‍ ആഴത്തില്‍ സഭയില്‍ അനുഭവപ്പെട്ടില്ല. എങ്കിലും പല രീതിയില്‍ സഭയില്‍ അവയെത്തി. 21 ദിവസം അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം ഒന്നോ രണ്ടോ തവണയൊഴികെ ഇറങ്ങിപ്പോയി. ഒന്നിലധികം തവണ വൈകുന്നേരങ്ങളില്‍ ബഹിഷ്കരണവും സംഘടിപ്പിക്കാനായി. ബജറ്റ് സെഷനില്‍ അടിക്കടി വന്ന വോട്ടെടുപ്പുകള്‍ ഭരണപക്ഷത്തെ സഭയിലും പരിസരത്തും ഏറെക്കുറെ പൂര്‍ണമായി തളച്ചിട്ടു. ഒരുവട്ടം വോട്ടിങ് തര്‍ക്കത്തിലേക്ക് നീണ്ടു. ബജറ്റ് ധനാഭ്യര്‍ഥന അംഗീകരിക്കാന്‍ ജൂണ്‍ 11ന് തുടങ്ങിയ സഭയില്‍ 13 ദിവസം വകുപ്പ് തിരിച്ച ചര്‍ച്ച നടന്നു. മറുപടി തേടിയെത്തിയത് 96 ചോദ്യങ്ങള്‍. നക്ഷത്ര ചിഹ്നമിട്ടത് 840. രേഖാമൂലം മറുപടി നല്‍കിയത് 8,419. 46 സബ്മിഷനുകളും 303 ശ്രദ്ധക്ഷണിക്കലുകളും അവതരിപ്പിക്കപ്പെട്ടു. സേവനാവകാശ ബില്‍ അടക്കം 13 ബില്ലുകള്‍ പരിഗണിച്ചു. മൂന്ന് അനൗദ്യോഗിക പ്രമേയം അംഗീകരിച്ചു. ഒമ്പത് അനൗദ്യോഗിക ബില്ലുകളും. മൂന്ന് വിഷയങ്ങളില്‍ ഒരു മണിക്കൂര്‍ പ്രത്യേക ചര്‍ച്ചകള്‍ നടന്നു. നബാര്‍ഡ് ജില്ലാ ഓഫിസുകള്‍ നിര്‍ത്തുന്നതും സദാചാര പൊലീസുമായിരുന്നു രണ്ട് വിഷയങ്ങള്‍. മരുന്ന് മാഫിയ ഇടപെടലുകളെപ്പറ്റി സഭാ സമിതി നല്‍കിയ റിപ്പോര്‍ട്ടാണ് പ്രത്യേകം ചര്‍ച്ച ചെയ്ത മറ്റൊരു വിഷയം.
മൂന്നിലും ഇരുപക്ഷവും അമിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളില്ലാതെ ചര്‍ച്ചക്കെത്തിയതും ശ്രദ്ധിക്കപ്പെട്ടു. സേവനം ജനങ്ങളുടെ അവകാശമാക്കി മാറ്റിയ ചരിത്ര പ്രധാനമായ നിയമ നിര്‍മാണമാണ് ഈ സഭാകാലത്തെ സവിശേഷമാക്കുന്നത്. നിയമം നിര്‍മിക്കുന്ന നേരം സഭ ബഹളമയവും പ്രക്ഷുബ്ധവുമായിരുന്നു. ഇരുപക്ഷവും അതില്‍ തനതായ സംഭാവനകള്‍ നല്‍കി. സേവനം ജനങ്ങളുടെ അവകാശമാകുമ്പോള്‍ ബഹളം വെക്കാനുള്ള അവകാശമെങ്കിലും അംഗങ്ങള്‍ സംരക്ഷിക്കണമല്ലോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com