12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

പ്രഥമം ഈ കാര്‍

പ്രഥമം ഈ കാര്‍

ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെക്കാള്‍ കരുതലോടെയാണ് എല്ലാ രാജ്യങ്ങളും തങ്ങളുടെ പ്രഥമ പൗരനെ സൂക്ഷിക്കാറ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ 'ദൈവമേ കാത്തോണെ' എന്ന വിളിക്കപ്പുറം മറ്റുപല മുന്‍കരുതലുകളും ഏര്‍പ്പെടുത്തുകയും ചെയ്യും. എല്ലാം കൂടി ചേരുമ്പോള്‍ ഒരു പ്യൂപ്പക്കുള്ളിലെന്ന പോലെ പരമാവധി സുരക്ഷക്കും സുഖസൗകര്യങ്ങളിലുമാവും രാഷ്ട്രത്തലവന്‍മാര്‍ യാത്രക്കിടയില്‍ കഴിയുക. ഇതിനുപയോഗിക്കുന്ന യന്ത്രത്തിന് കാറിന്റെ രൂപമാണ്. കാറെന്നുതന്നെ വിളിക്കുകയും ചെയ്യാം. പക്ഷേ വെറും കാറാണെന്ന് കരുതരുത്. അമേരിക്കന്‍ പ്രസിഡന്റിന്റെ കാഡിലാക് വണ്‍ എന്ന കാറാണ് ഇക്കാര്യത്തില്‍ മുമ്പന്‍. രാജ്യം ഭരിക്കുന്നതു മുതല്‍ അത്യാവശ്യം ചെറിയൊരു യുദ്ധം ചെയ്യാന്‍ വരെ ഇതിന് കഴിയും. ഇത്രക്കൊന്നും വരില്ലെങ്കിലും എല്ലാ രാജ്യങ്ങളും തങ്ങളുടെ നേതാവിനായി മാത്രം പ്രത്യേക കാറുകള്‍ ഒരുക്കാറുണ്ട്. ഇന്ത്യന്‍ പ്രസിഡന്റിനുമുണ്ട് അത്തരം ഒരു കാര്‍. പ്രതിഭാ പാട്ടീല്‍ പ്രസിഡന്റായിരിക്കെ സ്വന്തമാക്കിയ ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്. ഡബ്ലിയു221 എന്ന കോഡ് നാമത്തില്‍ ജര്‍മ്മനിയിലെ മെഴ്സിഡസ് ബെന്‍സാണ് ഇത്തരം കാറുകള്‍ നിര്‍മിക്കുന്നത്.ഇന്ത്യയുടെ 13ാമത്തെ രാഷ്ട്രപതിയായി പ്രണബ് ചുമതലയേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഈ ലിമോസിനായിരിക്കും. ധനമന്ത്രാലയത്തിലെ പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള അംബാസിഡറിന് പകരം അദ്ദേഹത്തെ കാത്ത് പ്രസിഡന്റിന്റെ വസതിയിലുണ്ടാവുക 12 കോടിയുടെ ആഢംബരമാണ്. ഇതിന്റെ മുഴുവന്‍ പ്രത്യേകതകളെക്കുറിച്ച് പുറംലോകത്തിന് ഒരു ചുക്കും അറിയില്ല്ള. പക്ഷേ എ.കെ 47 മുതല്‍ ചെറുബോംബുകള്‍ വരെ തടയാനുള്ള കഴിവ് ഈ ബുള്ളറ്റ് പ്രൂഫ് കൊട്ടാരത്തിനുണ്ട്. ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലാണ് ഇരിപ്പെങ്കിലും രാഷ്ട്രപതിയും ഡ്രൈവറും തമ്മില്‍ സാധാരണക്കാരനും പ്രസിഡന്റിനുമിടക്കുള്ളത്ര അകലമുണ്ട്. ഇരുവര്‍ക്കുമിടയില്‍ മറയുള്ളതിനാല്‍ ഡ്രൈവര്‍ക്ക് രാഷ്ട്രപതിയെ കാണാനും കഴിയില്ല. മുഖത്തോട് മുഖം നോക്കിയിരിക്കത്തക്കവിധമാണ് രാഷ്ട്രപതിയുടെ ക്യാബിനിലെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കിടയില്‍ മീറ്റിംഗുകളും മറ്റും നടത്താനുള്ള സൗകര്യത്തിനാണിത്. ഇവിടെ നിന്ന്് ശബ്ദം പോലും പുറത്തുപോവില്ല എന്നതിനാല്‍ കാറില്‍ നടന്ന ചര്‍ച്ചയുടെ വിവരം പത്രംവായിച്ചാല്‍ മാത്രമെ ഡ്രൈവര്‍ക്കുപോലും അറിയാന്‍ കഴിയൂ. എസിയുടെ കുളിരിനും അപ്പുറത്തേക്ക് കടക്കണമെങ്കില്‍ ഇതിനുള്ളിലെ ചെറിയ ഫ്രിഡ്ജ് സഹായിക്കും. ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളാല്‍ സമ്പുഷ്ടമാണ് ഈ കാര്‍. കാറിനും ഡ്രൈവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ ഉണര്‍ന്നിരിക്കും. ഗേ്ളാബല്‍ പൊസിഷനിംഗ് സിസ്റ്റത്തിലെ ഉപഗ്രഹങ്ങള്‍ ഈ കാറിലേക്ക് സദാ കണ്ണുംനട്ടിരിക്കും. കാറിലെ എട്ട് എയര്‍ബാഗുകളില്‍ ഒന്നെങ്കിലും ഞെട്ടിയണര്‍ന്നാല്‍ രക്ഷിക്കണേയെന്ന വിളി കാര്‍ തനിയെ പുറപ്പെടുവിച്ചുകൊള്ളും. കമാന്‍ഡോകള്‍ പണി തുടങ്ങിയ ശേഷമായിരിക്കും ഡ്രൈവര്‍പോലും വിവരമറിയുക. 90 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് സ്വയം സംരക്ഷിക്കാന്‍ പ്രാപ്തനാണ്. തീയുടെ പടം കണ്ടാല്‍ മതി അഗ്നി ശമന ഉപകരണങ്ങള്‍ സ്വയം പ്രവര്‍ത്തിച്ചുതുടങ്ങും. അകത്തുള്ളവര്‍ക്ക് ശുദ്ധവായു നല്‍കാനുള്ള ചുമതലയും കാര്‍ തനിയെ ഏറ്റെടുത്ത് നിര്‍വഹിച്ചുകൊള്ളും. 4315 മില്ലീമീറ്റര്‍ വീല്‍ബേസുള്ള ഈ കൊട്ടാരം മറ്റ് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ എസ് ക്ളാസുകളെക്കാള്‍ 115 സെന്റീമീറ്റര്‍ നീളമേറിയതാണ്. സായുധ വാഹനങ്ങളുടെ സുരക്ഷ അളക്കുന്ന ബിവിആര്‍ 2009 മാനദണ്ഡങ്ങളില്‍ മുന്‍നിരയിലുള്ള വി ആര്‍ 6, വിആര്‍ 7 നിലവാരങ്ങള്‍ പാലിക്കുന്നതാണ് രാഷ്ട്രപതിയുടെ പുള്‍മാന്‍ ഗാര്‍ഡ്. എകെ 47 തോക്കുപയോഗിച്ചും ലോകത്തെ സകലമാന കൈബോംബു നിര്‍മാതാക്കളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുമൊക്കെ അനവധി നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ഈ കാര്‍ ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കാന്‍ തീരുമാനിച്ചത്. ആവശ്യമെങ്കില്‍ ഇഷ്ടാനുസരണം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അവസരവും ഈ കാര്‍ നല്‍കുന്നു. ഇംഗ്ളണ്ട് രാജ്ഞയുടെ ബെന്റ്ലി ലിമോസിന്‍, റഷ്യ പ്രസിഡന്റിന്റെ ബെന്‍സ് എസ് ക്ളാസ് സ്ട്രെച്ച് ലിമോസിന്‍, ചൈന പ്രസിഡന്റിന്റെ നിസാന്‍ സിവിലയന്‍ ബസ്, ഫ്രഞ്ച് പ്രസിഡന്റിന്റെ സിട്രണ്‍ സി 6, റെനോ വെല്‍ സാറ്റിസ്, പ്യൂഷോ 607, ജപ്പാന്‍ രാജാവിന്റെ ടൊയോട്ട സെഞ്ച്വറി റോയല്‍, ജര്‍മന്‍ പ്രസിഡന്റിന്റെ ബെന്‍സ് എസ് 600, ഇറ്റലിപ്രധാനമന്ത്രിയുടെ മസെരാത്തി ക്വാട്ടെറോപോര്‍ട്ട്, ബ്രസീല്‍ പ്രസിഡന്റിന്റെ ഫോര്‍ഡ് ഫ്യൂഷന്‍ ഹൈബ്രീഡ് എന്നിവക്കൊപ്പം പാര്‍ക്ക് ചെയ്യാവുന്ന കാറാണ് നമ്മുടേതും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com