Wed, 07/25/2012 - 10:06 ( 43 weeks 4 daysago)
ജപ്പാന്‍െറ കുതിരയോട്ടക്കാരന് പ്രായം 71
(+)(-) Font Size
ജപ്പാന്‍െറ കുതിരയോട്ടക്കാരന് പ്രായം 71
ലണ്ടനിലെ അപ്പൂപ്പന്‍ ഹിരോഷി ഹൊകെറ്റ്സു

ലണ്ടന്‍: ഫുട്ബാള്‍ ഇതിഹാസം പെലെ, ക്രിക്കറ്റിലെ മുടിചൂടാമന്നന്‍ ജെഫ് ബോയ്കോട്ട്, റഗ്ബിയിലെ സൂപ്പര്‍താരം വില്യം ജോണ്‍ മക്ബ്രെയ്ഡ്, ബ്രിട്ടന്‍െറ വനിതാ ടെന്നിസ് ഇതിഹാസം ക്രിസ്റ്റീന്‍ ട്രുമാന്‍. ഒരു കാലത്ത് കളിക്കളങ്ങളില്‍ തീപടര്‍ത്തിയ ഇവര്‍ക്കെല്ലാം ഇന്ന് പ്രായം 71. കാലത്തിനൊപ്പം ഓടിയെത്താനാവാതെ ശരീരം തളരുമ്പോള്‍ പഴയ വീരഗാഥകളുടെ ഗൃഹാതുര ഓര്‍മയില്‍ ഇവര്‍ക്ക് വിശ്രമ ജീവിതമാണ്. കാല്‍പന്തു കളിയിലെ തന്‍െറ സുവര്‍ണനാളുകള്‍ പുതുതലമുറയുമായി താരതമ്യംചെയ്ത് ബ്രസീലിന്‍െറ പെലെയും ക്രിക്കറ്റില്‍ കളിയും കളിപറയലും വിവാദവുമായി ബോയ്കോട്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ നല്ല ഓര്‍മകളുമായി വീട്ടിലിരിക്കേണ്ട മറ്റൊരു സമപ്രായക്കാരന്‍ മത്സരച്ചൂടില്‍ ലണ്ടനിലുണ്ട്. ജപ്പാന്‍െറ അശ്വാഭ്യാസി ഹിരോഷി ഹൊകെറ്റ്സുവെന്ന ഒളിമ്പ്യന്‍. 30ാമത് ഒളിമ്പിക്സിന്‍െറ പോരാട്ടങ്ങളിലേക്ക് തീ പടരാന്‍ ലോകം കാത്തിരിക്കുമ്പോള്‍ പ്രായത്തെയും തളര്‍ത്തിയ ആത്മവിശ്വാസത്തോടെ കുതിരയുമായി ഹിരോഷി മഹാനഗരിയുടെ കളിമുറ്റത്ത് അവസാന വട്ട തയാറെടുപ്പിലാണ്.
ലണ്ടനിലെ മത്സരച്ചൂടിന് കൗതുകമാണ് ജപ്പാന്‍െറ ഇക്വസ്ട്രിയന്‍ ടീമംഗം ഹിരോഷി ഹൊകെറ്റ്സു. 92 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായംകൂടിയ ഒളിമ്പ്യനാവാനാണ് ഇദ്ദേഹം ഇക്കുറി ടീമിനൊപ്പം ലണ്ടനിലെത്തിയിരിക്കുന്നത്.
പ്രായം തളര്‍ത്താത്ത പോര്‍വീര്യവുമായി മത്സരക്കളങ്ങളില്‍ സജീവമായ ഹിരോഷി ഹൊകെറ്റ്സു നാട്ടുകാര്‍ക്ക് ‘കിഴവന്മാരുടെ പ്രതീക്ഷ’യാണ്. ജപ്പാനിലും അമേരിക്കയിലുമായി മരുന്ന് കമ്പനിയുടെ ഡയറക്ടറെന്ന നിലയിലെ തിരക്കേറിയ ഔദ്യാഗിക ജീവിതത്തിനിടയിലാണ്് ഹിരോഷി ആദ്യമായി ഒളിമ്പിക്സിനെത്തുന്നത്. 1964ല്‍ സ്വന്തം നാടായ ടോക്യോവില്‍ ഒളിമ്പിക് മേള വിരുന്നെത്തിയപ്പോള്‍ 23കാരനായ ഹിരോഷി ദേശീയ ടീമിനുവേണ്ടി മത്സരിക്കാനിറങ്ങി. അന്ന് 40ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹിരോഷി മാധ്യമങ്ങള്‍ക്കൊന്നും ചൂടു വാര്‍ത്തയായിരുന്നില്ല. ഇടവേളകള്‍ക്കുശേഷം 1988ലെ സോള്‍ ഒളിമ്പിക്സിലായിരുന്നു രണ്ടാം അങ്കം. എന്നാല്‍, കുതിരക്ക് രോഗബാധ കാരണം മത്സരിക്കാനാവാതെ ഹിരോഷി നിരാശയോടെ നാട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം 2008ലെ ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത നേടിയപ്പോള്‍ വാര്‍ത്തകളില്‍ ഈ ജപ്പാന്‍ അശ്വാഭ്യാസി നിറഞ്ഞുനിന്നു. ഡ്രസേജ് ടീം, വ്യക്തിഗത വിഭാഗങ്ങളില്‍ മത്സരിച്ചെങ്കിലും മെഡല്‍ പട്ടികയില്‍ വരാതെ ആറും 35ഉം സ്ഥാനക്കാരനായി നാട്ടിലേക്ക് മടങ്ങി.
വീണ്ടും ഒരു ഒളിമ്പിക്സ് കാലമെത്തിയപ്പോള്‍ ഹിരോഷിയും കുതിരയും ലണ്ടനിലേക്ക് ടിക്കറ്റെടുത്തു. ഇക്കുറി വ്യക്തിഗത വിഭാഗത്തിലാണ് മത്സരിക്കുന്നത്. മെഡല്‍ പട്ടികയിലെത്തുമെന്ന് ഉറപ്പുനല്‍കുന്നില്ലെങ്കിലും കഴിഞ്ഞ 60 വര്‍ഷമായി ശീലമാക്കിയ കുതിര സവാരിയുടെ ഒരു പോരാട്ടം മാത്രമാണിതെന്ന് ഒളിമ്പിക്സുകളുടെ അപ്പൂപ്പന്‍ പറയുന്നു.
2016ല്‍ ബ്രസീലിലെ റിയോ ഡെ ജനീറോയിലും മാറ്റുരക്കാനെത്തണമെന്നാണ് ഹിരോഷി ഹൊകെറ്റ്സുവിന്‍െറ ആഗ്രഹം. എന്നാല്‍, തന്‍െറ വിശ്വസ്തനായ മത്സര കൂട്ടാളി വിസ്പറിന് നാലുവര്‍ഷം കഴിയുമ്പോഴേക്കും 19 വയസ്സാകുമെന്ന്് പരിഭവം. അപ്പോള്‍ തനിക്ക് പ്രായം 74ആകുമെന്നത് ജപ്പാന്‍െറ കുതിരയോട്ടക്കാരന് ബാധകമല്ല. 1920 ആന്‍റ്വെര്‍പ് ഒളിമ്പിക്സില്‍ 72ാം വയസ്സില്‍ മത്സരിച്ച് വെള്ളിമെഡല്‍ നേടിയ സ്വീഡന്‍െറ ഷൂട്ടിങ് താരം ഓസ്കര്‍ ഷ്വാന്‍ ആണ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus