Wed, 07/25/2012 - 10:03 ( 43 weeks 4 daysago)
സെമന്യ ലണ്ടനില്‍; ശാന്തി ഇഷ്ടികക്കളത്തില്‍
പുതുക്കോട്ടൈ (തമിഴ്നാട്): കാസ്റ്റര്‍ സെമന്യ ദക്ഷിണാഫ്രിക്കയുടെ പതാകവാഹകയായി ലണ്ടന്‍ ഒളിമ്പിക്സില്‍. സെമന്യയുടെ അതേ ദുരിതവഴികള്‍ താണ്ടിയ ശാന്തി സൗന്ദരരാജന്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ഇപ്പോള്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്നു. ദോഹ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ശാന്തി 200 രൂപ ദിവസക്കൂലിക്കാണ് ഇഷ്ടികക്കളത്തിലെ ജോലിക്കാരിയായത്. ട്രാക്ക് ഭരിക്കുന്നവരുടെ ഏകപക്ഷീയ വിധിക്കെതിരെ ദക്ഷിണാഫ്രിക്ക ഒന്നടങ്കം സെമന്യക്കൊപ്പം അണിനിരന്നെങ്കില്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെ പിറന്ന നാട് മുഴുവന്‍ ശാന്തിയെ പടിയടക്കാന്‍ അധികാരികള്‍ക്കു കൂട്ടുനിന്നു.
ദോഹയിലെ മെഡല്‍ നേട്ടത്തിനുശേഷം നടന്ന ലിംഗപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ശാന്തി എന്ന അത്ലറ്റിന്‍െറ ദുരിത കഥ തുടങ്ങുന്നത്. മെഡല്‍ തിരിച്ചുവാങ്ങിയതിനു പിന്നാലെ രാജ്യാന്തര ഫെഡറേഷന്‍െറ വിലക്ക്. ഇതിനു കുഴലൂതിയെന്നോണം അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിട്ടൂരമിറക്കി- ശാന്തി സൗന്ദരരാജന്‍ ഇനി സംസ്ഥാനതല മത്സരത്തില്‍ പോലും ട്രാക്കിലിറങ്ങാന്‍ പാടില്ല. മലയാളികളായ അത്ലറ്റുകളെയടക്കം തങ്ങളുടെ അണിയിലെത്തിക്കാന്‍ വാരിക്കോരി സഹായം ചെയ്യുന്ന തമിഴ്നാട് നേരത്തേ നല്‍കിയ സാമ്പത്തിക സഹായം തിരിച്ചുചോദിച്ചില്ല എന്ന ഔാര്യം മാത്രം കാട്ടി. ട്രാക്കിന്‍െറ പോര്‍വീര്യങ്ങളില്‍നിന്ന് ഹൃദയവേദനയോടെ പിന്മാറേണ്ടിവന്ന ഈ പ്രാരബ്ധക്കാരിക്കുമുന്നില്‍ ജീവിതം പിന്നീട് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു.
ശാന്തിയെപ്പോലെ മധ്യദൂര ഓട്ടക്കാരിയായ സെമന്യക്കെതിരായ വിധിയും ഇതേരൂപത്തിലായിരുന്നു. നാടിന്‍െറ പിന്തുണയില്‍ അവരത് തകര്‍ത്തെറിഞ്ഞുവെന്നു മാത്രം. ബെര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് 21കാരിയായ സെമന്യ ലിംഗപരിശോധനയില്‍ പരാജയപ്പെട്ടത്. മെഡല്‍ തിരിച്ചുവാങ്ങി; വിലക്കും വന്നു. ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു. അസ്തിത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നാടൊന്നടങ്കം താരത്തിന് പിന്നില്‍ അണിനിരന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം, രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു.
ഇവിടെ സര്‍വരും ഉപേക്ഷിച്ച ശാന്തിക്ക് തല്‍ക്കാലം ജീവിച്ചുപോവാന്‍ പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ താല്‍ക്കാലികമായൊരു പരിശീലക ജോലിയുണ്ടായിരുന്നു. ശാന്തി പരിശീലിപ്പിച്ച അത്ലറ്റുകളില്‍ ചിലര്‍ ദേശീയ മീറ്റുകളിലും ചെന്നൈ മാരത്തണിലും മെഡലുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍, കരാറടിസ്ഥാനത്തിലുള്ള ജോലി സ്ഥിരപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നറിയിച്ച് തമിഴ്നാട് സര്‍ക്കാര്‍ പുറംതിരിഞ്ഞുനിന്നപ്പോള്‍ 2010 മുതല്‍ ശാന്തിക്ക് തൊഴിലില്ലാതെയായി. പാട്യാല എന്‍.ഐ.എസില്‍നിന്ന് കോച്ചിങ്ങില്‍ ഡിപ്ളോമയെടുത്താല്‍ പരിശീലകയായി കൂടുതല്‍ മികച്ച നിലയിലെത്താന്‍ ശാന്തിക്ക് കഴിയുമായിരുന്നു. ബിരുദധാരിയായ അവരുടെ മോഹങ്ങള്‍ പക്ഷേ, ദോഹക്കുശേഷം ഇരുളടഞ്ഞു. അത്ലറ്റെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ ഒരു റെക്കോഡും ശാന്തിയുടെ കൈയിലില്ല.
തുടര്‍ന്നാണ് അമ്മാവന്‍ നടത്തുന്ന ഇഷ്ടികക്കളത്തില്‍ ശാന്തിയും പിതാവ് സൗന്ദരരാജനും മാതാവ് മണിമേഖലയും ജോലിക്കെത്തുന്നത്. ചെറുപ്പത്തില്‍ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതിരുന്നിട്ടും കഠിന പരിശീലനം വഴിയാണ് രാജ്യാന്തരതലത്തില്‍ ശാന്തി മെഡല്‍ നേട്ടത്തിന്‍െറ തിളക്കത്തിലെത്തിയത്. ഇന്ന് മെഡലുകള്‍ ഏറ്റുവാങ്ങിയ കൈകളില്‍ കല്ലും കളിമണ്ണും വെള്ളവും കുഴക്കാനുള്ള മണ്‍വെട്ടിയാണ്. ‘കൈയില്‍ കടുത്ത വേദനയാണിപ്പോള്‍. പൊള്ളല്‍ കാരണം തൊലി ഉരിഞ്ഞുപോകുന്നു. മൂന്നു മാസമായി ഞാന്‍ ഈ ജോലി ചെയ്യുന്നു. ആദ്യദിനങ്ങളില്‍ കടുത്ത പ്രയാസമായിരുന്നു. കൈകൊണ്ട് ഒന്നും എടുക്കാന്‍ പോകും ആകുമായിരുന്നില്ല. ഇങ്ങനെയുള്ള ജോലിയൊന്നും ശീലമില്ലാത്തതുകൊണ്ടാവണം ഇപ്പോഴും പ്രയാസം വിട്ടുമാറിയിട്ടില്ല’ -ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി പറഞ്ഞു. ലിംഗ പരിശോധനയില്‍ പരാജയപ്പെട്ട ശാന്തിക്ക് ഇഷ്ടികക്കളത്തില്‍ പക്ഷേ, സ്ത്രീതൊഴിലാളികളുടെ കൂലിയേയുള്ളൂ.
എന്തെങ്കിലും ജോലി തരുമോ എന്നു ചോദിച്ച് അധികാരികളുടെ മുന്നില്‍ ഒരുപാട് കേണെങ്കിലും ആരും ഗൗനിച്ചില്ല.‘ഞാന്‍ ജില്ലാ കലക്ടറെ പോയിക്കണ്ടു. പ്യൂണിന്‍െറ ജോലി പോലും ചെയ്യാന്‍ തയാറാണെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, അദ്ദേഹം മാനിച്ചില്ല. എംപ്ളോയ്മെന്‍റ് ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അവസരമൊന്നുമില്ലെന്നായിരുന്നു കലക്ടറുടെ മറുപടി. അത്ലറ്റെന്ന നിലയിലുള്ള നേട്ടങ്ങള്‍ ഞാന്‍ പറഞ്ഞു. ആറു പേരടങ്ങുന്ന എന്‍െറ കുടുംബത്തിന്‍െറ ദയനീയാവസ്ഥ പരിഗണിച്ചെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ താണുകേണ് പറഞ്ഞെങ്കിലും അതെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിച്ചത്’-ശാന്തി പറഞ്ഞു.
ഫെഡറേഷന്‍െറ വിലക്കു വന്നപ്പോള്‍ അതിനെതിരെ പൊരുതാനുള്ള കരുത്തു പോലും ഈ പാവം യുവതിക്കുണ്ടായില്ല. ആത്മഹത്യയെക്കുറിച്ച് സജീവമായി ചിന്തിച്ച ശാന്തി പിന്നീട് അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിതയെയും കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിന് അനുമതി കിട്ടിയില്ലെന്ന് വേദനയോടെ ശാന്തി പറയുന്നു.
ദോഹ മെഡല്‍ നേട്ടത്തിനു പിന്നാലെ 15 ലക്ഷം രൂപയാണ് തമിഴ്നാട് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയത്. സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ആ തുകയിലേറെയെും ചെലവാക്കി. ഒരു സഹോദരന്‍ ഇപ്പോഴും പഠിക്കുകയാണ്. ‘ചിലപ്പോള്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ചോര്‍ക്കും. ആരും തേടിയെത്താത്ത എവിടേക്കെങ്കിലും നാടുവിട്ടാലോയെന്നും ആലോചിക്കും. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? എന്‍െറ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് ഇത്ര ക്രൂരമായി ശിക്ഷിക്കുന്നത്’- ശാന്തി ചോദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍