തിരുവനന്തപുരം: നല്ല ശമ്പളവും ഏറെ അവസരവുമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ക്ളറിക്കല്‍ തസ്തികകളിലേക്ക് മലയാളി അപേക്ഷകര്‍ കുറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മലയാളികളെ കിട്ടാത്ത സ്ഥിതിവരും.
കഴിഞ്ഞവര്‍ഷം സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 95 ലക്ഷം അപേക്ഷകളാണ് കൈകാര്യംചെയ്തത്. ഇതില്‍ കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വെറും 3.7 ലക്ഷം അപേക്ഷകളേ വന്നുള്ളു. സംയോജിത ഹയര്‍സെക്കന്‍ഡറിതല പരീക്ഷയിലേക്ക് കഴിഞ്ഞവര്‍ഷം ദേശീയതലത്തില്‍ 20 ലക്ഷം അപേക്ഷകള്‍ കിട്ടിയിരുന്നു.
കേരളത്തില്‍നിന്ന് വന്നത് വെറും 13,000 മാത്രം. 2722 പേര്‍ക്ക് നിയമനം കിട്ടിയപ്പോള്‍ മലയാളികള്‍ വെറും 53 പേരായിരുന്നു. അതിന് മുമ്പത്തെ വര്‍ഷം കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ 11,500 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോലി ലഭിച്ചത് 44 പേര്‍ക്ക് മാത്രം.
ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ളവര്‍ക്കായി ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇക്കുറിയും കേരളത്തില്‍നിന്ന് അപേക്ഷകര്‍ കുറവാണ്. ദേശീയതലത്തില്‍ 3000ഓളം ഒഴിവുണ്ടാകുമെന്ന് സ്റ്റാഫ്സെലക്ഷന്‍ കമീഷന്‍ ബംഗളൂരു റീജ്യനല്‍ ഡയറക്ടര്‍ എസ്. ഗോപാല്‍ പറഞ്ഞു. അപേക്ഷാഫീസ് വെറും 100 രൂപയാണ്. വനിതകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസില്ല. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ സെന്‍ററുണ്ട്. ഇക്കുറി മലയാളത്തിലും ചോദ്യപേപ്പര്‍ നല്‍കുന്നതിന് ആലോചിക്കുന്നുണ്ട്. ജനറല്‍ ഇന്‍റലിജന്‍സ്, ഇംഗ്ളീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍ അവയര്‍നെസ് എന്നിവയിലാണ് ചോദ്യങ്ങള്‍. ഇംഗ്ളീഷ് ഒഴികെയുള്ള ബാക്കി ഭാഗങ്ങളില്‍ മലയാളം ചോദ്യം നല്‍കുന്നതിനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
തപാല്‍വഴിയും ഓണ്‍ലൈനിലും അപേക്ഷിക്കാം. ജൂലൈ 14-20 വരെയുള്ള എംപ്ളോയ്മെന്‍റ് ന്യൂസില്‍ കമ്പയിന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://ssckkr.kar.nic.in എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ http://ssconline.nic.in, http://ssconline2.gov.in എന്നീ ലിങ്കുകളിലൂടെ നല്‍കാം. പ്രായം: 18-27. 12 ാം ക്ളാസാണ് വിദ്യാഭ്യാസ യോഗ്യത.
ആഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനില്‍ പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന്‍ എട്ടിനും പാര്‍ട്ട് രണ്ട് രജിസ്ട്രേഷന്‍ പത്തിനുമാണ് അവസാനിക്കുക. രണ്ട് തസ്തികക്കും കൂടി ഒരു അപേക്ഷ മതി. അതില്‍ മുന്‍ഗണനാക്രമം നല്‍കിയാല്‍ മതി. ഒരു അപേക്ഷയില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ല. 15,000 രൂപയിലേറെയായിരിക്കും ഈ തസ്തികയിലെ തുടക്കശമ്പളം. മറ്റ് നിരവധി അലവന്‍സുകളുമുണ്ടാകും. മൂന്നുവര്‍ഷം ഇതേ തസ്തികയില്‍ തികച്ചാല്‍ മറ്റ് കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ വയസ്സിളവ് ലഭിക്കും. ഒക്ടോബറിലായിരിക്കും എഴുത്തുപരീക്ഷ. 2013 ഏപ്രിലിന് ശേഷമാകും നിയമനം.
ജൂലൈ 14 മുതല്‍ അപേക്ഷ സ്വീകരിച്ചുവരികയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 4.5 ലക്ഷം അപേക്ഷകളാണ് കിട്ടിയത്. കേരളത്തിലും കര്‍ണാടകയിലുമായി ആകെ ലഭിച്ച അപേക്ഷകള്‍ വെറും 9300 മാത്രമാണ്. പരീക്ഷയെയും അപേക്ഷയെയും കുറിച്ച സംശയങ്ങള്‍ 9483862010, 9483862020 എന്നീ ഹെല്‍പ്ലൈനുകളില്‍ ലഭിക്കും.കേന്ദ്ര സര്‍വീസില്‍ മലയാളികള്‍ക്ക് ക്ഷാമം
തിരുവനന്തപുരം: കേന്ദ്ര സര്‍വീസില്‍ മലയാളികളുടെ പ്രതിനിധ്യവും കുറയുന്നു. മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫിസ് തുടങ്ങിയപ്പോള്‍ മലയാളി ജീവനക്കാരെ വേണമെന്ന ആവശ്യം വന്നിരുന്നു. അത് നല്‍കാന്‍ മതിയായ മലയാളികള്‍ സ്റ്റാഫ്സെലക്ഷന്‍െറ റാങ്ക്ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല.
പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസുകളിലും സംസ്ഥാനത്തെ മറ്റ് നിരവധി ഓഫിസുകളിലും ഇതേ സ്ഥിതിയുണ്ട്. മലയാളത്തില്‍ എഴുതിയ അക്കൗണ്ടുകളും രേഖകളും പരിശോധിക്കാന്‍ അന്യഭാഷക്കാര്‍ വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിലും കര്‍ണാടകയിലുമായി കഴിഞ്ഞവര്‍ഷം 650 ഓഡിറ്റര്‍മാരെ നിയമിക്കേണ്ടിവന്നപ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വെറും 118 മാത്രമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍