12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

മെഡിറ്ററേനിയന്‍ തീരത്തെ അന്തിച്ചുവപ്പ്

മെഡിറ്ററേനിയന്‍ തീരത്തെ അന്തിച്ചുവപ്പ്

റമദാന്‍പിറയുടെ രാവില്‍ കഅ്ബയെ വലംവെക്കുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ആ അറബ് ചെറുപ്പക്കൂട്ടത്തിന്‍െറ പ്രാര്‍ഥനകള്‍ വേറിട്ടുനിന്നു. സിറിയയിലെ ഏകാധിപത്യത്തിന്‍െറ തേരോട്ടത്തില്‍ ചതച്ചരക്കപ്പെടുന്ന നിരപരാധര്‍ക്കു വേണ്ടി നെഞ്ചുപൊട്ടി പ്രാര്‍ഥിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. കൂട്ടുകാരെല്ലാം ആ പ്രാര്‍ഥന ആവേശപൂര്‍വം ഏറ്റുചൊല്ലി പുണ്യഗേഹത്തിനു ചുറ്റും അയാളെ അനുഗമിക്കുന്നു. ദൈവത്തിന്‍െറ അപരിമേയമായ ശക്തിമാഹാത്മ്യത്തെ കുറിക്കുന്ന ഖുര്‍ആന്‍പ്രയോഗങ്ങളെല്ലാം ഉരുക്കഴിച്ചു കൊണ്ട് അയാള്‍ക്ക് ആവര്‍ത്തിച്ചു പറയാനുള്ളത് ഒന്നുമാത്രം: ‘ഏകാധിപതികളെയും അഹങ്കാരികളെയും നിലക്കുനിര്‍ത്തിയ പടച്ച തമ്പുരാനേ, നിന്‍െറ അപാരമായ ശക്തിവൈഭവം, സിറിയയിലെ സഹോദരങ്ങളെ രക്ഷിച്ചും അവരെ ദുരിതപ്പെടുത്തുന്നവരെ കഠിനമായി ശിക്ഷിച്ചും, ഞങ്ങള്‍ക്കു നീ കാണിച്ചു താ’. സൗദി അറേബ്യയിലെ പള്ളികളില്‍ നിന്നെല്ലാം സിറിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ കടുപ്പിച്ച പ്രാര്‍ഥനകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ശാപപ്രാര്‍ഥനയുടെ ചൂടേറ്റ് ‘ഡമസ്കസിലെ കശാപ്പുകാരന്‍’ ബശ്ശാര്‍അല്‍അസദിന്‍െറ വാഴ്ച കൂമ്പൊടിഞ്ഞ് നിലംപൊത്തുമെന്നുതന്നെ അറബ്ലോകം മുഴുക്കെ ഉറച്ചുവിശ്വസിക്കുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ ഹറാമില്‍ ഈ റമദാനിലെ ആദ്യ ജുമുഅ പ്രഭാഷണത്തില്‍ ഇമാം ശൈഖ് ആലു താലിബ് അറബ്പ്രതീക്ഷകളെ ഇങ്ങനെ സംഗ്രഹിച്ചു: വരുന്ന ചെറിയ പെരുന്നാള്‍ സിറിയന്‍ ജനതക്ക് വിജയത്തിന്‍െറ വലിയ പെരുന്നാള്‍ കൂടിയായിരിക്കും.

സിറിയന്‍ജനതക്കു വേണ്ടി രാജ്യവ്യാപകമായി വമ്പിച്ച തോതിലുള്ള ധനശേഖരണത്തിന് സൗദിയില്‍ അബ്ദുല്ല രാജാവ് ഞായറാഴ്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വരുന്ന ആഗസ്റ്റില്‍ മക്കയില്‍ ഒ.ഐ.സി അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയും വിളിച്ചുചേര്‍ത്തിട്ടുണ്ട്. എല്ലാംകൂടി ഡമസ്കസിനു ചുറ്റും രാഷ്ട്രാന്തരീയ സമ്മര്‍ദം മുറുകുക തന്നെയാണ്. എന്നാല്‍, യുഗത്തിന് അന്ത്യമായെന്നു സമ്മതിക്കാത്തത് ബശ്ശാറും അയാളുടെ അവിയല്‍സഖ്യവും മാത്രം. ഏകാധിപതികള്‍ എന്നും അങ്ങനെയാണ്. പതനം വാതിലില്‍ വന്നു മുട്ടുവോളം അവര്‍ ധാര്‍ഷ്ട്യം വിളമ്പിക്കൊണ്ടേയിരിക്കും. ഒടുവില്‍ എലിയെപ്പോലെ കാവ്യനീതിക്കു കീഴടങ്ങും. ഹലബ്ജയില്‍ കുഞ്ഞുമക്കളെ രാസായുധം വരെ ഉപയോഗിച്ചു നീചമായി കൊലപ്പെടുത്തിയ സദ്ദാം തന്‍െറ പതനം മുന്‍കൂട്ടി കണ്ടതേയില്ല. ലിബിയയില്‍ 42 വര്‍ഷം തിമിര്‍ത്തുവാണ ഖദ്ദാഫിയെ അഴുക്കുവെള്ളമൊഴുകുന്ന ഓടക്കുഴലില്‍ നിന്നു വലിച്ചെടുത്തു നിര്‍ദയംകൊന്നു ചന്തയിലെ കോള്‍ഡ്സ്റ്റോറേജില്‍ സൂക്ഷിച്ചു ജനം. ഈജിപ്തില്‍ രാഷ്ട്രീയപ്രതിയോഗികള്‍ക്കു മുഴുവന്‍ തോക്കും കഴുമരവും തടവും വിധിച്ച ഹുസ്നി മുബാറക്, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തോറാ ജയിലിലേക്ക് മാറ്റുമ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ കൊച്ചു കുട്ടികളെ പോലെ വിലപിക്കുകയായിരുന്നു. ഇതെല്ലാം കണ്ടറിഞ്ഞിട്ടും കഴിഞ്ഞയാഴ്ച ഒരു ജര്‍മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍അസദ് വീരസ്യം പറഞ്ഞു, ഖദ്ദാഫിയുടെയും മുബാറകിന്‍െറയും ദുര്‍ഗതി തനിക്കു വരില്ലെന്ന്. ആ അഹന്തയെ വിറപ്പിച്ചാണ് ജൂലൈ 11ന് ബുധനാഴ്ച തലസ്ഥാനനഗരിയിലേക്ക് സ്വതന്ത്ര സിറിയന്‍ ആര്‍മി ഇരച്ചുകയറിയത്. ദേശീയ പ്രതിരോധമന്ത്രാലയ ഓഫിസില്‍ വാരാന്തയോഗത്തിന്‍െറ മേശപ്പുറത്തേക്ക് പ്രതിരോധമന്ത്രി ദാവൂദ് അബ്ദുല്ല റാജിഹ, ഉപപ്രതിരോധമന്ത്രി ആസിഫ് ശൗകത്ത്, സൈനികസമിതി അധ്യക്ഷന്‍ ഹസന്‍ തുര്‍കുമാനി എന്നിങ്ങനെ മൂന്നു പ്രധാനികളുടെ തലകളുരുണ്ടു. അന്നു പരിക്കേറ്റ സുരക്ഷാമേധാവി ഹിശാം ബഖ്തിയാറും വെള്ളിയാഴ്ച മരിച്ചു.

ബുധനാഴ്ചത്തെ ആക്രമണം അസദിന്‍െറ നട്ടെല്ലാണ് തകര്‍ത്തത്. സ്വന്തം അളിയന്‍ ആസിഫ് ശൗക്കത്ത് അടക്കമുള്ള ഭരണത്തിലെയും സൈന്യത്തിലെയും അധിപന്മാരെ കാക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിക്ക് എങ്ങനെയാണ് സാദാ ചോറ്റുപട്ടാളത്തെ സംരക്ഷിക്കാനാവുക എന്ന ചോദ്യം സൈന്യത്തിലും ശൈഥില്യം സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ 16 മാസത്തെ പ്രക്ഷോഭത്തിന്‍െറ തീക്ഷ്ണമായ നാളുകളിലാണിപ്പോള്‍ സിറിയ. നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരിലെ പലരും കൂറുമാറുകയും പട്ടാളക്കാര്‍ യൂണിഫോം അഴിച്ച് ജനകീയസമരത്തിന്‍െറ ഭാഗമാകുകയും ചെയ്തതോടെ സ്വതന്ത്ര സിറിയന്‍ സേന അതിര്‍ത്തികള്‍ പിടിച്ചടക്കി ഡമസ്കസ് വലയം ചെയ്യാനുള്ള അന്തിമപോരാട്ട പരിധിയില്‍ എത്തിക്കഴിഞ്ഞു. മാതാവ് അസ്മയെയും ബന്ധുമിത്രാദികളെയും കൂട്ടി രക്ഷപ്പെടുക മാത്രമേ ബശ്ശാറിനു മുമ്പില്‍ വഴിയുള്ളൂവെന്ന് അസദ്പുത്രന്‍െറ ജീവചരിത്രകാരനും ഇസ്രായേല്‍ അക്കാദമികപണ്ഡിതനുമായ ഇയാല്‍ സിസര്‍ അഭിപ്രായപ്പെടുന്നു. എല്ലാവരും പൊയ്ക്കഴിഞ്ഞതിനാല്‍ ഇനി അനിയന്‍ മാഹിര്‍ അസദ് എന്ന കുപ്രസിദ്ധ വിദൂഷകന്‍ മാത്രമാണ് പ്രസിഡന്‍റിന്‍െറ കൂടെയുള്ളത്. റിപ്പബ്ളിക്കന്‍ ഗാര്‍ഡ് കമാന്‍ഡര്‍ മനാഫ് തലസും ഇറാഖിലെ സിറിയന്‍ അംബാസഡര്‍ നവാഫ് ഫാരിസും അടക്കമുള്ളവര്‍ കൂറുമാറിയ സ്ഥിതിക്ക് അവസാന കച്ചിത്തുരുമ്പുകളിലെ പ്രതീക്ഷപോലും കൈവിടുന്ന മട്ടാണ്.


ഹമാക്ക് അടുത്ത് തറംസഹില്‍ 200 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്‍െറ കൂടി പശ്ചാത്തലത്തില്‍ സിറിയക്കെതിരെ ഉപരോധമേര്‍പ്പെടുത്താനായി യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു തോല്‍പിച്ചു. യു.എന്‍ രക്ഷാസമിതിയുടെ തീരുമാനമില്ലാത്ത ഏകപക്ഷീയമായ നീക്കങ്ങളെ പിന്തുണക്കില്ലെന്നു ശഠിക്കുകയും അതേസമയം, അത്തരം തീരുമാനങ്ങള്‍ക്കായി പ്രമേയം വോട്ടിനിടുമ്പോള്‍ വാശിയോടെ തോല്‍പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് റഷ്യയും ചൈനയും ഇന്നോളം സ്വീകരിച്ചു പോന്നിട്ടുള്ളത്. ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പേരുപറഞ്ഞ് ഭരിക്കുന്ന ബശ്ശാറിനെ പഴയ ശീതയുദ്ധകാല ഗൃഹാതുരത വിട്ടൊഴിയാത്ത കമ്യൂണിസ്റ്റുചേരിയാണ് ശക്തമായി പിന്തുണക്കുന്നത്. സോഷ്യലിസ്റ്റ് ലേബല്‍ പേറുമ്പോഴും തികഞ്ഞ നവലിബറല്‍ സാമ്പത്തിക, രാഷ്ട്രീയനയങ്ങളാണ് ബശ്ശാര്‍ പിന്തുടരുന്നത് എന്നതൊന്നും അവര്‍ക്കു പ്രശ്നമല്ല. അല്ലെങ്കിലും അറബ്ലോകത്ത് ഇടതുരാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്നവരെല്ലാം പ്രഖ്യാപിത ഇടതുനയങ്ങള്‍ക്കു കടകവിരുദ്ധമായി സ്വേച്ഛാധിപത്യ ഭരണക്രമങ്ങളെ പിന്തുണക്കുന്ന വിരോധാഭാസമാണ് സംഭവിക്കുന്നതെന്ന് പശ്ചിമേഷ്യാ ഗവേഷകനായ ഹിശാം സഫിയ്യുദ്ദീന്‍ വിശകലനം ചെയ്യുന്നുണ്ട്. സിറിയന്‍ വിഭവത്തിന്‍െറ അറുപതു ശതമാനത്തോളം അധീനപ്പെടുത്തി വെച്ചിരിക്കുന്ന അസദ് കുടുംബത്തിന്‍െറ നിക്ഷേപത്തിന്‍െറ വലിയൊരു പങ്ക് റഷ്യയിലും ഹോങ്കോങ്ങിലുമായി ഉണ്ട്. ഈ ‘മൂലധന’ത്തില്‍ കണ്ണുവെച്ചാണ് സിറിയന്‍ ഏകാധിപത്യത്തെ റഷ്യ കണ്ണും പൂട്ടി സഹായിക്കുന്നത്.

കമ്യൂണിസ്റ്റു ചേരിക്കൊപ്പം സിറിയക്കു വേണ്ടി ശക്തമായി രംഗത്തുള്ളത് ഇറാനും ലബനാനിലെ ഹിസ്ബുല്ലയുമാണ്. അറബ്വസന്തങ്ങളെ ആവേശപൂര്‍വം പിന്തണക്കുമ്പോള്‍ സിറിയയിലെ ഏകാധിപത്യത്തിനുവേണ്ടി വാദിക്കേണ്ട ദുര്യോഗമാണ് ഇരുവര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. ശിയാക്കളിലെ അലവിവിഭാഗം ഭരിക്കുന്ന സിറിയയുടെ കൂടി പിന്തുണയുടെ ബലത്തിലാണ് ഇറാന്‍ പശ്ചിമേഷ്യയില്‍ നിര്‍ണായക രാഷ്ട്രീയശക്തിയായി നില്‍ക്കുന്നത്. ഡമസ്കസിന്‍െറ പതനം തെഹ്റാന്‍െറ ഉള്ളുലക്കുക സ്വാഭാവികം. തുടര്‍ന്ന് സൗദിയുടെയും, മാറിയ പശ്ചാത്തലത്തില്‍ ഈജിപ്തിന്‍െറയും ഒന്നിച്ചുള്ള നായകത്വമാണ് പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവരുകയെന്ന ആധി ഇറാനെ പിന്തുടരുന്നു. ഇറാന്‍െറ ഈ ബലക്ഷയത്തിന് അമേരിക്ക കാത്തിരിക്കുന്നുമുണ്ട്. പുതിയ ഈജിപ്ത്-സൗദി കൂട്ടായ്മയെ എങ്ങനെ കൈകാര്യചെയ്യുമെന്ന് യു.എസ് തലപുകഞ്ഞാലോചിക്കുന്നുണ്ട്. ഈജിപ്ത് എന്ന നിര്‍ണായകശക്തിയെ ഭാവി നയതന്ത്രബന്ധങ്ങളില്‍ ഏതുവിധത്തില്‍ മുതല്‍ക്കൂട്ടാനാവും എന്ന കാര്യത്തിലും ഇറാനും ബദ്ധശ്രദ്ധ പുലര്‍ത്തുന്നു. അതിനിടെ, ബഹ്റൈനിലും യമനിലും സൗദിയുടെ ശിയാ ഭൂരിഭാഗപ്രദേശങ്ങളിലുമൊക്കെ ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ നിര്‍ലോഭം പിന്തുണ നല്‍കുന്നുമുണ്ട്. അഥവാ പശ്ചിമേഷ്യയിലെ രാഷ്ട്രീയബലാബലത്തില്‍ സ്വന്തം ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കങ്ങള്‍ അകത്തും പുറത്തും ഒരു പോലെ ശക്തമാണ്.
ഫലസ്തീനികള്‍ക്ക് അനുകൂലമായും ഇസ്രായേലിനെതിരായ രണ്ടാം ലബനാന്‍ യുദ്ധത്തിലുമൊക്കെ സിറിയ നല്‍കിയ പിന്തുണ അനുസ്മരിച്ചാണ് ഹിസ്ബുല്ല ഇപ്പോഴും സിറിയയെ പിന്തുണക്കുന്നത്. ബുധനാഴ്ചത്തെ ആക്രമണത്തിനുശേഷം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല, ‘ഇസ്രായേലി ശത്രുവിനെതിരായ പോരാട്ടത്തില്‍ പിന്തുണച്ച സിറിയന്‍ വീരസഖാക്കളുടെ രക്തസാക്ഷിത്വ’ത്തില്‍ അനുശോചിക്കുകയുണ്ടായി. ഫലസ്തീന്‍പ്രശ്നത്തിനു മറയിടാനുള്ള ഗൂഢാലോചനയായാണ് ഹിസ്ബുല്ല സിറിയക്കെതിരായ പടിഞ്ഞാറന്‍ നേതൃത്വത്തിലുള്ള നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഇത് സത്യത്തെ തല കീഴായിപ്പിടിക്കുന്ന വാദമാണെന്ന് പ്രശസ്ത അറബ് കോളമിസ്റ്റ് ഫഹ്മി ഹുവൈദി ശനിയാഴ്ച ‘അശ്ശുറൂഖ്’ പത്രത്തിലെ പതിവുപംക്തിയില്‍ വ്യക്തമാക്കി. ജൂലാന്‍കുന്നുകളില്‍ ഇസ്രായേല്‍ അധിനിവേശം ചെറുക്കാന്‍ നിയോഗിച്ച സൈന്യത്തെ പോലും രംഗത്തിറക്കി സിറിയയില്‍ ബശ്ശാര്‍സേന കൊന്നൊടുക്കിയ കുഞ്ഞുമക്കളെയും നിരപരാധരെയും കുറിച്ച് മിണ്ടാതെ, ഫലസ്തീന്‍പ്രശ്നം പുകമറയാക്കുന്നതു നിന്ദ്യമാണെന്നു ഫഹ്മി ഹുവൈദി എഴുതി. ഹിസ്ബുല്ല ഇതെല്ലാം പറയുമ്പോഴും ഫലസ്തീന്‍ ചെറുത്തുനില്‍പിന്‍െറ മുന്‍നിരയിലുള്ള ഹമാസ് തങ്ങള്‍ക്ക് അഭയംനല്‍കിയിരുന്ന സിറിയയെ പിന്തുണച്ച പഴയ നിലപാടില്‍നിന്നു മാറി ബശ്ശാറിനെതിരായ ജനകീയപ്രക്ഷോഭത്തെ പിന്തുണക്കുകയാണ്.


ഈദൃശ രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സിറിയയുടെ പതനം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. അറബ്വസന്തത്തിന്‍െറ തുറന്ന ജനാധിപത്യരീതികളില്‍നിന്ന് ഡമസ്കസ് തെരുവുകളെ വഴിതിരിച്ചുവിടാന്‍ സാധിക്കുമോ എന്നു പടിഞ്ഞാറ് പതിനെട്ടടവും പയറ്റി പരിശോധിക്കുന്നുണ്ട്. എന്നാല്‍, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അറബ്ജനതയുടെ ആവേശം ശമിപ്പിക്കാന്‍ പടിഞ്ഞാറന്‍ ശുശ്രൂഷകള്‍ക്കൊന്നും സാധിച്ചില്ലെന്ന് വിമോചനത്തിന്‍െറ തെരുവുപ്രക്ഷോഭങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. അറബ് ക്രൈസ്തവ ചിന്തകനായ റാമി ജോര്‍ജ് ഖൂരി ശനിയാഴ്ച ലബനാന്‍ പത്രമായ ‘ഡെയ്ലി സ്റ്റാറി’ല്‍ എഴുതിയ നിരീക്ഷണം അര്‍ഥവത്താണ്: ‘അറബ്-ഇസ്രായേലി സമാധാനം, ജനാധിപത്യ പുനഃസ്ഥാപന യത്നങ്ങള്‍, സാമ്പത്തികപ്രതിസന്ധികള്‍-ഇതൊന്നും അമേരിക്കക്കാര്‍ക്കോ റഷ്യക്കാര്‍ക്കോ പരിഹരിക്കാനാവുന്നതല്ലെന്നു പശ്ചിമേഷ്യ അനുഭവങ്ങളില്‍ നിന്നു പഠിച്ചിരിക്കുന്നു. പശ്ചിമേഷ്യന്‍ ജനത അവരുടെ പ്രശ്നങ്ങള്‍ കൈയാളിയപ്പോള്‍ സ്ഥിതിഗതികള്‍ക്കു മാറ്റംവന്നു. ആ ചരിത്രം തുടരുകതന്നെ ചെയ്യും. സിറിയന്‍ തെരുവുകളില്‍, ബാബുല്‍ ഹവായിലും മീദാനിലും ദെയ്റുസ്സൂറിലുമൊക്കെയുള്ള സാധാരണക്കാരുടെ വിചാരവികാരങ്ങളാണ് ലോകശക്തികളുടെ തീട്ടൂരങ്ങളേക്കാള്‍ പ്രധാനം’.

ആ വികാരവേലിയേറ്റത്തില്‍ ആടിയുലയുകയാണ് സിറിയ. കോളനിവാഴ്ചയുടെ മറ്റൊരു കെട്ട യുഗത്തിന്‍െറ അന്തിച്ചുവപ്പാണ് മെഡിറ്ററേനിയന്‍ തീരത്ത് ഹമായിലെയും ഹൗലയിലെയും തറംസഹിലെയും ചോരപ്പുഴകള്‍ക്കു മേല്‍ തെളിയുന്നത്. ബശ്ശാറിന്‍െറ പൂര്‍ണാസ്തമയത്തിനു ഇനി എണ്ണിത്തീര്‍ക്കാവുന്ന കാതങ്ങളേയുള്ളൂ.

vmibrahim@gmail.com


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com