ജീവനക്കാരെല്ലാം പൊയ്ക്കഴിഞ്ഞ് രാത്രി എട്ടൊമ്പതു മണിയോടെ ദല്‍ഹി നോര്‍ത് ബ്ളോക്കിലെ ധനമന്ത്രാലയത്തിലേക്ക് കയറിച്ചെല്ലുന്ന ഒരാളുണ്ടായിരുന്നു-പ്രണബ് മുഖര്‍ജി. വിശ്വസ്തരായ രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാവും. പാതിരാ കഴിയുവോളം മന്ത്രി ഓഫിസിലിരുന്ന് ജോലിചെയ്യും. ആസൂത്രണ കമീഷനിലും പ്രതിരോധ മന്ത്രാലയത്തിലുമൊക്കെ പ്രണബ് അങ്ങനെ തന്നെയായിരുന്നു. മിനിറ്റുനേരം പാഴാക്കാനില്ലെന്ന മനോഭാവം. കുടുംബമില്ല; വായനയൊഴികെ വിനോദമില്ല. അത്രക്ക് അമിതാധ്വാനിയാണ് പ്രണബ് മുഖര്‍ജി.
ഈ ജോലിഭ്രാന്തുമായി അദ്ദേഹം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് കയറുകയാണ്. അവിടെ മുഖര്‍ജി എങ്ങനെ അഞ്ചുകൊല്ലം കഴിച്ചുകൂട്ടുമെന്നാണ് സഹപ്രവര്‍ത്തകരില്‍ പലരുടെയും സംശയം. സജീവരാഷ്ട്രീയത്തിന്‍െറയും ഭരണത്തിരക്കിന്‍െറയും പങ്കപ്പാടൊന്നുമില്ല. ഉള്ളതുപറഞ്ഞാല്‍ വിശ്രമജീവിതം. രാഷ്ട്രപതിയും ഗവര്‍ണറുമൊക്കെ അലങ്കാരപ്പദവികളാണ്. സര്‍ക്കാര്‍ പറയുന്നു, രാഷ്ട്രപതി അതിനൊത്തു നീങ്ങുന്നു.
രാഷ്ട്രപതിഭവനില്‍ അഞ്ചുവര്‍ഷത്തെ താമസം പൂര്‍ത്തിയാക്കി പ്രതിഭാ പാട്ടീല്‍ പടിയിറങ്ങുന്ന ദിവസവുമാണിന്ന്. 350 മുറികളും 500ല്‍പരം ഏക്കര്‍ വിസ്തൃതിയും സ്വന്തമായ അംഗരക്ഷകരും പരിപാലകവൃന്ദവുമൊക്കെ രാഷ്ട്രപതിഭവന്‍െറ പകിട്ടാണ്. അവിടെനിന്ന് നാലു കിടക്കമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള തുഗ്ളക് ലൈനിലെ ബംഗ്ളാവിലേക്കാണ് ഭര്‍ത്താവ് ദേവിസിങ്ങിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പ്രതിഭ പാട്ടീലിന്‍െറ പടിയിറക്കം. ജനാധിപത്യത്തിന്‍െറ കരുത്ത് ഈ അധികാര കൈമാറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
പക്ഷേ, ഒരിക്കല്‍ വൈസ്രോയിയുടെ കൊട്ടാരമായിരുന്ന രാഷ്ട്രപതി ഭവനെ രാജവാഴ്ചയുടെയും ബ്രിട്ടീഷ് കോളനിവാഴ്ചയുടെയുമൊക്കെ ശേഷിപ്പുകള്‍, ഇത്രയും കാലത്തിനു ശേഷവും ചൂഴ്ന്നുനില്‍ക്കുന്നു. വൈസ്രോയ് ഭവനം ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ആശുപത്രിയാക്കണമെന്ന് ആഗ്രഹിച്ച ഒരാളുണ്ട് -ഗാന്ധിജി. സ്വാതന്ത്ര്യവും കടന്ന് കൊല്ലം 65 പിന്നിടുമ്പോഴും അശ്വാരൂഢസേന, ബാന്‍റുമേളക്കാര്‍, പരിചാരക വൃന്ദം എന്നിങ്ങനെയെല്ലാമായി, കൊട്ടാരസമാനമാണ് രാഷ്ട്രപതി ഭവന്‍. സര്‍വസൈന്യാധിപനും നിയമ സംരക്ഷകനുമെല്ലാമായ രാഷ്ട്രപതിക്ക് ചമയങ്ങള്‍ അനവധി. അതെല്ലാമായി ഒത്തുപോകാന്‍ ശീലിക്കുന്നത് ഒരു പങ്കപ്പാടാണ്. അതിന്‍െറ സുഖങ്ങളില്‍നിന്ന് എല്ലാം വെച്ചൊഴിയുന്നതും ഒരു പങ്കപ്പാടുതന്നെ. വലിയൊരു മാനസികമാറ്റം തന്നെയാണ് നടക്കുന്നത്.
l രാജവാഴ്ചയുടെ മട്ടും ഭാവവും
രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്ക് രാജവാഴ്ചയുടെ മട്ടുംഭാവവുമാണ്. അശ്വാരൂഢരായ ഭടന്മാര്‍, പ്രത്യേക തലപ്പാവേന്തിയ അംഗരക്ഷകര്‍, കുതിരകളെ പൂട്ടിയ രഥം, മൂന്നു സേനാവിഭാഗങ്ങളുടെയും പ്രാതിനിധ്യം, അധികാരക്കൈമാറ്റം വിളംബരംചെയ്ത് സത്യപ്രതിജ്ഞാ വേളയില്‍ 21 ആചാരവെടികള്‍ എന്നിങ്ങനെയെല്ലാം നിറഞ്ഞ പ്രൗഢഗാംഭീര്യം.
ബുധനാഴ്ച രാവിലെ നിയുക്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ഭാര്യ സുവ്ര മുഖര്‍ജിയെയും ഇതുവരെ താമസിച്ച താല്‍ക്കത്തോറ റോഡിലെ 13ാം നമ്പര്‍ വസതിയില്‍നിന്ന് രാഷ്ട്രപതി ഭവനില്‍ എത്തിക്കുന്നതോടെയാണ് ചടങ്ങുകളുടെ തുടക്കം. ഇരുവരെയും പൂമുഖത്ത് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സ്വീകരിക്കും. ഔചാരികമായ ആശംസ പങ്കുവെക്കല്‍. പിന്നെ രാഷ്ട്രപതിയുടെ ആഡംബര കാറില്‍ പാര്‍ലമെന്‍റിലേക്ക് നീങ്ങുകയായി.
അതിനുമുമ്പ് ചടങ്ങുകളുണ്ട്. കാറില്‍ ഇരുവരും എവിടെയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഓഫിസില്‍നിന്ന് ഇറങ്ങിയാല്‍ വടക്കേ മുറ്റംവഴി പൂമുഖത്തേക്ക്. കാറിന്‍െറ പിന്‍സീറ്റില്‍ ഇടതുവശത്ത് രാഷ്ട്രപതി; വലതുവശത്ത് നിയുക്ത രാഷ്ട്രപതി. പൂമുഖത്തുനിന്ന്, അഭിവാദ്യം സ്വീകരിക്കുന്ന വേദിയിലേക്ക്. സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസും മറ്റും പിന്നാലെ നീങ്ങും. വേദിയില്‍ രാഷ്ട്രപതി ഇടതുവശത്ത്; നിയുക്ത രാഷ്ട്രപതി വലതുവശത്ത്. പ്രതിഭ പാട്ടീല്‍ അഭിവാദ്യം സ്വീകരിക്കും.
രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ അന്നേരം ദേശീയഗാനം ആലപിക്കും. വീണ്ടും കാറിലേക്ക്. പ്രധാന മുറ്റത്ത്, പണ്ട് ജയ്പുര്‍ രാജാവ് സമ്മാനിച്ച കരിങ്കല്‍തൂണിന്‍െറ ചുവട്ടില്‍ എത്തുമ്പോള്‍ ഇരുവരും വീണ്ടും കാറില്‍നിന്ന് ഇറങ്ങുന്നു. രാഷ്ട്രപതിയുടെ അംഗരക്ഷകരില്‍ പെടുന്ന 28-മദ്രാസ് ഗാര്‍ഡിന്‍െറ അഭിവാദ്യം സ്വീകരിക്കുന്നു. പിന്നെ ഇരുവരുമായി അഞ്ചാം നമ്പര്‍ ഗേറ്റ് വഴി വാഹനം പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക്.
l സത്യപ്രതിജ്ഞയിലേക്ക്
അഞ്ചാം നമ്പര്‍ ഗേറ്റ് മുതല്‍ പാര്‍ലമെന്‍റ് മന്ദിരം വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശവുമായി ആയിരം സൈനികര്‍ നില്‍പുണ്ടാവും. കര-നാവിക-വ്യോമസേനയില്‍ പെട്ടവര്‍. രാഷ്ട്രപതിയെയും നിയുക്ത രാഷ്ട്രപതിയെയും അവര്‍ അഭിവാദ്യംചെയ്യുന്നു. അതിനെ ‘ഹസാര്‍ സലാം’ (ആയിരം സല്യൂട്ട്) എന്നാണ് വിളിക്കുക.
പാര്‍ലമെന്‍റ് മന്ദിരത്തിലെത്തുമ്പോള്‍ രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ വീണ്ടും അഭിവാദ്യമര്‍പ്പിക്കും. അപ്പോഴും പ്രതിഭ പാട്ടീലിന്‍െറ വലതുഭാഗത്ത് നിയുക്ത രാഷ്ട്രപതി നില്‍ക്കണമെന്നാണ് കീഴ്വഴക്കം. സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ തുടങ്ങിയവര്‍ ഉണ്ടാവും. അവരുടെ പ്രോട്ടോകോള്‍ അകമ്പടിയോടെ രാഷ്ട്രപതിയും പിന്നാലെ നിയുക്ത രാഷ്ട്രപതിയും ഹാളിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, എം.പിമാര്‍ എന്നിവരെല്ലാം ആദരപൂര്‍വം ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കുകയായി.
രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും വേദിയിലേക്ക് കയറുന്നതോടെ ദേശീയഗാനം. അതുകഴിഞ്ഞാല്‍ നടുവിലത്തെ കസേരയില്‍ രാഷ്ട്രപതി ഇരിക്കുന്നു. നിയുക്ത രാഷ്ട്രപതിയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയും വലതു വശത്ത്. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ലോക്സഭാ സ്പീക്കര്‍ മീരാകുമാറും ഇടതുവശത്ത്.
l 21 ആചാരവെടികള്‍
പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുത്തതു സംബന്ധിച്ച തെരഞ്ഞെടുപ്പു കമീഷന്‍ വിജ്ഞാപനം ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് രാഷ്ട്രപതിയുടെ അനുമതിയോടെ വായിക്കുന്നു. വീണ്ടും ദേശീയ ഗാനം. തുടര്‍ന്ന് സത്യപ്രതിജ്ഞ. അതുകഴിഞ്ഞ് തിരിച്ചെത്തുന്ന പ്രണബ് മുഖര്‍ജിക്കായി സ്വന്തം കസേര പ്രതിഭ പാട്ടീല്‍ ഒഴിഞ്ഞുകൊടുക്കുന്നു. പ്രണബ് മുഖര്‍ജി അതുവരെ ഇരുന്ന കസേരയില്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി. അന്നേരം, അധികാര കൈമാറ്റം വിളംബരം ചെയ്ത്, പുറത്ത് 21 ആചാര വെടി മുഴങ്ങും. രാഷ്ട്രപതിയുടെ സെക്രട്ടറി കൊണ്ടുവരുന്ന സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ പുതിയ രാഷ്ട്രപതി ഒപ്പുവെക്കുന്നു. പദവി ഏറ്റെടുത്ത് രാഷ്ട്രപതി നടത്തുന്ന പ്രസംഗമാണ് പിന്നീട്.
അതോടെ ചടങ്ങ് അവസാനിക്കുന്നു. അതിന് ആഭ്യന്തര സെക്രട്ടറി പുതിയ രാഷ്ട്രപതിയുടെ അനുവാദംതേടുന്നു. അനുമതി നല്‍കുന്നതോടെ ദേശീയ ഗാനം. തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ അഞ്ചാം ഗേറ്റിലൂടെ തവിട്ടുനിറമുള്ള കുതിരകളെ പൂട്ടിയ രഥത്തില്‍ പുതിയ രാഷ്ട്രപതി പ്രഥമ പൗരന്‍െറ ഭവനത്തിലേക്ക്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി, അധികാരമേറ്റ രാഷ്ട്രപതിയെ രാഷ്ട്രപതി ഭവന്‍െറ പൂമുഖവാതില്‍ക്കല്‍ സ്വീകരിച്ച് അകത്തേക്ക് ആനയിക്കുന്നു. വടക്കേ മുറ്റത്തുനിന്ന് പൂമുഖത്തേക്ക് രഥത്തിലെത്തുന്ന രാഷ്ട്രപതിക്ക് പിന്നീട് മൂന്നു സേനാ വിഭാഗങ്ങളും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു. ഇതിനായി രഥത്തില്‍നിന്ന് പ്രണബ് മുഖര്‍ജി തുറന്ന ജീപ്പിലേക്ക്. വീണ്ടും പൂമുഖത്തേക്ക്.
45 മിനിട്ട് കഴിഞ്ഞ് ദര്‍ബാര്‍ ഹാളിന് മുന്നിലേക്ക്. അവിടെ പ്രതിഭ പാട്ടീല്‍ അവസാനത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു. അതോടെ പടിയിറക്കത്തിന്‍െറ ചടങ്ങ് തുടങ്ങുകയായി. എല്ലാവരോടും യാത്രപറഞ്ഞ് പ്രതിഭ പാട്ടീല്‍ ഇറങ്ങുന്നു. അധികാരത്തിന്‍െറ എല്ലാ പ്രതാപങ്ങളും വിട്ടൊഴിഞ്ഞ പടിയിറക്കമാണത്. തുഗ്ളക് ലെയ്നിലെ രണ്ടാം നമ്പര്‍ ബംഗ്ളാവാണ് പുതിയ വസതി. അങ്ങോട്ടുള്ള യാത്രയില്‍ പ്രതിഭാ പാട്ടീലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അകമ്പടി പോവും.
l രാഹുലിന് പുതിയ അയല്‍ക്കാരി
രാഹുല്‍ ഗാന്ധിയുടെ പുതിയ അയല്‍ക്കാരിയാണ് ഇനി പ്രതിഭ പാട്ടീല്‍. ഈ റോഡിലെ 12ാം നമ്പര്‍ ബംഗ്ളാവിലാണ് രാഹുല്‍ ഗാന്ധി. പ്രതിഭ പാട്ടീലിനെ പുതിയ വസതിയിലാക്കി തിരിച്ചെത്തുന്നതോടെ പ്രണബ് മുഖര്‍ജി ശരിക്കും രാഷ്ട്രപതിഭവന്‍െറ അധിപനായി. അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളും രാഷ്ട്രപതി ഭവനിലെ അംഗങ്ങളായി മാറുന്നു.
രാഷ്ട്രപതിക്ക് ഒന്നരലക്ഷം രൂപയാണ് മാസശമ്പളം. എല്ലാവിധ സൗകര്യങ്ങളും പുറമെ. 200ഓളം പരിചാരകരാണ് രാഷ്ട്രപതി ഭവനിലുള്ളത്. അവിടെ താമസിക്കുമ്പോള്‍തന്നെ ഷിംലയിലും ഹൈദരാബാദിലും സുഖവാസവുമുണ്ട്. വെടിയുണ്ടയേല്‍ക്കാത്ത മെഴ്സിഡസ് ബെന്‍സാണ് വാഹനം. അംബാസഡറിലായിരുന്നു ഇതു വരെ മുഖര്‍ജിയുടെ യാത്ര.
റിട്ടയര്‍ ചെയ്യുന്ന പ്രതിഭ പാട്ടീലിന് പ്രതിമാസം 75,000 രൂപ പെന്‍ഷനുണ്ടാവും. താമസിക്കുന്ന ബംഗ്ളാവിന് വാടകയില്ല. രണ്ടു സൗജന്യ ടെലിഫോണ്‍, ഒരു മൊബൈല്‍ ഫോണ്‍, അഞ്ചു പേഴ്സനല്‍ സ്റ്റാഫ്. പ്രൈവറ്റ് സെക്രട്ടറി, ഔദ്യാഗിക കാര്‍, ജീവനക്കാരുടെ ചെലവിലേക്ക് പ്രതിവര്‍ഷം 60,000 രൂപ. എവിടെയും സൗജന്യ യാത്ര. ഏതു യാത്രക്കും രണ്ടു വിമാന ടിക്കറ്റ്.
n


നിങ്ങളുടെ അഭിപ്രായങ്ങള്‍